തോല്‍വി വിജയത്തിൻ്റെ ചവിട്ടുപടിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ജിനി ഗോപാല്‍. യുവ സംരഭകയെന്നും ഫിറ്റ്‌നെസ്സ് ക്യൂന്‍ എന്നുമാണ്
ജിനി ഇന്ന് അറിയപ്പെടുന്നത്. ഒരു ശരാശരി കുടുംബത്തിലെ ഏക മകള്‍. ഇടുക്കി ജില്ലയിലെ കുട്ടിക്കാനം എന്ന കൊച്ചു ഗ്രാമത്തില്‍ നിന്നും വന്ന പെണ്‍കുട്ടി. പ്ലസ്ടുവില്‍ ഒരു വിഷയത്തിനു തോറ്റു പോയ പെണ്‍കുട്ടി ഇന്ന് മിസ്സ് കേരളയും കൊച്ചിയിലെ പ്രമുഖ യുവ സംരഭകയുമാണ്. അവരുടെ അര്‍പ്പണബോധവും ലക്ഷ്യബോധവും ഒന്ന്‌കൊണ്ട് മാത്രമാണ് ഇന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാവും വിധത്തില്‍ വളര്‍ന്നത്.
പ്ലസ്ടുവിന് ഒരു വിഷയം കിട്ടാതെ വന്നപ്പോള്‍ ജീവിതം അവസാനിച്ചു എന്ന് കരുതിയടുത്ത് നിന്നാണ് ജിനിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. പരീക്ഷ ഹാളില്‍ കുഴഞ്ഞുവീണു. ഒരു പരീക്ഷ എഴുതാതെ പ്ലസ് ടു തോറ്റു. പക്ഷെ അതിന് പിന്നാലെ പോയി ഒരു വര്‍ഷം കളയാന്‍ ജിനി തയ്യാറായിരുന്നില്ല. അതിന് കാരണം പ്ലസുവിന് ശേഷം മുന്നോട്ടുള്ള പഠനത്തെക്കുറിച്ചുള്ള ആശങ്കയായിരുന്നു. അച്ഛന് ഞാന്‍ മെഡിസിന് പോകണമെന്നായിരുന്നു ആഗ്രഹം. എന്‍ട്രന്‍സിനും പ്ലസടുവിന് പോയ ഒരു വിഷയം എഴുതാനും അടുത്ത വര്‍ഷം തിരഞ്ഞെടുത്തു.
ആ ഇടവേളയ്ക്ക് എറണാകുളത്തെ കിറ്റക്‌സില്‍ വന്ന് ജോലിക്ക് ചേര്‍ന്നതോടെ കാഴ്ചപ്പാടുകളൊക്കെ മാറി. ഇവിടെ ജോലി ചെയ്യുമ്പോഴാണ് ഡിസൈനിങ്ങിനോടുള്ള ഇഷ്ടം തിരിച്ചറിഞ്ഞത്. ആ മേഖലയില്‍ എൻ്റേതായ രീതിയില്‍ മാറ്റുരയ്ക്കാന്‍ കഴിയുമെന്നുറപ്പിച്ചു. പ്ലസ് ടു എഴുതിയെടുത്തു. ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബിഎഫ്ടി) പൂര്‍ത്തിയാക്കി. ശേഷം ക്യാമ്പസ് പ്ലേസ്‌മെന്റില്‍ അവിടെ കുറച്ച് കാലം ജോലി ചെയ്തു.പെരുമ്പാവൂര്‍ മാര്‍ത്തോമ വിമെന്‍സ്ല്‍ നിന്നും BCA യും
പൂര്‍ത്തിയാക്കി. ലോണ്‍ എടുക്കാതെ സ്വന്തമായി അധ്യാനിച്ചാണ് ലക്ഷങ്ങള്‍ ചിലവ് വരുന്ന ബിഎഫ്ടി യും ബിസിഎ യും ഒക്കെ പൂര്‍ത്തിയാക്കിയത്.
പഠനശേഷം ബാംഗ്ലൂരിലെയും കൊച്ചിയിലെയും ഒന്ന് രണ്ട് സ്ഥാപനങ്ങളില്‍ ജോലി നോക്കിയെങ്കിലും തൻ്റെ ഇഷ്ടങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കും ചിറക് കൊടുത്ത് പറക്കാന്‍ പറ്റിയ ഇടമല്ല എന്ന് മനസ്സിലാക്കിയതോടെ ജോലി അവസാനിപ്പിച്ചു. തനിക്ക് തൻ്റേതായ രീതിയില്‍ വിജയിക്കണമെന്ന ഒറ്റ ആഗ്രഹവും ആത്മവിശ്വാസവും കൊണ്ട് ജോലിചെയ്തുണ്ടാക്കിയ തുച്ചമായ പണംകൊണ്ട് ഒരു രൂപ പോലും ലോണ്‍ എടുക്കാതെ കുറച്ച് മെഷിനുകളും രണ്ട് ജീവനക്കാരുമായി വടകമുറിയില്‍ വസ്ത്രനിര്‍മാണ യുണീറ്റ് തുടങ്ങി. ‘ആറ്റിറ്റ്യൂഡ് ദി അറ്റയര്‍ ഡിസൈനറി‘ എന്ന പേരിലാണ് വസ്ത്ര യൂണിറ്റ് തുടങ്ങിയത്.
