സംസ്ഥാനത്ത് വരുന്ന ലോജിസ്റ്റിക് പാർക്കുകൾക്കും സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് ഇളവുകൾ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ലോജിസ്റ്റിക് നയം വിജ്ഞാപനം ചെയ്യുന്നത് മുതൽ മൂന്നുവർഷത്തേക്കാണ് ഇളവ്. 2023-ലെ വ്യവസായ നയപ്രകാരം സ്വകാര്യ വ്യവസായ പാർക്കുകളിലെ സംരംഭകർക്ക് നേരത്തേ സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ 100ശതമാനം ഇളവ് അനുവദിച്ചിരുന്നു. സമാനമായാണ് സ്വകാര്യ ഉടമസ്ഥതയിൽ അടക്കമുള്ള ലോജിസ്റ്റിക് പാർക്കുകൾക്കും ഇളവ് നൽകുന്നത്.
ചരക്ക് കൈകാര്യംചെയ്യൽ മേഖലയിൽ നിക്ഷേപവും തൊഴിലവസരവും ലക്ഷ്യമിട്ടാണ് ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കാനുള്ള നയത്തിന് സർക്കാർ അംഗീകാരം നൽകിയിരുന്നത്. 10 ഏക്കർ വരെയുള്ള വലിയ പാർക്കുകളും അഞ്ച് ഏക്കർ വരെയുള്ള മിനി പാർക്കുകളുമാണ് ലക്ഷ്യമിട്ടിട്ടുള്ളത്. മൂലധന സബ്‌സിഡിയും പ്രഖ്യാപിച്ചിരുന്നു. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ സാന്നിധ്യവും റോഡ്, റെയിൽ സൗകര്യങ്ങളും പ്രയോജനപ്പെടുത്തി പാർക്കുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
കേരളത്തിലെ നിക്ഷേപ വളർച്ചയും സംരംഭക സൗഹൃദാന്തരീക്ഷ സൃഷ്ടിയും ലക്ഷ്യമാക്കി സർക്കാർ പ്രഖ്യാപിച്ച 2023 ലെ വ്യവസായ നയത്തിൽ 22 മുൻഗണനാ മേഖലകൾക്കാണ് ഊന്നൽ നൽകുന്നത്. ലോജിസ്റ്റിക്സ് & പാക്കേജിംഗ് മേഖലയും ഇതിൽ ഉൾപ്പെടുന്നു. വ്യവസായ പാർക്കുകളുടെ ലാൻ്റ് പോളിസിയിലും കെ.എസ്.ഐ.ഡി.സിയും കിൻഫ്രയും സംരംഭകർക്ക് നൽകുന്ന അടിസ്ഥാന സൗകര്യങ്ങളിലും ലോജിസ്റ്റിക് മേഖലക്ക് പ്രത്യേക പരിഗണനയാണ് നൽകുന്നത്. ഈ സാഹചര്യത്തിലാണ് സ്റ്റാമ്പ് ഡ്യൂട്ടി /രജിസ്ട്രേഷൻ ഫീസ് ഇളവുകൾ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പുറമേ ലോജിസ്റ്റിക് പാർക്കുകളിലെ സംരംഭകർക്കും അനുവദിക്കുന്നത്. പാർക്കുകളിൽ വസ്തു, കെട്ടിടം എന്നിവ വാങ്ങുന്നതിനും ലീസ് എഗ്രിമെൻ്റുകൾ രജിസ്റ്റർ ചെയ്യുന്നതിനുമുള്ള സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ് എന്നിവയാണ് ഒഴിവാക്കുക.