കെഎസ്ആർടിസിയിൽ ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ അവകാശങ്ങൾക്ക് മുൻഗണന നൽകി കൊണ്ട് പുതിയ നയം പരിഷ്കരിച്ചു. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ നയമാണ് പരിഷ്കരിച്ചിക്കുന്നത്. യാത്രക്കാരെ ആകർഷിക്കുന്നതിന് വേണ്ടി റീഫണ്ട് പോളിസികളിൽ ഉൾപ്പെടെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. യാത്രക്കാരുടെ നീണ്ടകാലത്തെ ആവശ്യങ്ങൾ കൂടി പരിഗണിച്ചാണ് പുതിയ പരിഷ്ക്കാരം കൊണ്ട് വന്നത്.
പുതിയ പരിഷ്കാരം കൊണ്ട് വരുന്നതിന് മുമ്പ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് റീഫണ്ട് കിട്ടാൻ കാലതാമസം വന്നിരുന്നു. ഇത് പലപ്പോഴും പരാതികൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കി. പുതിയ നയത്തിൽ യാത്രക്കാരുടെ അവകാശങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇനി മുതൽ ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് സർവ്വീസ് റദ്ദാക്കിയാൽ റീഫണ്ട് 24 മണിക്കൂറിനുള്ളിൽ നൽകും. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് റിസർവേഷൻ പോളിസി മാറ്റിയത്.
അപകടമോ മറ്റ് കാരണങ്ങളോ മൂലം സർവ്വീസ് പൂർണ്ണമായി നിലച്ചാൽ രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ തുകയും റീഫണ്ട് ചെയ്ത് നൽകണം. ഇതിന് മുടക്കം വന്നാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്ന് പിഴ ഈടാക്കും. ഇനി മുതൽ ബസ് വൈകിയാൽ യാത്രക്കാരന് ടിക്കറ്റ് തുക തിരിച്ചു നൽകേണ്ടിവരും. കൂടാതെ രണ്ട് മണിക്കൂറിൽ കൂടുതൽ വൈകുകയും റിസർവ് ചെയ്തയാൾ യാത്ര ഉപേക്ഷിക്കുകയും ചെയ്താൽ ടിക്കറ്റിൻ്റെ മുഴുവൻ തുകയും നൽകേണ്ടിവരും.
ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ഉണ്ടാകുന്ന സാങ്കേതിക പിഴവിൻ്റെ ഉത്തരവാദിത്വം ഇനിമുതൽ കെഎസ്ആർടിസിക്കാണ്. ട്രിപ്പ് ഷീറ്റിൽ ടിക്കറ്റ് വിശദാംശങ്ങൾ കാണാത്ത സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ യാത്ര ചെയ്തിട്ടില്ലെങ്കിൽ മുഴുവൻ തുകയും തിരികെ നൽകും. നിശ്ചിത പിക്കപ്പ് പോയിൻ്റിൽ നിന്ന് യാത്രക്കാരനെ ബസിൽ കയറ്റിയില്ലെങ്കിൽ യാത്രക്കാരൻ ക്ലെയിം ചെയ്താൽ മുഴുവൻ തുകയും തിരികെ നൽകും. എന്നാൽ യാത്രക്കാരൻ്റെ അനാസ്ഥ മൂലമാണ് യാത്ര വൈകിയതെങ്കിൽ തുക തിരികെ നൽകില്ല. ഓൺലൈൻ ടിക്കറ്റെടുത്തവർക്ക് ഇതിൻ്റെ കോപ്പിയും ഐഡി കാർഡും നിർബന്ധമാക്കുകയും ചെയ്തു.