സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ വിപുലീകരണ പദ്ധതികളുമായി കാന്‍കോര്‍

0
38

ഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ വന്‍ ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. 1969-ല്‍ സ്ഥാപിതമായ കമ്പനി മൂന്ന് വര്‍ഷത്തേക്കുള്ള വിപുലീകരണ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഫ്‌ളേവറുകളും ഫ്രാഗ്രന്‍സുകളും ഉല്‍പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഫ്രാന്‍സ് ആസ്ഥാനമായ മാന്‍ ഗ്രൂപ്പിന്റെ ഭാഗമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് ഉല്‍പാദന യൂണിറ്റുകളും പുത്തന്‍ സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിനായി കഴിഞ്ഞ നാല് വര്‍ഷത്തില്‍ 125 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. അടുത്ത 36 മാസത്തില്‍ ഇനിയും 150 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് കമ്പനി സിഇഒയും ഡയറക്ടറുമായ ജീമോന്‍ കോരാ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാന്‍കോര്‍ ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ് ഡയറക്ടര്‍ സജി ജോസഫ് വെള്ളാനിക്കാരന്‍, എച്ച്ആര്‍ ഡയറക്ടര്‍ ശന്തനു ബന്ദുരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

പദ്ധതി പ്രകാരം കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കാന്‍കോറിന്റെ ഫാക്ടറികളാണ് വിപുലീകരിക്കുന്നത്. കര്‍ണാടകത്തിലെ ബ്യാഡ്ഗിയില്‍ നിലവിലുള്ള ഫാക്ടറിക്ക് സമീപം പുതിയ ഫാക്ടറി സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇതിനായി 50 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അടുത്ത 25-30 വര്‍ഷങ്ങളില്‍ കാന്‍കോറിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സംസ്‌കരണ കേന്ദ്രമായിരിക്കും ബ്യാഡ്ഗിയിലേതെന്നും ജീമോന്‍ കോര പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലുള്ള രണ്ട് ഫാക്ടറികളുടെ വിപുലീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. അങ്കമാലിയിലുള്ള ഫാക്ടറിയില്‍ ഗവേഷണത്തിനും നൂതന ഉത്പന്നങ്ങള്‍ക്കും ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും ജീമോന്‍ അറിയിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കാന്‍കോര്‍ എല്ലാ പത്ത് വര്‍ഷത്തിലുമൊരിക്കല്‍ അടുത്ത 20 വര്‍ഷത്തേക്കുള്ള ദീര്‍ഘവീക്ഷണത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. 2004-2005 വര്‍ഷത്തിലാണ് ഇതിന് മുമ്പ് വന്‍ വിപുലീകരണം കമ്പനി നടത്തിയത്. എന്നാല്‍ സുവര്‍ണ ജൂബിലി വര്‍ഷമായ ഈ അവസരത്തില്‍ അടുത്ത 25 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കമ്പനിയുടെ ജീവനക്കാര്‍ക്കും ഓഹരിയുടമകള്‍ക്കും ബിസിനസ് പങ്കാളികള്‍ അടക്കമുള്ളവര്‍ക്കുള്ള സുവര്‍ണ ജൂബിലി സമ്മാനമാണിതെന്നും ജീമോന്‍ വ്യക്തമാക്കി. കാന്‍കോറിന്റെ എല്ലാ ഫാക്ടറികളും പരിപൂര്‍ണമായി പ്രവര്‍ത്തനക്ഷമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പുതിയ സാങ്കേതികവിദ്യ, ബിസിനസ് കാഴ്ചപ്പാട്, ഉപഭോക്തൃ ആവശ്യം, കാര്‍ഷികവിള ഉല്‍പാദനം എന്നീ മേഖലകളില്‍ കാലാകാലങ്ങളില്‍ ഓരോ തരത്തിലുള്ള പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇങ്ങനെയുള്ള എല്ലാ ഘട്ടങ്ങളിലും കാന്‍കോര്‍ മറ്റുള്ളവര്‍ക്ക് വഴികാട്ടിയാവുകയും ഭിന്നമായി ചിന്തിക്കുന്നുവെന്ന് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. 1969-70 വര്‍ഷത്തില്‍ ഇന്ത്യയില്‍ തന്നെ ആദ്യത്തെ സ്‌പൈസ് എക്‌സ്ട്രാക്ഷന്‍ യൂണിറ്റ് സ്ഥാപിച്ച കമ്പനിയാണ് കാന്‍കോര്‍. സുഗന്ധവ്യഞ്ജന വിപണിയില്‍ പുത്തന്‍ മാറ്റങ്ങള്‍ക്ക് അത് വഴിതെളിയിക്കുകയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിലും 1994-ല്‍ ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യ കമ്പനികളില്‍ ഒന്നായിരുന്നു കാന്‍കോര്‍. എല്ലാ ഘട്ടങ്ങളിലും സാങ്കേതികവിദ്യ, ഉല്‍പന്നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കമ്പനിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇത് ഭാവിയിലും തുടരും,’ ജീമോന്‍ പറഞ്ഞു.

