ബ്യൂട്ടി പാര്‍ലറുകളിലെയും ബാര്‍ബര്‍ ഷോപ്പുകളിലെയും മുടിമാലിന്യം ഇനി മുതല്‍ ജൈവവളം. മുടി മാലിന്യം ദ്രാവക രൂപത്തിലും പൗഡര്‍ രൂപത്തിലുമായിരിക്കും വിപണിയില്‍ ലഭ്യമാകുക. വളരെ കുറഞ്ഞ ചിലവില്‍ യാതൊരു മലിനീകരണവുമില്ലാതെ ജൈവവളമാക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചത് തിരൂരങ്ങാടി പിഎസ്എംഒ കോളേജ് ഫിസിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും മെറ്റീരിയല്‍ സയന്റിസ്റ്റുമായ ഡോ. അബ്ദുല്‍ കരീം തോട്ടോളിയും ചേര്‍ന്നാണ്.
നഗരസഭയിലെ ഹരിയാലി ഹരിത കര്‍മ്മസേന മൈക്രോബ് എന്ന ഗവേഷണ വികസനകേന്ദ്രവുമായി കരാറില്‍ ഒപ്പുവെക്കും. മുടിമാലിന്യം പത്ത് മിനുട്ടില്‍ അമിനോ ആസിഡാക്കി മാറ്റുകയും ഒപ്പം സസ്യവളര്‍ച്ചയ്ക്ക് ഉത്തേജകം നല്കുന്ന ജൈവവളമാക്കി മാറ്റുകയും ചെയ്യും.
ബ്യൂട്ടിപാര്ലറിലേയും ബാര്‍ബര്‍ ഷോപ്പിലെയും മുടിമാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്ന പ്രവണതയുണ്ട്. മിക്ക സ്ഥാപനങ്ങളിലും മുടിമാലിന്യം സംസ്ക്കരിക്കാന്‍ സംവിധാനമില്ലാത്തതാണ് കാരണം.
നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക ജൈവമാലിന്യ ശേഖരണ കമ്പനികളും വ്യക്തികളും പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് ഷോപ്പുകളില്‍ നിന്ന് പണമീടാക്കി മാലിന്യം ശേഖരിക്കുന്നത്. അവര്‍ ശേഖരിക്കുന്ന തലമുടി മാലിന്യം, കോഴി മാലിന്യം, അറവു ശാല മാലിന്യം തുടങ്ങിയവ ഭൂ ഉടമകള്‍ക്ക് പണം നല്കി മണ്ണിട്ട് മറവ് ചെയ്യും. ഇത് സമീപത്തെ ജലസമ്പത്ത് മണ്ണ് മലിനീകരണം അടക്കം നിരവധി
പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കാറുമുണ്ട്. എന്നാല്‍ ഇനി മൈക്രോബ് കമ്പനി നേരിട്ട് ബാര്‍ബര്‍ ബ്യുട്ടി ഷോപ്പുകളില്‍ നിന്നും മുടി മാലിന്യം ശേഖരിച്ചു യാതൊരു പരിസര മലിനീകരണവുമില്ലാതെ ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഫാക്ടറിയില്‍ സംസ്കരിച്ചു വളമാക്കി കൃഷിക്കാര്‍ക്ക് നേരിട്ടെത്തിക്കും.
സര്‍ക്കാര്‍ അംഗീകൃത ലാബുകളിലെ പരിശോധനയില്‍ മുടിയില്‍ നിന്നുള്ള ഈ ജൈവ വളങ്ങളില്‍ പതിനെട്ടോളം അമിനോ ആസിഡുകള്‍ അടങ്ങിയതായിട്ടുണ്ടന്ന് കണ്ടെത്തിയിട്ടുണ്ട്. മുടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഈ ദ്രാവക രൂപത്തിലെ സസ്യ വളര്‍ച്ച ഉത്തേജകം ഒരു ഹെക്ടറിന് രണ്ടു ലിറ്റര്‍ മാത്രമേ ആവശ്യമായിട്ടുള്ളു. ചെടികളിലെ രോഗ പ്രതിരോധത്തിനും മണ്ണിലെ ചെടികള്‍ക്ക് ആവശ്യമായ മൂലകങ്ങള്‍ എളുപ്പത്തില്‍ വലിച്ചെടുക്കാനും ഈ അമിനോ ആസിഡുകള്‍ സഹായിക്കുന്നു. ഇതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് തന്നെ ചിക്കന്‍ ഷോപ്പ് മാലിന്യങ്ങളും യാതൊരു ദുര്‍ഗന്ധവുമില്ലാതെ സംസ്കരിച്ചു ഉത്പന്നമാക്കാന്‍ സാധിക്കുമെന്ന് കമ്പനി അറിയിച്ചു.
സാങ്കേതികവിദ്യപ്രകാരം തയ്യാറാക്കിയ ഒരു റിയാക്ഷന് ചേംബറില്‍നിന്ന് പത്തുമിനുട്ടിനുള്ളില്‍ യാതൊരു ദുര്‍ഗന്ധവുമില്ലാതെ സസ്യവളര്‍ച്ചയ്ക്ക് ഉത്തേജകമാക്കിമാറ്റാന് കഴിയുമെന്ന് പി.എസ്.എം.ഒ. കോളേജ് പ്രോജക്ട് സയന്റിസ്റ്റ് ഡോ. അബ്ദുള്‍ കരീം പറഞ്ഞു. കോളേജില്‍നിന്നെത്തിയ സംഘം നഗരസഭ പ്രതിനിധികള്‍ക്കുമുന്നില്‍ പദ്ധതി വിശദീകരിച്ചു. ഇതിനുശേഷമാണ് കരാര്‍ ഒപ്പുവെക്കാന്‍ തീരുമാനമായത്.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് പി. അശോകന് അധ്യക്ഷതവഹിച്ചു. ഡോ. അബ്ദുള്‍ കരീം, മൈക്രോബ് മാനേജിങ് പാര്‍ട്ണര്‍ നാസര്‍ കൊണ്ടോട്ടി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മുഹമ്മദലി അഷറഫ്, ഹരിയാലി ഡയറക്ടര്‍ മണലില്‍ മോഹനന്, എച്ച്.ഐ. കെ. ബാബു, കെ. രാജേഷ്, പി.ജി. അജിത്ത് എന്നിവര്‍ സംസാരിച്ചു.