മുന്നൂറ്റി രണ്ട് തവണ ബാങ്കുകള്‍ നിരസിച്ച ഒരു സ്വപ്നം – സുധീര്‍ ബാബു

0
224

എന്റെ മുന്നിലിരുന്ന ചെറുപ്പക്കാരന്‍ നിരാശാഭരിതനായിരുന്നു. മിഴികളില്‍ അലച്ചിലിന്റെ മടുപ്പ് പ്രകടമായിരുന്നു. ഇനിയൊന്നും പ്രതീക്ഷിക്കാനില്ല എന്നതായിരുന്നു അയാളുടെ ശരീരഭാഷയും.

അശോക് നല്ലൊരു സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ ആണ്. പഠനം കഴിഞ്ഞപ്പോള്‍ തന്നെ നല്ലൊരു ഒരു സോഫ്റ്റ്വെയര്‍ കമ്പനിയില്‍ തന്നെ ജോലി ലഭിച്ചു. പക്ഷേ ബിസിനസിനോടുള്ള അഭിനിവേശം വെറും രണ്ട് വര്‍ഷം മാത്രമേ അവിടെ തുടരാന്‍ അശോകിനെ അനുവദിച്ചുള്ളൂ. ഉള്‍വിളി ശക്തമായ ഒരു ദിവസം അശോക് ജോലി രാജിവെച്ചു പടിയിറങ്ങി.

തനിക്കൊപ്പം പഠിച്ച രണ്ട് സുഹൃത്തുകള്‍ക്കൊപ്പം അശോക് തന്റെ ബിസിനസ് യാത്രക്ക് തുടക്കം കുറിച്ചു. പഠനകാലത്തെ സ്വപ്നം പൂവിട്ടതിന്റെ ത്രില്ലിലായിരുന്നു മൂവരും. കൈയ്യിലുണ്ടായിരുന്നതും വീട്ടില്‍ നിന്നും സംഘടിപ്പിച്ചതുമൊക്കെയായി കൊച്ചിയില്‍ ഒരു ഓഫീസ് തുടങ്ങി. ആദ്യമൊക്കെ ചില ചെറിയ വര്‍ക്കുകള്‍ ചെയ്തു കമ്പനി മുന്നോട്ട് പോയി. വളരെ അപ്രതീക്ഷിതമായാണ് വിദേശത്തു നിന്നും ഒരു ഓര്‍ഡര്‍ ലഭിക്കുന്നത്. അത് നടപ്പിലാക്കുവാന്‍ നല്ലൊരു തുക ആവശ്യമുണ്ട്. എന്ത് ചെയ്യും?

അശോകും സുഹൃത്തുക്കളും കൂടി ബാങ്കുകളെ സമീപിച്ചു. നാല് ബാങ്കുകള്‍ അവരുടെ പ്രൊപ്പോസല്‍ തള്ളിക്കളഞ്ഞു. ജീവിതത്തില്‍ അപ്രതീക്ഷിതമായി ലഭിച്ച ഒരു വഴിത്തിരിവ്. അതില്‍ ജീവിതം പടുത്തുയര്‍ത്താന്‍ മോഹിച്ച മൂന്ന് ചെറുപ്പക്കാര്‍. അവരുടെ സ്വപ്നത്തിനേറ്റ തിരിച്ചടി. മൂന്നുപേരും മാനസികമായി തകര്‍ന്നു.

”നാല് ബാങ്കുകള്‍ ഞങ്ങളെ തള്ളിക്കളഞ്ഞു. ഇനി ബാങ്കുകളെ സമീപിക്കുവാന്‍ ഞങ്ങള്‍ക്ക് വയ്യ. പണം കിട്ടുമെന്ന പ്രതീക്ഷ ഞങ്ങള്‍ക്കില്ല. ഇതൊക്കെ പൂട്ടിക്കെട്ടി വല്ല ജോലിക്കും പോകുവാന്‍ തീരുമാനിച്ചു.” അശോക് എന്നോട് പറഞ്ഞു.

”എത്ര ബാങ്കുകള്‍ നിങ്ങളെ നിരസിച്ചു?” ഞാന്‍ പിന്നേയും ചോദിച്ചു.

”നാല് ബാങ്കുകള്‍” അശോക് ചോദ്യം ഇഷ്ട്ടപ്പെടാത്തത് പോലെ എന്റെ മുഖത്ത് നോക്കി ചുണ്ടുകള്‍ അനക്കി.

ഞാന്‍ ചിരിച്ചു ”നിങ്ങള്‍ മുന്നൂറ്റി രണ്ട് തവണ നിരസിക്കപ്പെട്ടിട്ടുണ്ടോ?”

അശോക് അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി ”മുന്നൂറ്റി രണ്ട് തവണയോ?”

