ലോകത്ത് ഏറ്റവും കരുത്തുറ്റ പാസ്പോർട്ടുകളുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത് ; ഇന്ത്യൻ പാസ്‌പോർട്ടിൻ്റെ സ്ഥാനം

0
17

ലോകത്തിലെ ശക്തമായ പാസ്‌പോർട്ടുകളുടെ രാജ്യങ്ങളുടെ പുതിയ പട്ടിക പുറത്തിറങ്ങി. അതിൽ ഇന്ത്യൻ പാസ്പോർട്ട് 82-ാം സ്ഥാനത്താണ്. ഹെൻലി പാസ്‌പോർട്ട് ഇൻഡക്‌സ് പുറത്തുവിട്ട ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള യാത്രാ വിവരങ്ങളുടെ ഏറ്റവും വിപുലവും കൃത്യവുമായ ഡാറ്റാബേസ് പരിപാലിക്കുന്ന ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ (IATA) ഡാറ്റയെ അടിസ്ഥാനമാക്കിയാണ് റാങ്കിങ്.

സിംഗപ്പുരിൻ്റെ പാസ്‌പോർട്ടാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള യാത്രരേഖയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റാങ്ക് പട്ടികയിൽ ഒന്നാമതുള്ള സിംഗപ്പുർ പാസ്‌പോർട്ടുള്ളവർക്ക് 195 രാജ്യങ്ങളിൽ വിസരഹിത പ്രവേശനത്തിന് അനുമതിയുണ്ട്. 82-ാം സ്ഥാനത്തുള്ള ഇന്ത്യൻ പാസ്‌പോർട്ടുള്ളവർക്ക് 58 രാജ്യങ്ങളിലേക്കാണ് വിസരഹിത പ്രവേശനത്തിന് അനുമതിയുള്ളത്. ഇത്ര തന്നെ രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനാനുമതിയുള്ള സെനഗലും തജികിസ്താനും ഇന്ത്യയ്‌ക്കൊപ്പം 82-ാം റാങ്ക് പങ്കിടുന്നുണ്ട്. 192 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനമുള്ള അഞ്ച് രാജ്യങ്ങളാണ് പട്ടികയിൽ രണ്ടാംസ്ഥാനത്തുള്ളത്.

  • ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, സ്‌പെയിൻ എന്നീ രാജ്യങ്ങളിലെ പാസ്‌പോർട്ടുകൾക്കാണ് രണ്ടാം റാങ്ക്.
  • ഓസ്ട്രിയ, ഫിൻലൻഡ്, അയർലൻഡ്, ലക്‌സംബർഗ്, നെതർലൻഡ്‌സ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നീ രാജ്യങ്ങൾ മൂന്നാം റാങ്കിലുള്ളവരാണ്. ഇവിടുത്തെ പാസ്‌പോർട്ട് ഉപയോഗിച്ച് 191 രാജ്യങ്ങളിലേക്ക് വിസരഹിത പ്രവേശനം നേടാം.
  • ബെൽജിയം, ഡെൻമാർക്, ന്യൂസീലൻഡ്, നോർവെ, സ്വിറ്റ്‌സർലൻഡ്, യുകെ എന്നിവർ നാലാമതാണ്. 190 രാജ്യങ്ങളിലേക്കാണ് ഇവരുടെ പാസ്‌പോർട്ടുകളിൽ വിസരഹിത പ്രവേശനമുള്ളത്. ഇത്തരത്തിൽ 186 രാജ്യങ്ങളിലേക്ക് പ്രവേശനമുള്ള യുഎസ് പാസ്‌പോർട്ട് എട്ടാം സ്ഥാനത്താണ്.
  • ഇന്ത്യയുടെ അയൽരാജ്യങ്ങളായ പാകിസ്താൻ യമനൊപ്പം 100-ാം റാങ്ക് പങ്കിടുമ്പോൾ ശ്രീലങ്കയ്ക്ക് 93-ാം റാങ്കും ബംഗ്ലാദേശ് 97-ാമതും അഫ്ഗാനിസ്താൻ 103-ാംസ്ഥാനത്തുമാണ്. ഗൾഫ് രാജ്യങ്ങളായ യുഎഇ ഒമ്പതാം സ്ഥാനത്തും സൗദി അറേബ്യ 56-ാമതും ബഹ്‌റൈനും ഒമാനും അതിന് പിന്നിലായി യഥാക്രമം 57, 58 സ്ഥാനങ്ങളിലുമാണ്. ഖത്തറിന് 46-ാം റാങ്കാണുള്ളത്.