യുപിഐ ഇടപാടുകളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി എൻപിസിഐ

0
14

യുപിഐ ഇടപാടുകളിൽ നൂതനമാറ്റങ്ങൾ വരുത്താൻ സ്റ്റാർട്ടപ്പുകളെ സമീപിച്ച് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). നിലവിൽ യുപിഐ ഇടപാടുകൾ നടത്തുന്നതിന് ഓരോ തവണയും നാലോ ആറോ അക്കമുള്ള പിൻ നമ്പർ ഉപയോഗിക്കണം. ഇതിന് പകരം ആൻഡ്രോയിഡ് ഫോണുകളിൽ വിരലടയാളവും ആപ്പിൾ ഫോണുകളിൽ ഫെയിസ് ഐഡിയും ഉപയോഗിക്കാനുള്ള സാധ്യതയാണ് എൻപിസിഐ പരിശോധിക്കുന്നത്. പിൻ നമ്പർ, ഒടിപി എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകൾ ഉപേക്ഷിച്ചേക്കും.

പിൻ നമ്പരോ ഒടിപിയോ ഇല്ലാതെ യുപിഐ ഇടപാടുകൾ നടത്താൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് അടുത്തിടെ റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. ഡിജിറ്റൽ ഇടപാടുകളിലെ അഡീഷണൽ ഫാക്ടർ ഓതന്റിഫിക്കേഷന് ബദൽ സംവിധാനം കണ്ടെത്താനായിരുന്നു എൻപിസിഐക്ക് ലഭിച്ച നിർദ്ദേശം. സാമ്പത്തിക തട്ടിപ്പുകൾ തടയാനുള്ള ലക്ഷ്യത്തോടെയാണ് നീക്കം. പുതിയ സ്മാർട്ട് ഫോണുകളിലെ അത്യാധുനിക ബയോമെട്രിക് സംവിധാനങ്ങൾ പ്രയോജനപ്പെടുത്തി ഇടപാടുകളിലെ സുരക്ഷയും മികച്ച രീതിയിലുള്ള സേവനങ്ങളും ഉറപ്പാക്കാനാകുമെന്നും ആർബിഐ കരുതുന്നു.