പുതിയ വിപുലീകരണ തന്ത്രങ്ങളുമായി ഇൻഡിഗോ. രാജ്യത്തെ വ്യോമയാന വിപണിയുടെ 60% വിഹിതം കൈയാളുന്ന ഇൻഡിഗോ പത്ത് പുതിയ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്താനൊരുങ്ങുന്നു. നിലവിൽ ഇൻഡിഗോ സർവ്വീസ് നടത്തുന്നത് 88 ആഭ്യന്തര റൂട്ടുകളിലും 33 അന്താരാഷ്‌ട്ര റൂട്ടുകളിലുമാണ്. ആകെ 122 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് ഇൻഡിഗോ പറക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിൽ വലിയ തോതിലുള്ള വിപുലീകരണമാണ് ഇൻഡിഗോ നടത്തുന്നത്. ബിസിനസ് ക്ലാസ് ഉൾപ്പെടുത്തുന്നതും ദീർഘദൂര സർവീസുകൾ നടത്തുന്നതും ഉൾപ്പടെ വലിയ മാറ്റം എയർലൈൻ അടുത്തിടെ പ്രഖ്യാപിച്ചു. മൗറീഷ്യസിലേക്കും തായ്‌ലൻഡിലേക്കും പറക്കാൻ ഞങ്ങൾ ഒരുങ്ങുകയാണെന്ന് ദുബായിൽ നടന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ്റെ വാർഷിക പൊതുയോഗത്തിൽ എയർലൈൻ സിഇഒ പീറ്റർ എൽബേഴ് പറഞ്ഞു.
തങ്ങളുടെ വിമാനങ്ങളിൽ ഇതാദ്യമായി ബിസിനസ് ക്ലാസ് അവതരിപ്പിക്കാനിരിക്കെ ഇൻഡിഗോയുടെ സ്ത്രീ സൗഹൃദ നടപടി ശ്രദ്ധ നേടിയിരുന്നു. വനിതകളായ യാത്രക്കാർക്ക് വിമാനത്തിലെ തൊട്ടടുത്ത സീറ്റിലുള്ള യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് നേരത്തെ അറിയാം. വെബ് ചെക്ക്-ഇൻ വേളയിൽ മറ്റ് സ്ത്രീ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ ഏതൊക്കെയാണെന്നും കാണാൻ സാധിക്കും. സ്ത്രീകൾക്ക് കൂടുതൽ സൗകര്യ പ്രദവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ സംവിധാനം. സ്ത്രീ യാത്രികർക്ക്, പ്രത്യേകിച്ച് ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക്, കൂടുതൽ സുരക്ഷിതത്വം ഇതിലൂടെ ഉറപ്പാക്കാൻ സാധിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. നിലവിൽ ഇൻഡിഗോക്ക് ഇക്കോണമി ക്ലാസ് മാത്രമാണ് ഉള്ളത്. 360 ഓളം വിമാനങ്ങളുള്ള ഇൻഡിഗോ പ്രതിദിനം 2,000 ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്.