ഒറ്റയ്ക്ക് പുതിയൊരു സംരഭം എന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഞാന്‍ ഉറച്ച തീരുമാനത്തോടെ വന്നയാളാണ്. ശരിയായ ദിശയില്‍ ആണ് ഞാനെന്ന ബോധ്യമെനിക്കുണ്ടായിരുന്നു. അതുകൊണ്ട് വിജയത്തെ കുറിച്ച് എനിക്ക് ആശങ്കകള്‍ ഒന്നുമില്ലായിരുന്നു. ബിസ്സിനെസ്സ് തുടങ്ങിയത് എൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു. ഇല്ലെങ്കില്‍ ജീവിതം ഇന്നും ശരാശരി മാത്രമാകുമായിരുന്നു. മിസ്സ് എറണാകുളവും മിസ്സ് കേരളയും ഒക്കെ കിട്ടിയപ്പോള്‍ പലരും ചോദിച്ചു ഡിസൈനിങ് വിട്ടോ എന്ന് ഒരിക്കലുമില്ല. ആറ്റിറ്റ്യൂഡ് അന്നും ഇന്നും എന്നും എനിക്കെൻ്റെ ശ്വാസമാണ്. എത്ര പ്രായം ആയാലും ലോകത്തു എവിടെ പോയാലും എനിക്കെൻ്റെ ജോലി ചെയ്യാന്‍ സാധിക്കും. ക്ലോത്തിങ്ങിൻ്റെ പോസ്സിബിലിറ്റീസ് അണ്‍ലിമിറ്റഡ് ആണ്.
കലൂരിലെ വാടകമുറിയില്‍ ആരംഭിച്ച ആറ്റിറ്റ്യൂഡ് പിന്നീട് പാലാരിവട്ടത്തേക്ക് മാറ്റി. ബൊട്ടീക്ക് എന്ന ആശയത്തിലല്ല ജിനി ആ സംരംഭം ആരംഭിച്ചത്. സാധാരണക്കാര്‍ക്ക് ദിവസവും ഉപയോഗിക്കാന്‍ പറ്റുന്നതും ഗുണനിലവാരവുമുള്ള വസ്ത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായിരുന്നു ലക്ഷ്യം. ഡിസൈനിങ്ങിനും ബിസ്സിനസിനും പുറമെ ഇപ്പോള്‍ ഫിറ്റ്‌നസ് മോഡലിങ്ങും പരീക്ഷിക്കുന്നു.
മലയാളത്തിൻ്റെ പ്രിയപ്പെട്ട മാഗസിനുകളുടെ കവര്‍ മോഡലുകള്‍ക്കായി ചെയ്ത ഡിസൈനുകളാണ് ജിനിയെ ഡിസൈനര്‍ എന്ന നിലയില്‍ ശ്രദ്ധേയമാക്കിയത്. പിന്നീട് അങ്ങോട്ട് കരുത്തുറ്റ യുവ വനിത സംരഭകയായി ജിനി വളരെ വേഗത്തില്‍ വളര്‍ന്നു.
രണ്ടു പേരെ വച്ചു തുടങ്ങിയ യൂണിറ്റില്‍ ഇപ്പോള്‍ നൂറിലധികം പേര്‍ ജോലി ചെയ്യുന്നുണ്ടെന്ന് ജിനി അഭിമാനത്തോടെ പറയുന്നു. ഇത്രയും ചെറിയ പ്രായത്തില്‍ ബിസ്സിനസ് തുടങ്ങുക..ഡിസൈനിങ്ങിലെ പ്രതിഭ കൊണ്ട് അത് ശ്രദ്ധിക്കപ്പെടുത്തുകയും വിജയത്തിലെത്തിക്കുകയും ചെയ്യുക. അതില്‍ പിന്നിലുള്ള ഒരു പെണ്‍കുട്ടിയുടെ ആത്മസമര്‍പ്പണവും അധ്വാനവും ആത്മവിശ്വാസവും ഒക്കെയാണ് നാം മനസിലാക്കേണ്ടത്..
