രാജ്യത്തെ ഏറ്റവും വലിയ പെയിൻ്റ് കമ്പനിയായ ഏഷ്യൻ പെയിൻ്റ്സ് ലിമിറ്റഡ് എല്ലാ വിഭാഗങ്ങളിലും വില വർദ്ധനവ് ഏർപ്പെടുത്തി. 0.7 മുതൽ ഒരു ശതമാനം വരെ വില വർദ്ധനവ് ഏർപ്പെടുത്തിയത്. ഏകദേശം ഒരു വർഷത്തിന് ശേഷമാണ് കമ്പനി വില വർധനവ് കൊണ്ടുവന്നിരിക്കുന്നത്. ജൂലൈ 22 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ ബെർജർ പെയിൻ്റ്സും ഒരു ശതമാനം വരെ വില വർദ്ധനവ് ഏർപ്പെടുത്തുന്നുണ്ട്. ഉത്പാദന ചെലവ് വർധിക്കുന്നതാണ് പെയിൻ്റ് വില വർധനവിന് കമ്പനികളെ പ്രേരിപ്പിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി വിൽപ്പന കൂട്ടാൻ പെയിൻ്റ് കമ്പനികൾ വില കുറയ്ക്കുന്ന രീതിയാണ് കണ്ടുവരുന്നത്. ഇത് കമ്പനികളുടെ മൂല്യവർദ്ധനയും വോളിയം വളർച്ചയും തമ്മിൽ കാര്യമായ അന്തരത്തിന് കാരണമായി. പലപ്പോഴും പെയിൻ്റ് കമ്പനികൾ ഉത്സവ സീസണിനു മുമ്പാണ് വില വർധിപ്പിക്കാറുളളത്. എന്നാൽ ഇത്തവണ മഴക്കാലം സജീവമാകുന്നതിന് തൊട്ടുമുമ്പാണ് വർധനയുണ്ടായിരിക്കുന്നത്.
ഏഷ്യൻ പെയിൻ്റ്സിൻ്റെ മൊത്ത വരുമാനത്തിൽ കുറവ്
12 മുതൽ 18 മാസം വരെ വില കുറച്ചതിന് ശേഷമാണ് കമ്പനികൾ ഇപ്പോൾ വില വർധനവ് നടപ്പാക്കുന്നത്. സാധാരണയായി വിപണിയിലെ വമ്പൻ എന്ന നിലയിൽ ഏഷ്യൻ പെയിൻ്റ്സ് നടപ്പാക്കുന്ന ട്രെൻഡ് ആണ് മറ്റ് കമ്പനികൾ പിന്തുടരുന്നത്. മാർച്ച് പാദത്തിൽ ഏഷ്യൻ പെയിൻ്റ്സിൻ്റെ അറ്റാദായം 1,275 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ 8,787.34 കോടിയിൽ നിന്ന് 0.64 ശതമാനം കുറഞ്ഞ് 8,730.76 കോടി രൂപയായി.