രാജ്യത്ത് വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻറെ 97.87 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. ജൂൺ 28 വരെയുള്ള കണക്ക് പ്രകാരം ബാങ്കിലേക്ക് തിരിച്ചെത്താനുള്ളത് 7,581 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. രണ്ടായിരം രൂപ നോട്ടുകളുടെ നിയമപ്രാബല്യം തുടരുമെന്നും ആർബിഐ അറിയിച്ചു. 2023 മെയ് 19ന്, ആർബിഐ 2000 രൂപ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിച്ചതായി പ്രഖ്യാപിച്ചിരുന്നു. നോട്ട് പിൻവലിക്കുന്ന ഘട്ടത്തിൽ 3.56 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് വിനിമയത്തിൽ ഉണ്ടായിരുന്നത്. 2016 നവംബറിൽ സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യങ്ങൾ നിറവേറ്റുന്നതിന് വേണ്ടി 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചിരുന്നു. തുടർന്ന് 2000 രൂപയുടെ നോട്ട് അവതരിപ്പിച്ചു.
2023 ഒക്‌ടോബർ ഏഴ് വരെ രാജ്യത്തുടനീളമുള്ള എല്ലാ ബാങ്ക് ശാഖകളിലും 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കാനോ മാറ്റാനോ ഉള്ള ഓപ്ഷനും അധികൃതർ നൽകിയിരുന്നു. ആർബിഐയുടെ ഇഷ്യൂ ഓഫീസുകൾ വഴിയും തപാൽ മാർഗവും നോട്ടുകൾ മാറ്റിയെടുക്കാൻ ഇപ്പോഴും സൗകര്യമുണ്ട്. അഹമ്മദാബാദ്, ബംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ദില്ലി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ 19 ആർബിഐ ഓഫീസുകൾ വഴി ബാങ്ക് നോട്ടുകൾ മാറ്റാൻ സാധിക്കും.