പുതിയ സംരംഭം തുടങ്ങുന്നതിനോ നിലവിലുള്ളത് നടത്തുന്നതിനോ സർക്കാർ സംവിധാനങ്ങളിൽ നിന്ന് എന്തെങ്കിലും തടസ്സങ്ങൾ നേരിടുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ള പരിഹാരമാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’. ഇന്ത്യയിലാദ്യമായാണ് ഇത്തരമൊരു സുപ്രധാന നടപടി. സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതിനും സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഈ സംവിധാനം.
എന്താണ് ഈ സംവിധാനം?
സംരംഭകർക്ക് മതിയായ കാരണമില്ലാതെ ഏതെങ്കിലും സർക്കാർ ഉദ്യോഗസ്ഥൻ സേവനം വൈകിപ്പിക്കുകയോ നൽകാതിരിക്കുകയോ ചെയ്താൽ അവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ അധികാരമുള്ള ഒരു സംവിധാനമാണിത്. ജില്ലാ, സംസ്ഥാന തലങ്ങളിൽ പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. പൂർണ്ണമായും ഓൺലൈനായി പ്രവർത്തിക്കുന്ന ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന പരാതികളിൽ 30 ദിവസത്തിനകം പരിഹാരം ഉറപ്പാക്കും.
പരാതി നൽകേണ്ടത് എങ്ങനെ?
സംരംഭകർക്ക് അവരുടെ പരാതികൾ http://grievanceredressal.industry.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി രേഖപ്പെടുത്താം.
കമ്മിറ്റികളുടെ ഘടനയും അധികാരവും:
ജില്ലാതല കമ്മിറ്റി: 10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് ജില്ലാതല കമ്മിറ്റി പരിഗണിക്കുന്നത്. ജില്ലാ കളക്ടർ ചെയർമാനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമാണ്.
സംസ്ഥാനതല കമ്മിറ്റി: 10 കോടിക്ക് മുകളിൽ നിക്ഷേപമുള്ള വ്യവസായങ്ങളുടെ പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനങ്ങളിലുള്ള അപ്പീലുകളും സംസ്ഥാനതല കമ്മിറ്റി പരിഗണിക്കും. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്.
ഈ കമ്മിറ്റികൾക്ക് സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഉണ്ടായിരിക്കും. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയാൽ പിഴ ചുമത്താനും വകുപ്പുതല നടപടികൾക്ക് ശുപാർശ ചെയ്യാനും കമ്മിറ്റികൾക്ക് അധികാരമുണ്ട്.
ഈ പരാതി പരിഹാര സംവിധാനം സംരംഭകർക്ക് സർക്കാരിന്റെ പൂർണ്ണ പിന്തുണ ഉറപ്പാക്കുകയും അതുവഴി സംസ്ഥാനത്തെ വ്യവസായ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്യും.

