യാത്രക്കാർക്ക് പുത്തൻ അനുഭവം നൽകാൻ ഒരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. ഇതിനായി സൂം കാറുമായി ചേർന്നുള്ള പദ്ധതിക്ക് തുടക്കമിട്ട് എയർ ഇന്ത്യ എക്‌സ്പ്രസ്. യാത്രക്കാർക്ക് ഇഷ്ടമുള്ള കാർ ബുക്ക് ചെയ്യാനും എയർപോർട്ടിൽ നിന്ന് സ്വന്തമായി വാഹനമെടുത്ത് പോകാനുള്ള സംവിധാനമാണ് ഈ പദ്ധതിയിലൂടെ എയർ ഇന്ത്യ എക്‌സ്പ്രസ് ഒരുക്കിയിരിക്കുന്നത്. യാത്രയ്ക്ക് ശേഷം തിരികെ എയർപോർട്ടിൽ തന്നെ വാഹനം പാർക്ക് ചെയ്ത് ആപ്പിലൂടെ ലോഗൗട്ട് ചെയ്യാം.
കൊച്ചി, ബെംഗളൂരു, ഭുവനേശ്വർ, ചെന്നൈ, ഡൽഹി, ഗോവ, ഗുവാഹത്തി, ഹൈദരാബാദ്, ഇൻഡോർ, ജയ്പൂർ, കൊൽക്കത്ത, ലഖ്‌നൗ, മംഗലാപുരം, മധുരൈ, മുംബൈ, പൂനെ, തിരുച്ചിറപ്പള്ളി, വിജയവാഡ, വിശാഖപട്ടണം എന്നീ നഗരങ്ങളിലെത്തുന്നവർക്ക് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വെബ്‌സൈറ്റിലൂടെയും (www.airindiaexpress.com) മൊബൈൽ ആപ്പിലൂടെയും സൂം കാറുകൾ ബുക്ക് ചെയ്യാം. ഏത് തരം യാത്രയ്ക്കും ലഗേജിനും അനുയോജ്യമായ തരത്തിൽ മികച്ച റേറ്റിംഗുള്ള വാഹനദാതാക്കളിൽ നിന്നുള്ള എസ്‌യുവി, സെഡാൻ, ഹാച്ച്ബാക്ക് എന്നിവയും ഇലക്ട്രിക് വാഹനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.
വാഹനങ്ങൾ ബുക്ക് ചെയ്യാൻ ആവശ്യമായ കാര്യങ്ങൾ
എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വൈബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ഡ്രൈവിംഗ് ലൈസൻസും തിരിച്ചറിൽ കാർഡും ഒപ്പം ഒരു സെൽഫിയും അപ്ലോഡ് ചെയ്താൽ സൂം കാർ ബുക്ക് ചെയ്യാം. എട്ട് മണിക്കൂർ മുതൽ ദീർഘദൂര യാത്രയ്ക്ക് വരെ അനുയോജ്യമായ പ്ലാനുകൾ ഇവരുടെ വെബ്സൈറ്റിലും ആപ്ലിക്കേഷനിലും നൽകിയിട്ടുണ്ട്. സൂം കാറിൻ്റെ കീ ലെസ് അക്‌സസ് സംവിധാനം വഴി ഒരു ജീവനക്കാരൻ്റെ സഹായമില്ലാതെ മൊബൈൽ ആപ്പ് വഴി വാഹനം പിക്ക്അപ്പ്, ഡ്രോപ്പ് ഓഫ് ഉൾപ്പടെ ചെയ്യാനും സാധിക്കും. യാത്ര പുറപ്പെടുന്നതിന് 60 ദിവസം മുതൽ എട്ട് മണിക്കൂർ മുൻപ് വരെ ഈ സേവനം ബുക്ക് ചെയ്യാം.
എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ വിപുലമായ ഫ്ലീറ്റ് സൗകര്യങ്ങളും ആഡ് ഓൺ പാക്കുകളും ഉൾപ്പെടുത്തി യാത്രക്കാരുടെ ഏത് ആവശ്യങ്ങളും നിറവേറ്റുന്നതാണ് സൂം കാറുമായുള്ള ഈ പങ്കാളിത്തം. എയർപോർട്ടിൽ നിന്നും സമീപ നഗരങ്ങളിലേക്കുള്ള യാത്ര വളരെയധികം അനായാസമാക്കാനും യാത്രക്കാർക്ക് മുൻപില്ലാത്ത വിധം മികച്ച അനുഭവം നൽകാനും ഇതിലൂടെ സാധിക്കും.
എയർ ഇന്ത്യ എക്‌സ്പ്രസിലെ ഓരോ യാത്രക്കാർക്കും വ്യക്തിഗത അനുഭവം നൽകുന്നതിൽ പ്രതിജ്ഞാബദ്ധരാണെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ അങ്കുർ ഗാർഗ് പറഞ്ഞു. ഓൺലൈനിൽ നിന്നും ഭക്ഷണം വാങ്ങുന്ന അത്ര ലാഘവത്തിൽ എയർ പോർട്ട് ഡെലിവറി സേവനം ഉപയോഗിച്ച് കാർ എടുക്കാനും അതുവഴി കൂടുതൽ നഗരങ്ങൾ അടുത്തറിയാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.