ഒരു ചോദ്യവും ഉത്തരവും
ഒരു സംരംഭകത്വ പരിശീലനത്തിനിടയിലാണ് അതുല്‍ ആ ചോദ്യം ചോദിച്ചത്.
”സര്‍, ബിസിനസിനുള്ള ആശയങ്ങള്‍ നമ്മള്‍ കണ്ടെത്തുന്നത് എങ്ങിനെയാണ്.”
ചോദ്യം വളരെ പ്രസക്തമാണ്, ഗഹനവുമാണ്. ബിസിനസിന്റെ വിത്ത് ആശയമാണ്. ആശയത്തില്‍ നിന്നാണ് ഏത് മഹത്തായ ബിസിനസും ജന്മമെടുക്കുന്നത്. മികച്ച ഒരു ആശയത്തെ നമുക്ക് വെള്ളവും വളവും നല്കി വളര്‍ത്തി വലിയൊരു ബിസിനസ് ആക്കുവാന്‍ സാധിക്കും. പക്ഷേ എങ്ങിനെയാണ് അത്തരമൊരു ആശയം കണ്ടെത്തുക.
ഞാന്‍ പറഞ്ഞു ”ആശയം കണ്ടെത്തുക വളരെ വിഷമം പിടിച്ച ഒരു ജോലി തന്നെയാണ്. ആശയങ്ങള്‍ ഉരുത്തിരിഞ്ഞു വരേണ്ടത് നമ്മിലാണ്. അതുകൊണ്ട് തന്നെ നമ്മളെ നാം തന്നെ തയ്യറെടുപ്പിക്കേണ്ടതുണ്ട്. തന്റെ ചുറ്റുപാടുകളെ സൂഷ്മമായി നിരീക്ഷിക്കുന്ന ഒരാള്‍ക്ക് മാത്രമേ ആശയങ്ങള്‍ കണ്ടെത്തുവാന്‍ കഴിയൂ. അതിന് തീഷ്ണമായ നിരീക്ഷണ പാടവം കൂടിയേ തീരൂ. താന്‍ ഇടപെടുന്ന പൊതുസമൂഹത്തേയും തന്റെ കുടുംബത്തേയും അവയുടെ ചലനങ്ങളേയും നിരന്തരം പിന്തുടരേണ്ടതുണ്ട്. അറിവിന്റെ പാതയിലൂടെയുള്ള ആ യാത്രയില്‍ നമുക്ക് ആശയങ്ങള്‍ ലഭിച്ചു തുടങ്ങും.”
എങ്ങിനെ നമുക്ക് ആശയങ്ങളെ കണ്ടെത്താം?
ആശയങ്ങളെ നാം കണ്ടെത്തുന്നത് നമ്മുടെ ചുറ്റുവട്ടങ്ങളില്‍ നിന്ന് തന്നെയാണ്. അതിനായി നമുക്ക് താഴെപ്പറയുന്ന രീതികള്‍ അവലംബിക്കാം.
1. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മളും, സുഹൃത്തുക്കളും, കുടുംബവും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ ശ്രദ്ധിക്കുക.
2. നമ്മുടെ ജോലിയില്‍ നാം നേരിടുന്ന പ്രശ്‌നങ്ങളെ നിരീക്ഷിക്കുക.
3. നമ്മുടെ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നതും എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ പരിഹരിക്കപ്പെട്ടതുമായ പ്രശ്‌നങ്ങളെ പഠിക്കുക.
4. നവീനങ്ങളായ പ്രവണതകളെ നയിക്കുന്ന ബിസിനസ് പ്രസ്ഥാനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നിരീക്ഷിക്കുക.
ആശയങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്
നല്ല നിരീക്ഷണ പാടവമുള്ള ഒരു വ്യക്തിക്ക് തന്റെ ആവാസവ്യവസ്ഥയില്‍ നിന്നു തന്നെ മികച്ച ആശയങ്ങളെ കണ്ടെത്തുവാന്‍ കഴിയും. നാം ഇന്നുപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളിലൂടെയും ഒന്ന് കണ്ണോടിക്കൂ. അതിന്റെയെല്ലാം ലക്ഷ്യം ഒന്ന് തന്നെയാണ്. നമ്മുടെ ജീവിതത്തെ ലളിതമാക്കുക, ഒന്നുകൂടി സുഗമമാക്കുക, കൂടുതല്‍ സുരക്ഷിതമാക്കുക. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഓരോന്നും രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നമ്മുടെ ആവശ്യങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് അവയും മാറിക്കൊണ്ടേയിരിക്കുന്നു.
