കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ മദർഷിപ്പ് വന്നെത്തി. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിൻ്റെ സാൻ ഫെർണാണ്ടോയെന്ന കപ്പലാണ് കണ്ടെയ്നറുകളുമായി സ്വപ്ന തീരമായ വിഴിഞ്ഞത്ത് എത്തിയത്. ഇന്ന് രാവിലെ ഏഴേകാലോടെയാണ് വിഴിഞ്ഞം തുറമുഖത്തിൻ്റെ ഔട്ടർ ഏരിയയിലേക്ക് കപ്പലെത്തിയത്. ടഗുകൾ ഉപയോഗിച്ച് തുറമുഖത്തോട് അടുപ്പിച്ച കപ്പലിനെ വാട്ടർ സല്യൂട്ടോടെയാണ് സ്വീകരിച്ചു. തുടർന്ന് മദർഷിപ്പിൻ്റെ നിയന്ത്രണം തുറമുഖത്തിൻ്റെ ക്യാപ്റ്റൻ ഏറ്റെടുത്തു. ചെണ്ടമേളത്തോടെ ദേശീയ പതാക വീശി പ്രദേശവാസികളും കാത്തുനിൽപ്പുണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷിപ്പിംഗ് കമ്പനിയായ മെർസ്കിൻ്റെ ഒമ്പത് വർഷം പഴക്കമുള്ള മാതൃയാനത്തിൽ നിന്നും 1960 കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. ജുലൈ രണ്ടിന് ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറന്നതോടെ കേരളത്തിൻ്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായം തുറക്കുകയാണ്.
കേരളത്തിൻ്റെ സ്വപ്നം തീരമണയുന്നു എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കേരളത്തിന്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തുകയാണ്. സാൻ ഫെർണാണ്ടോ എന്ന കപ്പൽ പുറംകടലിൽ എത്തി. നാളെ രാവിലെ കേരളത്തിന് വേണ്ടി സാൻ ഫെർണാണ്ടോക്ക് ഔദ്യോഗിക സ്വീകരണം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
മലയാളിക്ക് ഓണസമ്മാനമായി ഉദ്ഘാടനം നടക്കുമെന്ന് അറിയിച്ചിരുന്ന തുറമുഖത്ത് മൂന്ന് മാസത്തിനുള്ളിൽ വാണിജ്യടിസ്ഥാനത്തിലുള്ള പ്രവർത്തനം ആരംഭിക്കും. സാൻ ഫെർണാണ്ടോയ്ക്ക് പിന്നാലെ പ്രമുഖ ഷിപ്പിംഗ് കമ്പനികളുടെ മാതൃയാനങ്ങളും തുറമുഖത്തെത്തും. ഏറെ വർഷത്തെ കാത്തിരിപ്പിനും പ്രക്ഷോഭങ്ങൾക്കും ശേഷം 2015 ആഗസ്റ്റ് 17നാണ് തുറമുഖം നിർമിക്കുന്നതിനുള്ള കരാറൊപ്പിടുന്നത്. പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത്.
വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിൻ്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിൻ്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്. ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്നർ ബിസിനസ്സിൻ്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിൻ്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും.