ഓണം എത്തിയതോടെ കൊച്ചിയിൽ നിന്ന് വിദേശത്തേക്ക് പറക്കുന്നത് 1000 ടൺ പഴങ്ങളും പച്ചക്കറികളും

0
13

ഓണം ആഘോഷിക്കാൻ വിദേശ മലയാളികൾക്കായി കൊച്ചിയിൽ നിന്ന് ഈ വർഷം 1000 ടൺ പഴങ്ങളും പച്ചക്കറികളും വിമാനമേറും. പ്രവാസികളായ മലയാളികൾക്ക് കേരളത്തനിമയാർന്ന പഴങ്ങളും പച്ചക്കറികളും ഓണത്തിന് ഒഴിവാക്കാൻ കഴിയില്ല. കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിൽ നിന്ന് പ്രതിദിനം 100 ടണ്ണിലേറെ പഴങ്ങളും പച്ചക്കറികളുമാണ് കയറ്റുമതി ചെയ്യുന്നത്. പച്ചക്കറിക്കയറ്റുമതി വർധിച്ചതോടെ ചില വിമാനക്കമ്പനികൾ കൂടുതൽ ചരക്കു കയറ്റാവുന്ന വിമാനങ്ങൾ കൊച്ചി സർവ്വീസിന് ഉപയോഗിക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യം മുതൽ ഓണം മുൻകൂട്ടി കണ്ടുള്ള കയറ്റുമതി കൊച്ചിയിൽ നിന്ന് ആരംഭിച്ചു. ചേന, ഇളവൻ, മത്തൻ, വെള്ളരി തുടങ്ങി കൂടുതൽ കാലം കേടാകാതെ ഇരിക്കുന്ന പച്ചക്കറികളാണ് ആദ്യ ഘട്ടത്തിൽ അയയ്ക്കുന്നത്. വിവിധ തരം ഉപ്പേരികളും ആദ്യഘട്ടത്തിൽ തന്നെ തയാറാക്കി അയയ്ക്കും. ശനിയാഴ്ച മുതൽ മറ്റു പച്ചക്കറികളും കൂടുതലായി അയയ്ക്കാൻ തുടങ്ങി. ഏറ്റവുമധികം കയറിപ്പോകുന്നത് ഏത്തക്കായ ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇ ഇത്തവണ പൂക്കളുടെ കയറ്റുമതിയും കൂടുതലാണ്. സാധാരണ കൊച്ചിയിൽ നിന്നുള്ള ശരാശരി പ്രതിദിന കയറ്റുമതി 120 ടൺ ആണ്. ഇതിൽ 70% (84 ടൺ) പഴങ്ങളും പച്ചക്കറികളുമാണ്. ഈ മാസം 7 മുതൽ പച്ചക്കറി കയറ്റുമതി 110 ടണ്ണിനു മുകളിലായി. ഇന്നും നാളെയും 160 ടൺ വീതം അയയ്ക്കാനുള്ള ഓർഡറുകൾ ലഭിച്ചിട്ടുണ്ട് അധികൃതർ പറയുന്നു.