എങ്ങിനെയാണ് ഈ ഉത്പന്നങ്ങളെല്ലാം ജന്മമെടുത്തത്. മനുഷ്യനെയും അവന്റെ ജീവിതത്തേയും നിരന്തരം നിരീക്ഷിച്ചു തന്നെയാണ് ആശയങ്ങള്‍ക്ക് രൂപം നല്കിയിട്ടുള്ളത്. തന്റെ ജിവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ക്ക് സാദ്ധ്യതകള്‍ ഉള്ള ഉത്പന്നങ്ങളെ മനുഷ്യന്‍ ഇഷ്ട്ടപ്പെടുന്നു. തന്റെ ജീവിതത്തെ സങ്കീര്‍ണ്ണതയിലേക്ക് തള്ളിവിടാന്‍ അവന്‍ താല്‍പ്പര്യപ്പെടുന്നില്ല. തന്റെ സമയത്തെ കൂടുതല്‍ ഉത്പാതനക്ഷമങ്ങളായ മറ്റ് പ്രവര്‍ത്തികളിലേക്ക് തിരിച്ചു വിടാന്‍ അവന്‍ ആഗ്രഹിക്കുന്നു.
ചെറിയൊരു വാഷിംഗ് മെഷീന്‍ ചെയ്യുന്ന പ്രവര്‍ത്തി നോക്കൂ. വീട്ടിലെ എത്രമാത്രം സമയം അത് ലാഭിക്കുന്നു. കഠിന പ്രയത്‌നം ആവശ്യമുള്ള ഒരു ജോലിയെ അത് സരളമാക്കുന്നു. അത്തരമൊരു യന്ത്രം ആവിര്‍ഭവിക്കുന്നത് മനുഷ്യന്റെ ദൈനംദിന ആവശ്യകതയില്‍ നിന്നാണ്. അത്തരം നവീനതകളെ മനുഷ്യന്‍ ഇഷ്ട്ടപ്പെടുന്നു, സ്വീകരിക്കുന്നു.
പ്രശ്‌നങ്ങളെത്തേടി അലയൂ
ആശയം തേടി ഒരു ഭ്രാന്തനെപ്പോലെ നാം അലയണോ? തീര്‍ച്ചയായും ആവശ്യമില്ല. കണ്ണുകള്‍ തുറന്ന് ചുറ്റും നോക്കിയാല്‍ മതി. ഇന്ന് നാം ഉപയോഗിക്കുന്ന എന്തും ഇനിയും മാറ്റങ്ങള്‍ ആവശ്യമുള്ളവയാണ്. നിരന്തരം മെച്ചപ്പെടുത്തിക്കൊണ്ടിരുന്നാല്‍ മാത്രമേ ഉത്പന്നങ്ങള്‍ക്ക് നിലനില്പ്പുള്ളൂ. ഒന്നും അവസാന വാക്കല്ല. അത് കൊണ്ട് തന്നെ ഓരോരുത്തരുടെയും കഴിവിനും അറിവിനും അനുസരിച്ച് അപാര സാധ്യതകളാണ് നമ്മുടെ ചുറ്റുപാടുകള്‍ നമുക്ക് തുറന്ന് നല്‍കുന്നത്.
ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഓരോ പ്രശ്‌നത്തിനും പരിഹാരം ആവശ്യമുള്ളതാണ്. ഇവയെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ നാം തയ്യാറാവണം. നാപ്കിന്‍ എന്ന ഉത്പന്നം അഭിസംബോധന ചെയ്ത പ്രശ്‌നത്തെ ശ്രദ്ധിക്കുക. ഇത് ജീവിതത്തോട് എത്രമാത്രം അടുത്ത ഒരു പ്രശ്‌നമാണെന്ന് തിരിച്ചറിയുക. അതിന് ഒരു പരിഹാരം കൊണ്ട് വരിക ചെറിയൊരു കാര്യമല്ല. നാം ആശയത്തെ തേടിയല്ല യഥാര്‍ത്ഥത്തില്‍ നടക്കേണ്ടത്. മറിച്ച് പ്രശ്‌നങ്ങളെത്തേടിയാണ്. പ്രശ്‌നങ്ങള്‍ നമുക്ക് ആശയങ്ങള്‍ തരും. ആശയങ്ങള്‍ ബിസിനസും.
നിങ്ങളുടെ കയ്യില്‍ ബിസിനസിനുള്ള ആശയമുണ്ടോ എന്നല്ല നാമിനി ചോദിക്കേണ്ടത്. നിങ്ങളുടെ കയ്യില്‍ ഞാന്‍ അഭിസംബോധന ചെയ്യേണ്ട എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചു തുടങ്ങണം. പ്രശ്‌നങ്ങളെ തേടിയുള്ള യാത്രകള്‍ നമ്മെ ലക്ഷ്യത്തിലെത്തിക്കും. യഥാര്‍ത്ഥ സംരംഭകര്‍ എനിക്കൊരു ബിസിനസ് തുടങ്ങണം എന്നല്ല ചിന്തിക്കുന്നത്. അതിനു പകരം എനിക്കൊരു പ്രശ്‌നത്തെ പരിഹരിക്കണം എന്നതാണ്. തന്റെ പ്രശ്‌നത്തെ പരിഹരിക്കുന്ന സംരംഭകനെ ഉപഭോക്താവ് സ്വീകരിക്കുന്നു. പ്രശ്‌നങ്ങള്‍ സംരംഭകര്‍ക്കുള്ള അക്ഷയഖനിയാണ്. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്ള ഒരു സമൂഹം ബിസിനസിന് അവസരങ്ങളുടെ വലിയൊരു കവാടമാണ് തുറന്നിട്ട് തരുന്നത്.