സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് “ഫ്രീഡം സെയിൽ” എന്ന ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. 1,947 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകൾ തുടങ്ങുന്നത്. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനമാണ് എയർ ഇന്ത്യ എക്സ്പ്രസ്. airindiaexpress.com വഴി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുക. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് വേണ്ടി ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. ഓഗസ്റ്റ് 1 മുതൽ 5 വരെയാണ് ബുക്ക് ചെയ്യാനുള്ള അവസരമുള്ളത്. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് വേണ്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൂടാതെ, airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക കിഴിവുകളോടെ സീറോ ചെക്ക്-ഇൻ ബാഗേജ് എക്സ്പ്രസ് ലൈറ്റ് നിരക്കുകൾ പോലുള്ള പ്രത്യേക ആനുകൂല്യങ്ങൾ ആസ്വദിക്കാനാകും. ആഭ്യന്തര വിമാനങ്ങളിൽ 15 കിലോയ്ക്ക് 1000 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 20 കിലോയ്ക്ക് 1300 രൂപയും ആരംഭിക്കുന്ന ചെക്ക്-ഇൻ ബാഗേജിന്, 3 കിലോ അധിക ക്യാബിൻ ബാഗേജ് മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള ഓപ്ഷനും നിരക്കിൽ ഉൾപ്പെടുന്നു.
ദില്ലി-ജയ്പൂർ, ബെംഗളൂരു-ഗോവ, ദില്ലി-ഗ്വാളിയോർ എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലും 15 അന്താരാഷ്ട്ര, 32 ആഭ്യന്തര റൂട്ടുകളിലും ഓഫർ ലഭ്യമാകും. പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ, ഇത് പരിമിതമായ ഓഫറാണ്, ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. ഈ ഓഫറിനായി അനുവദിച്ച സീറ്റുകൾ വിറ്റുതീർന്നാൽ, പതിവ് നിരക്കുകളും വ്യവസ്ഥകളും ബാധകമാകുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.