രണ്ട് ലക്ഷത്തിൻ്റെ ബാഗ് നിർമ്മിക്കാൻ ചെലവ് ആകുന്നത് 5000 ത്തിൽ താഴെ! ആഡംബര ബ്രാൻഡിൻ്റെ ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

0
19

ചിലരൊക്കെ ബ്രാൻഡഡ് ഉത്പന്നങ്ങൾ ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നവരായിരിക്കും. ആ ഉത്പന്നങ്ങൾ വാങ്ങാൻ കുറച്ചധികം കാശ് ചിലവാക്കിയാലും അവർക്ക് അത് ഒരു പ്രശ്നമാകില്ല. എന്നാൽ ആ ബ്രാൻഡഡ് ഉത്പന്നങ്ങൾ വിപണിയിലെത്താൻ എത്ര പണം ചിലവായി കാണും എന്ന് ചിന്തിച്ചിട്ടുണ്ടോ? കഴിഞ്ഞ ദിവസം നടന്ന ഒരു റെയ്ഡിൽ ബ്രാൻഡഡ് ഉത്പന്നമായ ഡിയോറിൻ്റെ ഹാൻഡ് ബാ​ഗുകൾ നിർമ്മിക്കുന്നതിൻ്റെ ചിലവ് എത്ര രൂപയെന്ന് പുറത്ത് വന്നിരുന്നു. ഏകദേശം രണ്ട് ലക്ഷത്തോളം വില വരുന്ന ബാ​ഗിന് നിർമ്മാണത്തിനായി 5000 രൂപയിൽ താഴെ മാത്രമേ ചിലവാകുന്നുള്ളു എന്നതാണ്. ഡിയോറിൻ്റെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ഇറ്റാലിയൻ പൊലീസ് നടത്തിയ റെയ്ഡിലാണ് ഈ കാര്യം കണ്ടെത്തിയിരിക്കുന്നത്. എൽവിഎംഎച്ച് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫാഷൻ ബ്രാൻഡായ ഡിയോർ വെറും 57 ഡോളറിനാണ് ബാഗുകൾ നിർമ്മിക്കുന്നത്. എന്നാൽ ഇവ വിൽക്കുന്നത് 2,780 ഡോളറിനാണ്. അതായത് കരാറുകാർ നിർമ്മിച്ച് നൽകുന്ന ബാഗിന് ഡിയോർ നൽകുന്ന വില 4700 രൂപയാണ് എന്നാൽ ഏത് വിൽക്കുന്നതാകട്ടെ 232,400 രൂപയ്ക്കും.

അതുപോലെ, മറ്റൊരു ആഡംബര ബ്രാൻഡായ അർമാനിയും സമാനമായ കാര്യം ചെയ്തിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. കരാറുകാർക്ക് ഒരു ബാഗിന് 99 ഡോളർ നൽകുമ്പോൾ അവർ അവരുടെ സ്റ്റോറുകളിൽ 1,900 ഡോളറിൽ കൂടുതൽ വിലയ്ക്കാണ് വിൽപ്പന നടത്തുന്നത്.കൂടാതെ അന്വേഷണത്തിൽ, വിശ്രമമില്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളെയും കണ്ടെത്തിയിട്ടുണ്ട്. മോശമായ തൊഴിൽ സാഹചര്യമാണ്. രാവും പകലും തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഇലക്ട്രോണിക് ഡാറ്റ ഉപയോഗിക്കുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തൊഴിലാളികളിൽ ഭൂരിഭാഗവും ചൈനീസ് അനധികൃത കുടിയേറ്റക്കാരായിരുന്നു. ശരിയായ രേഖകളില്ലാതെയാണ് ഇവർ രാജ്യത്ത് താമസിക്കുന്നത്. ഉത്പാദന പ്രക്രിയ വേഗത്തിലാക്കാൻ, ഗ്ലൂയിംഗ്, ബ്രഷിംഗ് മെഷീനുകളിലെ സുരക്ഷാ ഉപകരണങ്ങൾ ഒഴിവാക്കി. ഉത്പാദനത്തിലെ ഈ ചെലവ് ചുരുക്കൽ ഉയർന്ന ലാഭം നിലനിർത്താനും ഡിയോറിനെ സഹായിച്ചു.

ഡിയോറിൻ്റെയും അർമാനിയുടെയും രണ്ട് ഉത്പാദന യൂണിറ്റുകളും ഒരു വർഷത്തേക്ക് ജുഡീഷ്യൽ ഭരണത്തിന് കീഴിലാക്കാൻ മിലാൻ ജുഡീഷ്യറി ഉത്തരവിട്ടുണ്ട്. തൊഴിൽ മാനദണ്ഡങ്ങളുടെ ലംഘനങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും കൂടുതൽ ലാഭമുണ്ടാക്കാനുള്ള ബ്രാൻഡുകളുടെ രീതിയാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. തൊഴിലാളികളെ രാവും പകലും ചൂഷണം ചെയ്തു, അവരുടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ, ജോലി സമയം, ന്യായമായ വേതനം എന്നിവ നിരസിച്ചു, തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് ജുഡീഷ്യൽ ഉത്തരവ്.