ട്വിറ്ററിന് തദ്ദേശീയ ബദലായി പുറത്തിറക്കിയ ഇന്ത്യൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘കൂ’ സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചു പൂട്ടി. കൂ സോഷ്യൽ മീഡിയ സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണനും മായങ്ക് ബിദാവത്കയുമാണ് ‘കൂ’പ്ലാറ്റഫോം അടച്ചു പൂട്ടുകയാണെന്നറിയിച്ചത്. 2020 ലാണ് ട്വിറ്ററിനെ വെല്ലുവിളിച്ച് ‘കൂ’ ആരംഭിക്കുന്നത്. പിന്നീട് 2020-21 കാലഘട്ടത്തിൽ നടന്ന കർഷക പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ‘കൂ’ ജനശ്രദ്ധ നേടുകയും ചെയ്തു. പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഒരു കൂട്ടം ട്വിറ്റർ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തോട് വഴങ്ങാൻ അന്ന് ട്വിറ്റർ തയ്യാറായില്ല. ഇതേ തുടർന്ന് സർക്കാരും അനുകൂല കേന്ദ്രങ്ങളും ട്വിറ്ററിനെതിരെ വ്യാപകമായ പ്രചാരണം നടത്തി. ഇതോടെ ‘കൂ’ പ്ലാറ്റഫോമിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഇതിലെ ഉപഭോക്താക്കൾ കുറഞ്ഞു വരികയായിരുന്നു. തുടർന്ന് ‘കൂ’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ ‘കൂ’ പ്ലാറ്റഫോം മറ്റ് വൻകിട കമ്പനികൾക്ക് നൽകാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെയാണ് കമ്പനി അടച്ചു പൂട്ടലിൻ്റെ വക്കിൽ എത്തിയത്.