കേരളത്തിൽ സ്റ്റാർട്ടപ്പ് മേഖലയിൽ വൻ കുതിച്ചുചാട്ടം. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് പുതുതായി 1,240 സ്റ്റാർട്ടപ്പുകൾ കൂടി രൂപംകൊണ്ടു. ഇതോടെ കേരള സ്റ്റാർട്ടപ്പ് മിഷനിൽ (KSUM) രജിസ്റ്റർ ചെയ്ത കമ്പനികളുടെ ആകെ എണ്ണം 7,700 പിന്നിട്ടു. രജിസ്റ്റർ ചെയ്യാത്ത കമ്പനികൾ കൂടി കണക്കിലെടുക്കുമ്പോൾ സംസ്ഥാനത്തെ ആകെ സ്റ്റാർട്ടപ്പുകളുടെ എണ്ണം 10,000 കടക്കുമെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
രജിസ്റ്റർ ചെയ്ത കമ്പനികളിൽ മാത്രമായി നിലവിൽ 77,000-ത്തിലധികം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകളാണ് കേരളത്തിൽ കൂടുതൽ. മൊത്തം സ്റ്റാർട്ടപ്പുകളുടെ 33 ശതമാനത്തോളം ഐടി അധിഷ്ഠിത സംരംഭങ്ങളാണ്. വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല എന്നിവയുമായി ബന്ധപ്പെട്ട് 20 ശതമാനത്തോളം കമ്പനികൾ പ്രവർത്തിക്കുന്നു. സ്ത്രീ സംരംഭകർ നയിക്കുന്ന എണ്ണൂറോളം സ്റ്റാർട്ടപ്പുകൾ സംസ്ഥാനത്തുണ്ടെന്നതും ശ്രദ്ധേയമാണ്.
ഘടകം. ഇതുവരെ ഏകദേശം 7,500 കോടി രൂപയുടെ ഫണ്ട് വിവിധ സ്റ്റാർട്ടപ്പുകൾക്കായി ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 400 കോടി രൂപയുടെ നിക്ഷേപം ഈ മേഖലയിലുണ്ടായി. സ്റ്റാർട്ടപ്പ് മിഷൻ നേരിട്ട് 18.4 കോടി രൂപ ആദ്യഘട്ട സഹായധനമായി നൽകി. കൂടാതെ, സർക്കാർ വകുപ്പുകൾക്കാവശ്യമായ ഉൽപ്പന്നങ്ങൾ സ്റ്റാർട്ടപ്പുകളിൽ നിന്ന് വാങ്ങുന്നതിനായി നൽകിയ ഇളവുകൾ വഴി 92 ഇടപാടുകളും ഇതിനോടകം നടന്നു.
സംസ്ഥാനത്ത് സ്റ്റാർട്ടപ്പുകൾക്കായുള്ള സ്ഥലസൗകര്യം 10 ലക്ഷം ചതുരശ്രയടിയിൽ നിന്ന് 11.2 ലക്ഷമായി ഉയർത്തി. എല്ലാ ജില്ലകളിലും സ്റ്റാർട്ടപ്പുകൾ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 1,896 കമ്പനികളുള്ള എറണാകുളം ജില്ലയാണ് പട്ടികയിൽ ഒന്നാമത്. 51 ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെന്ററുകളും (IEDC) എട്ട് മിനി ഫാബ്രിക്കേഷൻ ലാബുകളും എറണാകുളത്ത് പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെയും സ്റ്റാർട്ടപ്പ് മിഷന്റെയും കൃത്യമായ ഇടപെടലുകൾ കേരളത്തെ രാജ്യത്തെ തന്നെ പ്രധാന സ്റ്റാർട്ടപ്പ് ഹബ്ബായി മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.