”അതേ”, ഞാന്‍ തുടര്‍ന്നു. ”ഞാനൊരു കഥ സോല്ലട്ടുമാ! പട്ടിക്കുള്ള ആഹാരം കഴിച്ചു ജീവിച്ച ഒരു ചെറുപ്പക്കാരന്റെ കഥ”

അശോക് ഒന്നിളകിയിരുന്നു.

Laugh – O – Gram എന്ന അനിമേഷന്‍ സ്റ്റുഡിയോ ആ ചെറുപ്പക്കാരന്‍ പടുത്തുയര്‍ത്തിയത് തന്റെ സ്വപ്നങ്ങള്‍ക്ക് മേലെയായിരുന്നു. വാള്‍ട്ട് ഡിസ്‌നി എന്ന യുവാവിന് അന്ന് പ്രായം ഇരുപത് മാത്രം. കഴിവും ആത്മാര്‍ത്ഥതയും മാത്രം മൂലധനം. എങ്ങനെയെങ്കിലും രക്ഷപ്പെട്ടേ മതിയാകൂ. അഹോരാത്രം ബുദ്ധിമുട്ടി. ജീവിതം രക്ഷപ്പെടുമെന്ന തോന്നല്‍. പക്ഷേ കാര്യങ്ങള്‍ പെട്ടെന്നാണ് കീഴ്‌മേല്‍ മറിഞ്ഞത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ കമ്പനി പാപ്പരായി. ആരും സഹായിക്കാനില്ല. പ്രക്ഷുബ്ധമായ കടലിന് നടുവില്‍ ഒറ്റയ്ക്ക് അകപ്പെട്ട പോലെ. ചുറ്റും ആര്‍ത്തിരമ്പുന്ന തിരമാലകള്‍. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ല. ജീവിതം വഴിമുട്ടി നിന്ന നാളുകള്‍. വാടക കൊടുക്കാന്‍ പോലും കയ്യില്‍ കാശില്ല.

വാടക കൊടുക്കാതിരിക്കുക, അതേ അത് നല്‍കാന്‍ കഴിയാതിരിക്കുക ഭയങ്കര നാണക്കേടാണ്. പക്ഷേ അതിലും വലിയ ദുരന്തമാണ് ഭക്ഷണം കഴിക്കുവാന്‍ പോലും പണമില്ലാതെയാകുക എന്നത്. വിശപ്പിനെ അകറ്റാന്‍ ആ ചെറുപ്പക്കാരന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗം പട്ടിക്കുള്ള ഭക്ഷണം കഴിക്കുക എന്നതായിരുന്നു.

വേറെ നിവൃത്തിയില്ല, ആ ദിവസങ്ങള്‍ വാള്‍ട്ട് ഡിസ്‌നി തള്ളിനീക്കിയത് പട്ടിക്കായി നല്‍കുന്ന ഭക്ഷണം കഴിച്ചു കൊണ്ടാണ്. നമ്മള്‍ നമ്മുടെ ഏറ്റവും വന്യമായ കിനാവുകളില്‍ പോലും കാണുവാന്‍ ഇഷ്ട്ടപ്പെടാത്ത ഒന്ന്. ജീവിതം അങ്ങിനെയാണ്. നമുക്ക് ഇഷ്ട്ടമുള്ളതല്ല അത് പലപ്പോഴും നമുക്കായി മാറ്റിവെക്കുക.

വാള്‍ട്ട് ഡിസ്‌നി എന്ന സംരംഭകന്റെ കഥ ഇവിടെ തുടങ്ങുകയാണ്.

ലോകത്തെ കീഴടക്കിയ മിക്കി മൗസ് എന്ന ചുണ്ടെലിയേയും മാറത്തടുക്കി വാള്‍ട്ട് ഡിസ്‌നി ആദ്യം ചെന്ന് കയറുന്നത് ഫിലിം ഇന്‍ഡസ്ട്രിയിലെ അതികായന്‍മാരായ എംജിഎം സ്റ്റുഡിയോയിലേക്കാണ്. തന്റെ കരവിരുതില്‍ മെനഞ്ഞ മിക്കി മൗസിനെ വാള്‍ട്ട് ഡിസ്‌നി അവരുടെ മുന്നില്‍ വെച്ചു. പിന്നീട് ലോകത്തിന്റെ ഹൃദയം കൈയ്യടക്കിയ മിക്കി മൗസിനെ അവര്‍ ചവറ്റു കുട്ടയിലേക്കിട്ടു.

സിനിമാ സ്‌ക്രീനില്‍ ഇത്ര വലിയ എലിയെ കാണുന്ന സ്ത്രീകള്‍ ഭയാകുലരാകും. നിരസിച്ചതിന് അവര്‍ പറഞ്ഞ ന്യായീകരണം അതായിരുന്നു.

