Public Sector; കേരളത്തിൻ്റെ പൊതുമേഖല കുതിക്കുന്നു! റെക്കോർഡ് നേട്ടങ്ങളോടെ 27 സ്ഥാപനങ്ങൾ ലാഭത്തിൽ

0
11

Public Sector; സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ ഈ സാമ്പത്തിക വർഷം റെക്കോർഡ് വളർച്ച നേടി. ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന റിപ്പോർട്ടിലാണ് ഈ പുതിയ കണക്കുകൾ പുറത്തുവിട്ടത്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 25 സ്ഥാപനങ്ങളാണ് ലാഭത്തിൽ പ്രവർത്തിച്ചത്. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിക്കുകയും ചെയ്തു. വിറ്റുവരവിൽ 9.07% വർദ്ധനവുണ്ടായി, 32 സ്ഥാപനങ്ങൾ വിറ്റുവരവ് വർദ്ധിപ്പിച്ചു. പ്രവർത്തന ലാഭത്തിലും 72.51 ലക്ഷം രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 11 പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമാണ് ലാഭത്തിലുണ്ടായിരുന്നത്. അറ്റാദായം നേടുന്ന സ്ഥാപനങ്ങളുടെ എണ്ണം 9-ൽ നിന്ന് 17 ആയി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റുവരവ് 2299 ലക്ഷത്തിൽ നിന്ന് 2440.14 ലക്ഷമായി വർദ്ധിച്ചു.

ലാഭം നേടിയ കമ്പനികൾ

കെഎംഎംഎൽ, കെൽട്രോൺ, കെൽട്രോൺ ഇസിഎൽ, കെൽട്രോൺ കംപോണൻ്റ്സ്, ടിസിസി, കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി, കയർ കോർപ്പറേഷൻ, കെഎസ്ഐഇ, ടെൽക്ക്, എസ്ഐഎഫ്എൽ, മിനറൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, കെസിസിപിഎൽ, കയർഫെഡ്, സിൽക്ക്, ആർട്ടിസാൻസ് ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ, എഫ്ഐടി, മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ, കെ കരുണാകരൻ സ്മാരക സഹകരണ സ്പിന്നിംഗ് മിൽ, ഫോം മാറ്റിംഗ്സ്, ആലപ്പി സഹകരണ സ്പിന്നിംഗ് മിൽ, സ്മാൾ ഇൻഡസ്ട്രീസ് ഡവലപ്‌മെൻ്റ് കോർപ്പറേഷൻ, പ്രിയദർശിനി സഹകരണ സ്പിന്നിങ് മിൽ, ട്രിവാൻഡ്രം സ്പിന്നിംഗ് മിൽ, കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനി.

48 പൊതുമേഖലാ സ്ഥാപനങ്ങളിൽ ചവറ കെഎംഎംഎൽ ആണ് ഏറ്റവും കൂടുതൽ പ്രവർത്തന ലാഭം നേടിയത് (4548.64 ലക്ഷം രൂപ). ഒക്ടോബറിൽ മാത്രം 1461.24 ലക്ഷം രൂപയുടെ പ്രവർത്തന ലാഭം നേടി. കെൽട്രോൺ കഴിഞ്ഞ വർഷത്തെ നഷ്ടം നികത്തി 1268.20 ലക്ഷം രൂപ പ്രവർത്തന ലാഭം നേടി. കെൽട്രോൺ ഇസിഎൽ 1184.59 ലക്ഷം പ്രവർത്തന ലാഭം കൈവരിച്ചു. പ്രതിരോധ മേഖല, എയ്‌റോസ്‌പേസ്, ഇലക്ട്രോണിക്സ്, നിർമ്മിത ബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യ എന്നിവയിൽ രാജ്യത്തെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച പൊതുമേഖലാ സ്ഥാപനമായി കെൽട്രോൺ മാറി. ഐഎൻഎസ് തമാൽ യുദ്ധക്കപ്പൽ നിർമ്മാണത്തിൽ കെൽട്രോൺ വലിയ പങ്ക് വഹിച്ചു, ആയിരം കോടിയിലേറെ വിറ്റുവരവ് നേടാനും കെൽട്രോണിന് കഴിഞ്ഞു. ഇലക്ട്രിക് സ്കൂട്ടർ വിപണിയിലേക്ക് കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് പ്രവേശിച്ചു. ഗുണനിലവാരമുള്ള മരുന്നുകൾ ഉറപ്പാക്കാൻ കെഎസ്ഡിപി വിപണന കേന്ദ്രം തുറന്നു. കെഇഎല്ലിന് കർണാടക സർക്കാരിൽ നിന്ന് ഓർഡറുകൾ ലഭിച്ച് ബിസിനസ് വിപുലീകരിക്കാനായി.

കെസിസിപിഎൽ ഉൽപ്പന്ന വൈവിധ്യവൽക്കരണത്തിലേക്ക് കടന്നു. ലുലു മാൾ ഉൾപ്പെടെ വിവിധ പ്രീമിയം കേന്ദ്രങ്ങളിൽ വിപണനശാലകൾ തുറന്ന് കയർ കോർപ്പറേഷൻ ലാഭം വർദ്ധിപ്പിച്ചു, 60 ലക്ഷം രൂപയുടെ വിറ്റുവരവും നേടി. തൊഴിലാളികളുടെ നിയമപരമായ ബാധ്യതകൾ തീർക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ 42.50 കോടി രൂപ അനുവദിച്ചിരുന്നു. 32 പൊതുമേഖലാ സ്ഥാപനങ്ങൾ സുരക്ഷാ ഓഡിറ്റ് നടപ്പാക്കിയതായും അവലോകനത്തിൽ വ്യക്തമായി.