52 ദിവസം നീണ്ട് നിന്ന ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. 3,500ൽ അധികം യന്ത്രവത്കൃത ബോട്ടുകൾ ഇന്ന് കടലിലേക്ക് പോകും. ജൂൺ ഒമ്പത് അർധരാത്രി 12 മണിക്ക് നിലവിൽ വന്ന ട്രോളിംഗ് നിരോധനം അവസാനിച്ചതോടെയാണ് യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോകാൻ അനുമതി ലഭിച്ചത്. ട്രോളിംഗ് നിരോധന സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാമെങ്കിലും മത്സ്യലഭ്യത കുറവായിരുന്നു. യന്ത്രവത്കൃത ബോട്ടുകൾ കടലിൽ പോയിത്തുടങ്ങുന്നതോടെ വിപണിയിൽ കൂടുതൽ മത്സ്യമെത്തുമെന്നും വില കുറയുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത്. അതേസമയം, കേരള തീരത്ത് വലിയ രീതിയിൽ മത്തി (ചാള)യുടെ സാന്നിധ്യമുണ്ടെന്നും ചാകര പ്രതീക്ഷിക്കാമെന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അനുകൂല സാഹചര്യമായതിനാൽ കേരള തീരത്തേക്ക് ഇന്ത്യൻ നെയ് മത്തി (Indian Oil Sardines) കൂട്ടത്തോടെ എത്തുമെന്നാണ് ഗവേഷകർ പറയുന്നത്.