വയനാടിനൊപ്പം കൈകോർത്ത് എയർടെലും; 3 ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, SMS, ടോക്ക്‌ ടൈം..

0
38

വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയിലെ അതിജീവിതർക്കായി കൈകോർത്ത് എയർടെലും. മൂന്ന് ദിവസത്തേക്ക് സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവയാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവർക്ക് അടക്കം ഓഫർ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്സിനും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബിൽ അടക്കാൻ വൈകുന്നവർക്കും ഇളവ് നൽകിയിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കൾക്ക് ബിൽ പേയ്‌മെൻ്റ് തീയതി 30 ദിവസത്തേക്ക് നീട്ടിയിരിക്കുന്നതായും എയർടെൽ അറിയിച്ചു. കേരളത്തിലെ 52 എയർടെൽ റീട്ടെയിൽ സ്റ്റോറുകളും ദുരിതാശ്വാസ ശേഖരണ കേന്ദ്രങ്ങളാക്കി മാറ്റും. ആളുകൾ എത്തിക്കുന്ന ദുരിതാശ്വാസ സാമഗ്രികൾ വയനാട്ടിലെ പ്രാദേശിക ഭരണകൂടത്തിന് കൈമാറുമെന്നും കമ്പനി അറിയിച്ചു.

അതേസമയം മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 270 ആയി. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ കിട്ടിയത് 72 മൃതദേഹങ്ങൾ. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യത. 240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്മോർട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്.