എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചെലവ് കൂടും

0
37

എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചെലവ് കൂടും. പണമിടപാടുകൾക്ക് ഈടാക്കുന്ന ഇൻ്റർചെയ്ഞ്ച് ഫീസിൽ വർധനവ് ആവശ്യപ്പെട്ട് എടിഎം ഓപ്പറേറ്റർമാരുടെ സംഘടനയായ കോൺഫെഡറേഷൻ ഓഫ് എടിഎം ഇൻഡസ്ട്രി റിസർവ് ബാങ്കിനും (ആർബിഐ) നാഷണൽ പെയ്‌മെന്റ് കോർപ്പറേഷനും (എൻപിസിഐ) കത്തയച്ചു. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് ബാങ്കുകൾ തമ്മിൽ ഈടാക്കുന്ന ചാർജാണ് ഇൻ്റർചെയ്ഞ്ച് ഫീസ്. ഇൻ്റർചെയ്ഞ്ച് ഫീ ഇടപാടൊന്നിന് 23 രൂപ വരെയായി ഉയർത്തണമെന്നാണ് സംഘടനയുടെ ആവശ്യം. ഇൻ്റർചെയ്ഞ്ച് ഫീ ഉയർത്തിയാൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന നിരക്കും ഉയരും. അക്കൗണ്ടുള്ള ബാങ്കിൻ്റെ എടിഎമ്മിൽ നിന്നല്ലാതെ മറ്റൊരു ബാങ്കിൻ്റെ എടിഎമ്മിൽ നിന്ന് പണം ഈടാക്കുമ്പോഴാണ് ഇൻ്റർചെയ്ഞ്ച് ഫീസ് പിടിക്കുന്നത്. ബിസിനസിലേക്ക് കൂടുതൽ ഫണ്ട് എത്തിക്കാൻ ഫീസ് വർധന ആവശ്യമാണെന്ന് സംഘടന വ്യക്തമാക്കി.

2021ലാണ് അവസാനമായി ഇൻ്റർചെയഞ്ച് ഫീ വർധിപ്പിച്ചത്. അന്ന് 15 രൂപയിൽ നിന്ന് ഇത് 17 രൂപയായിട്ടായിരുന്നു വർധിപ്പിച്ചത്. അതേസമയം, ഇൻ്റർചെയഞ്ച് ഫീസായി പരമാവധി ഈടാക്കാവുന്ന തുക 20 രൂപയിൽ നിന്ന് 21 രൂപയായും ഉയർത്തിയിട്ടുണ്ട്. നിലവിൽ തന്നെ എടിഎം ഇടപാടുകൾക്ക് ബാങ്കുകൾ നിശ്ചിത പരിധി വെച്ചിട്ടുണ്ട്. ആറ് മെട്രോ നഗരങ്ങളിൽ (ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി) ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് അഞ്ച് സൗജന്യ ഇടപാടുകൾ ലഭിക്കും. മറ്റു ബാങ്കുകളുടെ എ ടി എം ഉപയോഗിക്കുകയാണെങ്കിൽ മൂന്ന് ഇടപാട് വരെ സൗജന്യമായി ഉപയോഗിക്കാം.