ടെലികോം കുത്തകയ്ക്ക് പിന്നാലെ ഇ -കോമേഴ്സ് രംഗത്തേക്കും ചുവടുവെയ്ക്കാൻ തയ്യാറെടുത്ത് മുകേഷ് അംബാനി

0
60

രാജ്യത്തെ ടെലികോം കുത്തകയ്ക്ക് പിന്നാലെ മുകേഷ് അംബാനി ഓരോ മേഖലയിലും തങ്ങളുടേതായ ചുവടുറപ്പിക്കുകയാണ്. പുതുതായി ഇ-കോമേഴ്സ് വ്യവസായത്തിലേക്ക് ചുവട് വെയ്ക്കാൻ പദ്ധതിയിട്ടിരിക്കുകയാണ് റിലയൻസ്. അതും ചൈനീസ് ഇ- കൊമേഴ്‌സ് ഭീമനായ ആലിബാബയുടെയും ആല്‍ഫബെറ്റിന്റെയും മാതൃകയില്‍. മൊത്തം 24 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 15 ബില്യണ്‍ സ്വപ്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തുകഴിഞ്ഞു. റിലയന്‍സിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയിലേക്കാകും ഈ വന്‍ നിക്ഷേപമെത്തുക.

പുതിയ ഹോള്‍ഡിംഗ് സംരംഭം രൂപീകരിക്കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മാതൃ കമ്പനിയായി പരിഗണിച്ചാണ്. ഇതിന് കീഴില്‍ ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട് എന്നിവ പോലെ ഇ- കൊമേഴ്‌സ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നിലവില്‍ വരും. ഭാവിയില്‍ ഇ- കൊമേഴ്‌സ് കമ്പനിയും, ജിയോയും ഓരേ പ്ലാറ്റ്‌ഫോമിന് കീഴിലാകും വിധമാണ് റിലയന്‍സിന്റെ പദ്ധതി.

2020 മാര്‍ച്ചോടെ ജിയോ പൂര്‍ണമായി കടബാധ്യതകള്‍ ഇല്ലാത്ത കമ്പനിയായി മാറും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനിരിക്കുന്ന ജിയോ ഇന്‍ഫോകോമിന്റെ മൂല്യവും ലാഭവും വര്‍ധിപ്പിക്കാനും ഈ പദ്ധതിയിലൂടെ അംബാനിക്ക് കഴിയും.