ഫ്രഞ്ച് ഭീമൻ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാൻ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ. കുതിച്ചുയരുന്ന കായിക വിപണിയിൽ റിലയൻസിന്റെ സ്വന്തം ബ്രാൻഡ് വികസിപ്പിക്കാനാണ് മുകേഷ് അംബാനി തയ്യാറെടുക്കുന്നത്. ഡെക്കാത്‌ലോൺ മാതൃകയിൽ സ്‌പോർട്സ് ഉത്പന്നങ്ങളുടെ റീട്ടെയിൽ ശൃംഖല രാജ്യത്തുടനീളമുള്ള നഗരങ്ങളിൽ സ്ഥാപിക്കാനാണ് റിലയൻസിൻ്റെ പദ്ധതി. എന്നാൽ ഇതുവരെ സ്പോർട്സ് ബ്രാൻഡിന് പേര് നൽകിയിട്ടില്ല. പക്ഷെ റിലയൻസിൻ്റെ സ്പോർട്സ് ബ്രാൻഡിനായി മുൻനിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിൽ 8,000 മുതൽ 10,000 ചതുരശ്ര അടി സ്ഥലങ്ങൾ പാട്ടത്തിന് എടുക്കാൻ കമ്പനി പദ്ധതിയിടുന്നതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യൻ വിപണിയിലേക്ക് 2009 ലാണ് ഡെക്കാത്‌ലോൺ പ്രവേശിക്കുന്നത്. കമ്പനിയുടെ വരുമാനത്തിൽ കൊവിഡിന് ശേഷം വമ്പൻ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. 2021ൽ 2079 കോടിയും 2022ൽ 2936 കോടി രൂപയുമായിരുന്നു വരുമാനം. എന്നാൽ അത് 2023 ആകുമ്പോഴേക്കും 3955 കോടിയിലേക്ക് എത്തിയിരുന്നു. ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിൻ്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നതോടെ ഡെക്കാത്‌ലോൺ കനത്ത വെല്ലുവിളി നേരിടേണ്ടി വരും. പ്രാദേശിക മുൻഗണനകൾക്ക് അനുസൃതമായി പ്രതിവർഷം പത്ത് സ്റ്റോറുകൾ വീതം തുറക്കുന്നത് തുടരുകയാണെന്നും ഡെക്കാത്‌ലോണിൻ്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
മുൻനിര സ്‌പോർട്‌സ് ബ്രാൻഡുകളായ പ്യൂമ, അഡിഡാസ്, സ്കെച്ചെഴ്സ് തുടങ്ങിയവ രാജ്യത്ത് ഗണ്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്. രണ്ട് വർഷം മുമ്പ് നേടിയ 5,022 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തത്തിൽ ₹11,617 കോടി വരുമാനം ഈ ബ്രാൻഡുകളെല്ലാം ചേർന്ന് നേടിയിട്ടുണ്ട്. ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാന്റായ ഷെയിനെ റിലയൻസ് റീട്ടെയിൽ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് റിലയൻസിന്റെ സ്പോർട്സ് ബ്രാൻഡ് കൂടി അരങ്ങിൽ തയാറാകുന്നത്.