പ്രതിസന്ധികള്‍ പല രൂപേണ കൂടെയുണ്ടായിരുന്നു. വസ്ത്ര യൂണിറ്റ് തുടങ്ങിയ സമയത്താണ് അച്ഛന് ഡിമെന്‍ഷ്യ പിടിപെട്ടത്. കൂടുതല്‍ സമയം അച്ഛനോടൊപ്പം ചിലവഴിക്കേണ്ടി വന്നു. മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നതെങ്കില്‍ അച്ഛനെ സംരക്ഷിക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം മുഴുവന്‍ സമയവും അച്ഛന് ശ്രദ്ധ ആവശ്യമുണ്ട്. ‘ചെറുപ്പം മുതല്‍ അച്ഛനെ ചുറ്റിപറ്റി വളര്‍ന്ന ഒരു കുട്ടിയാണ് ഞാന്‍. അച്ഛനായിരുന്നു എൻ്റെ ലോകവും ധൈര്യവും.അച്ഛന്‍ വളരെ സ്വാത്വികനായിരുന്നു. അമ്മ വളരെ അധ്വാനിയും. ഏതൊരു അസുഖവും ഭേദമാകുമെന്ന പ്രതീക്ഷയിലാണ് ചികിത്സ. പക്ഷേ ഡിമെന്‍ഷ്യ അങ്ങനെ അല്ല. തുടക്കത്തില്‍ എൻ്റെ മനസ്സ് തകര്‍ന്നു. ഒരുപാട് വിഷമിച്ചു. അച്ഛനെക്കാളും വലുതല്ല എനിക്ക് മറ്റൊന്നും. പതുക്കെ ഞാന്‍ പൊരുത്തപെട്ടു പിന്നെ ഇഷ്ടപ്പെട്ടു. പിന്നെ അത് ആസ്വദിച്ചു. അച്ഛന്‍ വളരെ സന്തോഷത്തില്‍ ആയിരുന്നു. അച്ഛൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നാളുകള്‍ അസുഖം ബാധിച്ച അവസാന 5 വര്‍ഷങ്ങള്‍ ആയിരുന്നു. വനിതാ സംരഭകയായി അറിയപ്പെട്ടപ്പോഴാണ് തൻ്റെ അച്ഛന്‍ വിട പറഞ്ഞത്. ‘
ഒരുപാട് ആളുകള്‍ ജിനിയെ ഇഷ്ടപ്പെട്ടത് അച്ഛൻ്റെ സ്‌നേഹഭാജനം എന്ന നിലയിലാണ്. അച്ഛനും മകളും തമ്മിലുള്ള അസാധാരണവും അഗാധവുമായ സ്‌നേഹത്തിൻ്റെ കഥ ഇതിനോടകം നമ്മള്‍ കേട്ടതാണ്. സമൂഹത്തിനു മാതൃകയാകുന്ന തരത്തില്‍ ഒരു മകളെ വളര്‍ത്തിയെടുക്കുക. മുതിര്‍ന്ന 10 ആളുകള്‍ക്ക് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ള അസുഖം. ഒരു ചെറിയ പെണ്‍കുട്ടി ഒറ്റക്ക് കൂച്ചു വിലങ്ങ് ഇടുന്നു. വാര്‍ദ്ധക്യത്തില്‍ സ്‌നേഹവും സംരക്ഷണവും ആവോളം ഏറ്റുവാങ്ങുന്ന ഒരച്ഛന്‍. രണ്ടുപേരും ഉദാത്ത മാതൃകകള്‍ തന്നെയാണ്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഒരു കാലഘട്ടത്തെ മനസിലെ നന്മകൊണ്ടും സ്‌നേഹംകൊണ്ടും നേരിട്ട് ഒരു സുവര്‍ണ്ണ കാലം അച്ഛന് സമ്മാനിച്ച മകള്‍. ഈ സമയത്തതാണ് ജിനി
നല്ല മകളും വ്യക്തിയും സമൂഹജീവിയും ആണെന്ന് തെളിയിച്ചത്.
തൻ്റെ റോള്‍മോഡലായ അച്ഛൻ്റെ വിയോഗത്തില്‍ നൂലു പൊട്ടിയ പട്ടം പോലെയായി മാറിയപ്പോള്‍ പലതും പരീക്ഷിച്ചു. യാത്ര, വായന, നൃത്തം, യോഗ,ഗിറ്റാര്‍ അങ്ങനെ ഓരോന്ന് പരീക്ഷിച്ചു. ഒടുവില്‍ ആലിന്‍ ചുവട് ഫിറ്റ്‌നസ് സെന്ററില്‍ ചേര്‍ന്നതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ഫിറ്റ്‌നസ് രംഗത്തേക്ക് തന്നെ എത്തിച്ചത് പരിശീലകനായ അനന്തു രാജാണ്. ഫിറ്റ്‌നസ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ദ്ദേശിച്ചതും അനന്തുവാണ്. ആദ്യം മിസ്സ് എറണാകുളം ഡിസ്ട്രിക്ട് ചാംപ്യന്‍ഷിപ് കരസ്ഥമാക്കി പിന്നെ മിസ്സ് കേരള സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്.. ഇനി മിസ്സ് ഇന്ത്യ നാഷണല്‍ ചാമ്പ്യന്‍ഷിപ് നുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ജിനി. ഇതിനൊക്കെ ഉപരിയായി താന്‍ ഒരു ഡിമെന്‍ഷ്യ ചാമ്പ്യന്‍ ആണെന്ന് ജിനി പറയുന്നു.
തനിക്ക് ഒന്നും നേടാന്‍ ആകില്ലെന്നും എന്തെങ്കിലും ഒരു പരാജയം നുണയുമ്പോള്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവര്‍ക്കും വലിയ ഒരു പാഠമാണ് ജിനി വെട്ടിപ്പിടിച്ച ഈ ജീവിതവും നേട്ടങ്ങളും…