എല്ലാ കാര്യത്തിലും മികവ് പുലര്‍ത്തുന്നതിലാണ് കമ്പനിയുടെ വിജയരഹസ്യം. അസംസ്‌കൃത വസ്തുക്കളുടെ ശേഖരണം മുതല്‍ എല്ലാ പ്രക്രിയകളിലും കമ്പനി കണിശമായ മാതൃകകള്‍ നിലനിര്‍ത്തുന്നു. അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാക്കുന്ന കര്‍ഷകര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം ലഭ്യമാക്കുന്നതിന് പുറമേ അവര്‍ക്ക് തക്കതായ വരുമാനം ലഭിക്കുന്നുവെന്ന് കമ്പനി ഉറപ്പുവരുത്തുകയും ചെയ്യുന്നു. വിവിധ വ്യവസായ മേഖലകളുടെ ആവശ്യാനുസരണം പുത്തന്‍ ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനിയുടെ ഗവേഷണ വിഭാഗം സദാ പ്രവര്‍ത്തനക്ഷമമാണെന്നും ജീമോന്‍ വ്യക്തമാക്കി. പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കുന്നതില്‍ കമ്പനി മുന്നിട്ട് നിന്നിട്ടുണ്ട്. ഉദാഹരണത്തിന്, 1978-ല്‍ മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ വേര്‍തിരിച്ചെടുത്തപ്പോഴും നാച്ചുറല്‍ കളര്‍, ആന്റിഓക്‌സിഡന്റ് എന്നീ മേഖലകളില്‍ വിവിധയിനം ഉല്‍പന്നങ്ങള്‍ വികസിപ്പിച്ചപ്പോഴും കാന്‍കോര്‍ ഈ വ്യവസായ മേഖലയ്ക്ക് മാതൃകയായിട്ടുണ്ട്. കാന്‍കോര്‍ കരസ്ഥമാക്കിയിട്ടുള്ള നിരവധി പുരസ്‌കാരങ്ങള്‍ ഇതിന് തെളിവാണെന്നും ജീമോന്‍ പറഞ്ഞു.

കാന്‍കോറില്‍ നിലവില്‍ 600-ലേറെ ജീവനക്കാര്‍ ജോലി ചെയ്യുന്നു. കമ്പനിയില്‍ നിന്ന് മറ്റ് സ്ഥാപനങ്ങളിലേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണം ഈ വ്യവസായ മേഖലയില്‍ നിലവിലുള്ളതിനെക്കാള്‍ വളരെ കുറവാണ്. ജീവനക്കാരുടെ ക്ഷേമത്തിനായി നിരവധി പരിപാടികളാണ് കമ്പനി ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. ജീവനക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അവരുടെ സംഘടനകളുമായി മാനേജ്‌മെന്റ് നിരന്തരം ആശയവിനിമയം നടത്താറുണ്ടെന്നും ജീമോന്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബറേയ്‌ലിയിലെ പുതിന തോട്ടങ്ങളില്‍ വിള മെച്ചപ്പെടുത്തുന്നതിനും അതിലൂടെ കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനും നിരവധി സുസ്ഥിര കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കമ്പനി ഏര്‍പ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ മുളക്, ഇഞ്ചി, മഞ്ഞള്‍, ഇഞ്ചിപ്പുല്ല്, റോസ്‌മേരി, ട്യൂബ്‌റോസ് തുടങ്ങിയവയുടെ വിള മെച്ചപ്പെടുത്തുന്നതിന് ഐടി അധിഷ്ഠിത സേവനങ്ങള്‍ക്കും കമ്പനി നേതൃത്വം നല്‍കുന്നു. സുസ്ഥിരതയില്‍ കേന്ദ്രീകരിച്ചുള്ള മികച്ച കാര്‍ഷിക രീതികള്‍ അവലംബിക്കാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുയെന്നതാണ് കമ്പനിയുടെ അഗ്രികള്‍ച്ചര്‍ ബിസിനസ് വിഭാഗത്തിന്റെ പ്രധാന ലക്ഷ്യം. ഇതിലൂടെ അവരുടെ സാമൂഹ്യ, പാരിസ്ഥിതിക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും കമ്പനി നടപ്പാക്കിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ചെറുകിട സൗരോര്‍ജ പദ്ധതികള്‍, ശുദ്ധജല പ്ലാന്റുകള്‍, കര്‍ഷകരുടെ കുടുംബങ്ങളെ സഹായിക്കാനുള്ള വിവിധ പരിപാടികള്‍, ആരോഗ്യം, ശുചിത്വം, ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന നൈപുണ്യ വികസന പരിപാടികള്‍ തുടങ്ങി നിരവധി പരിപാടികള്‍ കമ്പനി നടപ്പാക്കി വരുന്നു.