സോഡയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍. ശീതളപാനിയമായ സോഡയുടെ വില്‍പ്പനയും വിതരണവും ഉത്പാദിപ്പിക്കുന്നവരും ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍.
സോഡ ഉത്പാദക യൂണിറ്റുകള്‍ നിയമാനുസരണമുള്ള ലൈസന്‍സോ റജിസ്ട്രേഷനോ എടുത്ത് പ്രദര്‍ശിപ്പിക്കണം. കുടിവെള്ളം ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് കൈവശം വയ്ക്കേണ്ടതുമാണ്. ഒരു പകര്‍പ്പ് സ്ഥാപനത്തില്‍ സൂക്ഷിക്കണം. സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് നിയമാനുസരണമുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് സൂക്ഷിക്കണം.
ഉല്‍പാദനം നടത്തുന്ന സോഡ, നിയമാനുസരണമുള്ള ലേബല്‍ ഇല്ലാതെ വില്‍പന നടത്താന്‍ പാടില്ല. ലേബലില്‍ സോഡയുടെ പേര് (ഇംഗ്ലിഷിലും മലയാളത്തിലും) ബാച്ച് നമ്പര്‍ (ഒരു ദിവസം നിര്‍മിക്കുന്ന സോഡയ്ക്ക് ഒരേ ബാച്ച് നമ്പര്‍) എന്നിവ നല്‍കണം. ചേരുവകളുടെ വിവരം, പോഷക ഘടകങ്ങളുടെ വിവരങ്ങള്‍, വെജിറ്റേറിയന്‍ അടയാളം, കളര്‍ പ്രിസര്‍വേറ്റിവ് എന്നിവയുടെ വിവരങ്ങള്‍, ഉല്‍പാദന തീയതി, എക്സ്പയറി തീയതി, തൂക്കം, വില, ഉല്‍പാദകന്റെ വിലാസം, എഫ്എസ്എസ്എ ഐ റജിസ്ട്രേഷന്‍/ലൈസന്‍സ് നമ്പര്‍ എന്നിവ ലേബലില്‍ രേഖപ്പെടുത്തണം.
സോഡാ ഉല്‍പാദകര്‍ വില്‍പന നടത്തുമ്പോള്‍ ബില്‍ നല്‍കണം. സോഡാ വില്‍പന നടത്തുന്ന കച്ചവടക്കാര്‍ ബില്‍ നല്‍കാത്തതോ ലേബലില്ലാത്തതോ ആയ സോഡ ഉല്‍പാദകരില്‍ നിന്നു വാങ്ങാന്‍ പാടില്ല. മറ്റു കമ്പനികളുടെ കുപ്പികളുപയോഗിക്കുന്നവര്‍ അവയിലെ ലേബല്‍ മറയത്തക്കവിധം സ്വന്തം സ്ഥാപനത്തിന്റെ ലേബല്‍ ഒട്ടിക്കണം. മറ്റ് കമ്പനികളുടെ കുപ്പികളില്‍ സോഡ നിറച്ച് വില്‍പന നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. നിയമാനുസരണം പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങള്‍ക്കും കടയുടമകള്‍ക്കുമെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.