കേരളത്തിൽ ഈ വർഷം അവസാനത്തോടെ 500 ഡ്രോൺ സംരംഭകരെ സൃഷ്ടിക്കാനൊരുങ്ങി പ്രമുഖ ഡ്രോൺ നിർമ്മാതാക്കളും ഡ്രോൺ സേവനദാതാക്കളുമായ മാരുത് ഡ്രോൺസ്. പ്രധാനമായും കാർഷിക മേഖലയിലാണ് കമ്പനി ശ്രദ്ധയൂന്നുന്നത്. വളം തളിക്കൽ പോലുള്ള
ജോലികൾക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നതിലൂടെ പ്രതിമാസം 50,000-60,000 രൂപ വരെ ലാഭിക്കാൻ കഴിയും. ചെറുകിട കർഷകർ ഡ്രോൺ സാങ്കേതികവിദ്യ സ്വീകരിക്കുന്നത് കൃത്യതയോടെ മരുന്നുകൾ തളിക്കുന്നതിനും വെള്ളവും വളപ്രയോഗവും 70% കുറയ്ക്കാനും വിളവ് 30% വർദ്ധിപ്പിക്കാനും സഹായിക്കും. സംസ്ഥാനത്തെ കൃഷി വിജ്ഞാന കേന്ദ്രം (കെവികെ), പ്രാദേശിക ഗ്രാമപഞ്ചായത്തുകൾ, കർഷക സഹകരണ സംഘങ്ങൾ തുടങ്ങിയ സംഘടനകളും ഡ്രോൺ സാങ്കേതികവിദ്യ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.
ചെറുതും ഇടത്തരവുമായ ഡ്രോണുകൾ നിർമ്മിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) അനുമതിയോടെ, കേരളത്തിൽ തങ്ങളുടെ ഡീലർ ശൃംഖല വിപുലീകരിക്കാനും ഡ്രോൺ പ്രവർത്തനത്തിൽ പരിശീലനം നൽകി കർഷകരെ ബോധവൽക്കരിക്കാനും മരുത് ഡ്രോണുകൾ ലക്ഷ്യമിടുന്നുണ്ട്. കൃഷി ഒരു തൊഴിലായി പിന്തുടരാനും ഡ്രോൺ ഓപ്പറേറ്റർമാരാകാനും ഈ സംരംഭം യുവാക്കളെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രോൺ പരിശീലനം നൽകുന്നതിന് സർവ്വകലാശാലകളുമായും കേരള സർക്കാരുമായും മാരുത് ഡ്രോൺസ് സഹകരിക്കും. മാരുത് അഗ്രി ഡ്രോണുകൾക്കായി ബാങ്ക് വായ്പയുള്ള കർഷകർക്ക് അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന് കീഴിൽ പലിശ സബ്സിഡിയും ലഭിക്കും.
രൂക്ഷമായ തൊഴിലാളി ക്ഷാമം നേരിടുന്ന കേരളത്തിൽ, നെൽകർഷകർ നേരിടുന്ന തൊഴിലാളി ക്ഷാമം, പാമ്പ് കടി, അമിത വളങ്ങളുടെ ഉപയോഗം മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ തുടങ്ങിയ ദീർഘകാല വെല്ലുവിളികളെ മറികടക്കാനും ഡ്രോൺ ഉപയോഗം കർഷകരെ സഹായിക്കും. ആലപ്പുഴയിലെ നെൽപാടങ്ങളിലും കോട്ടയത്തെ റബർ തോട്ടങ്ങളിലും നെല്ലിനും, പാലക്കാട് മുതലമടയിലെ മാവിൻ തോട്ടത്തിനും ഒക്കെ ഫലപ്രദമായ നടപടിയാണ് ഡ്രോൺ സാങ്കേതികവിദ്യ. ഇപ്പോൾ കേരളത്തിലെ കർഷകരിൽ നിന്ന് ആവശ്യക്കാർ വർധിച്ചിരിക്കുന്നു, ഇത് ചെലവ് കുറഞ്ഞതും സമയം ലാഭിക്കുന്നതുമായ ഒരു ബദലാണെന്ന് കർഷകർ മനസ്സിലാക്കുന്നുവെന്നും പാലക്കാട്ടെ ഒരു കർഷകൻ പ്രതിദിനം 30 ഏക്കർ സ്ഥലത്ത് മരുന്ന് തളിക്കാൻ മാരുതിന്റെ എജി 365 അഗ്രി ഡ്രോൺ വാങ്ങിയെന്നും മാരുത് ഡ്രോൺസ് സ്ഥാപകനും സിഇഒയുമായ പ്രേം കുമാർ വിസ്ലാവത് പറഞ്ഞു.
സമൂഹത്തിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഡ്രോണിലൂടെ വികസിപ്പിച്ചെടുക്കുന്നതിന് പ്രത്യേക ശ്രദ്ധയൂന്നുന്ന രാജ്യത്തെ ഏറ്റവും പ്രമുഖ ഡ്രോൺ സാങ്കേതിക വിദ്യാ നിർമ്മാതാക്കളാണ് മാരുത് ഡ്രോൺസ്. 2019-ൽ മൂന്ന് ഐഐടി ബിരുദധാരികൾ ചേർന്ന് ആരംഭിച്ച മാരുത് ഡ്രോൺസിന് കൃഷിയെ മുന്നോട്ട് കൊണ്ടു പോകുവാനുള്ള വീക്ഷണമുണ്ട്.