പിന്നീട് സംഭവിച്ചത് ചരിത്രം. മിക്കി മൗസ് ഈ പ്രപഞ്ചത്തിലെ ഓരോ വീട്ടിലുമെത്തി.

ഡിസ്‌നി ലാന്‍ഡ്, എന്ന തീം പാര്‍ക്ക് വാള്‍ട്ട് ഡിസ്‌നിയുടെ ഏറ്റവും വലിയ സ്വപനമായിരുന്നു. ഒരു സാധാരണക്കാരന്‍ ഒരിക്കലും സ്വപ്നം കാണാന്‍ ധൈര്യപ്പെടാത്ത ഒരു പ്രോജക്റ്റ്. ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ ഒന്നായി അത് മാറും എന്ന ആത്മവിശ്വാസം വാള്‍ട്ട് ഡിസ്‌നിക്ക് ഉണ്ടായിരുന്നു.

തന്റെ സ്വപ്ന പദ്ധതിയുമായി അദ്ദേഹം ബാങ്കുകളുടെ പടികള്‍ കയറിയിറങ്ങി.

”നിങ്ങള്‍ക്കൂഹിക്കാമോ അശോക്, വാള്‍ട്ട് ഡിസ്‌നിയുടെ ഡിസ്‌നി ലാന്‍ഡ് എന്ന പ്രൊജക്റ്റ് എത്ര തവണ ബാങ്കുകള്‍ നിരസിച്ചു എന്ന്” ഞാന്‍ ചോദിച്ചു.

അശോകിന്റെ മുഖത്ത് ഒരു ചിരി വിരിഞ്ഞു ”മുന്നൂറ്റി രണ്ട് തവണ” അയാള്‍ പറഞ്ഞു.

അതേ, ഇന്ന് ലോകത്തെ ഏറ്റവും മികച്ച ടൂറിസം സ്‌പോട്ട്. ഒരു വര്‍ഷത്തില്‍ അഞ്ച് കോടി ജനങ്ങള്‍ ലോകത്തിന്റെ എല്ലാഭാഗത്തു നിന്നും എത്തുന്ന ഭൂമിയിലെ പറുദീസ. അത് ബാങ്കുകള്‍ മുന്നൂറ്റി രണ്ട് തവണ നിരസിച്ചതാണ്.

ഒരു സംരംഭകന്റെ നിശ്ചയധാര്‍ഡ്യവും സ്വപ്നങ്ങളെ പിന്തുടരുവാനുള്ള കരളുറപ്പും എന്തായിരിക്കണമെന്ന് വാള്‍ട്ട് ഡിസ്‌നിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ജീവന്‍ നിലനിര്‍ത്താന്‍ പട്ടിക്ക് കൊടുക്കുന്ന ഭക്ഷണം കഴിച്ച വാള്‍ട്ട് ഡിസ്‌നി എന്ന സംരംഭകന്‍ സംരംഭക ലോകത്തെ ഒരു ഇതിഹാസമായി മാറുന്നത് പൂക്കള്‍ വിരിച്ച പാതയിലൂടെ നടന്നത് കൊണ്ടല്ല മറിച്ച് കല്ലും മുള്ളും നിറഞ്ഞ പാത താണ്ടിയത് കൊണ്ട് മാത്രമാണ്.

ചെറിയ കാറ്റില്‍ ഉലഞ്ഞുപോകുന്ന സംരംഭകര്‍ ഇവരെ അറിയണം. സഹനത്തിന്റെ പാതയാണ് സംരംഭകത്വം എന്ന തിരിച്ചറിവ് നമ്മുടെ ഉള്ളില്‍ പക്വത വളര്‍ത്തും. ഓരോ വെല്ലുവിളികളേയും മനോബലത്തോട് കൂടി നേരിടാന്‍ അത് നമുക്ക് കരുത്തേകും. കാറ്റും കോളുമില്ലാത്ത കടല്‍ നാവികന്റെ സ്വപ്നമാണ്. അത് യാഥാര്‍ത്ഥ്യമല്ല. സംരംഭകത്വം പ്രശ്‌നങ്ങളുടെ ഉള്ളില്‍ വളരുന്ന ഒരു വിത്താണ്. അതിന്റെ ആവാസവ്യവസ്ഥയില്‍ നിന്ന് പ്രശ്‌നങ്ങളെ നമുക്ക് ഒഴിച്ച് നിര്‍ത്താന്‍ സാദ്ധ്യമല്ല.

ഇതൊന്നും കഥകളല്ല. പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളാണ്. നേരിടാന്‍ മനസിനെ കരുത്തുറ്റാക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.

സുധീര്‍ ബാബു