രാജ്യത്തെ ടെലികോം, നെറ്റ് വർക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിർമ്മാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസ് 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി അവരുടെ ഇലക്ട്രോണിക്സ് ഇക്വിപ്മെൻ്റ്സ് നിർമ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. കമ്പനിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നൂറു കോടി രൂപയിലധികം മുതൽമുടക്കിൽ നിർമ്മിച്ച അത്യാധുനിക ഫാക്ടറി കഴക്കൂട്ടത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിലാണ് സ്ഥിതി ചെയ്യുന്നത്. ആത്മ നിർഭർ ഭാരതിന്റെ ഭാഗമായി ആരംഭിച്ച നിർമ്മാണ കേന്ദ്രത്തിന്റെ പ്രവർത്തനോദ്ഘാടനം ടെസോൾവ് സ്ഥാപകനും ടാറ്റ ഇലക്ട്രോണിക്സിന്റെ (OSAT യൂണിറ്റ്) മുൻ സിഇഒയുമായ പി.രാജമാണിക്ക്യം, കിൻഫ്ര എംഡി സന്തോഷ് കോശി, ഇൻഡസ്ട്രിയൽ ഡയറക്ടർ ഹരികിഷോർ ഐഎഎസ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു.
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 1000 കോടിയിലധികം വിറ്റുവരവ് കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിലെ ആദ്യ ഫാക്ടറി യാഥാർത്ഥ്യമായതിലൂടെ നിരവധി തൊഴിൽ അവസരമാണ് ഈ മേഖലയിൽ കമ്പനി സൃഷ്ടിച്ചത്. അത്യന്താധുനിക ടെലികോം, നെറ്റ് വർക്കിങ് ഉത്പന്നങ്ങളുടെ നിർമ്മാണകേന്ദ്രം ആരംഭിച്ചതിലൂടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിൽ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമത്തിൽ കേരളത്തിനും ഒരു സുപ്രധാന സ്ഥാനം ലഭിക്കുകയാണ്.
ഒപ്പം തന്നെ വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും സിസ്‌ട്രോമിന്റെ ഈ ചുവട് വെയ്പ്പ് കാരണമാകും. അടുത്ത ഒരു വർഷത്തിനുള്ളിൽ ഉത്പാദനം നാലിരട്ടിയാകുമെന്ന കമ്പനിയുടെ പ്രഖ്യാപനം കേരളത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കുന്നത പ്രസ്താവനയാണ്. ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളർച്ചക്ക് മുതൽക്കൂട്ടാകുന്നതിനും സഹായകമാകും.