വാടകയ്ക്ക് കിട്ടുന്ന കോഴികളും ഓമനകളായ കല്ലുകളും – സുധീര്‍ ബാബു

0
274

കോഴിയെ വാടകയ്ക്ക് കൊടുക്കുന്ന ബിസിനസോ?

കേട്ടപ്പോള്‍ ആദ്യം ഒന്ന് അമ്പരന്നു. എന്തിനാണ് ആളുകള്‍ കോഴികളെ വാടകയ്ക്ക് എടുക്കുന്നത്. അതിന് എന്ത് ബിസിനസ് സാദ്ധ്യതയാണുള്ളത്?

സംഗതി ശരിയാണ്. വിദേശങ്ങളില്‍ വലിയ ബിസിനസായി ഇത് വളര്‍ന്നു കഴിഞ്ഞു. ചിലപ്പോള്‍ നമ്മള്‍ ആരും ചിന്തിക്കാന്‍ ധൈര്യപ്പെടാത്ത ഒരു ബിസിനസ്.

നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് കൃഷിയെക്കുറിച്ചോ അവയുടെ രീതികളെക്കുറിച്ചോ അറിവ് ഉണ്ടാവണമെന്നില്ല. ചെറിയൊരു കോഴി ഫാം വേണം എന്ന് ആഗ്രഹിക്കുന്ന നഗരവാസികളുണ്ടാകാം. പക്ഷേ തങ്ങള്‍ കോഴികളെ വളര്‍ത്തിയാല്‍ അത് ശരിയാകുമോ അല്ലെങ്കില്‍ അത്തരമൊരു ഉദ്യമം വിജയകരമാകുമോ എന്നതില്‍ സംശയമുണ്ടാകാം. അത്തരമൊരു ചിന്തയില്‍ അവര്‍ കോഴികളെ വാങ്ങി പരീക്ഷിക്കുവാന്‍ മുതിരുകയില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരമാകുന്നു കോഴിയെ വാടകയ്ക്ക് എടുക്കല്‍.

കോഴിയെ വാടകയ്ക്ക് കൊടുക്കുന്ന കമ്പനി അവര്‍ക്കാവശ്യമുള്ള എണ്ണം കോഴികളെ വാടകയ്ക്ക് നല്‍കും. അതിനൊപ്പം അവയെ പരിചരിക്കേണ്ട വിധവും ഭക്ഷണം നല്‍കേണ്ട രീതികളുമൊക്കെ പരിശീലിപ്പിക്കും. വീട്ടുകാര്‍ക്ക് ഈ കോഴികളെ ഒരു നിശ്ചിത കാലയളവില്‍ വളര്‍ത്തി തങ്ങള്‍ക്ക് അനുയോജ്യമായ പ്രവര്‍ത്തിയാണോ കോഴിവളര്‍ത്തല്‍ എന്ന് തീരുമാനിക്കാം.

തങ്ങള്‍ക്ക് പറ്റാത്ത പണിയാണിത് എന്ന് അവര്‍ക്ക് തോന്നിയാല്‍ കോഴികളെ തിരികെ കമ്പനിക്ക് തന്നെ നല്‍കാം. അത്രയും കാലത്തേക്കുള്ള വാടക കമ്പനിക്ക് നല്കിയാല്‍ മതി. ഇനി വീട്ടുകാര്‍ക്ക് കോഴിവളര്‍ത്തല്‍ ഇഷ്ട്ടപ്പെടുകയും തങ്ങള്‍ക്ക് ഇത് ചെയ്യുവാന്‍ സാധിക്കും എന്ന് ആത്മവിശ്വാസം തോന്നുകയും ചെയ്താല്‍ കോഴികളെ അവര്‍ക്ക് സൂക്ഷിക്കാം. കമ്പനിക്ക് കോഴിയുടെ വില നല്കിയാല്‍ മതി.

എന്ത് രസകരമായ ആശയം. ഇതൊരു ബിസിനസായി രൂപപ്പെടും എന്ന് ആര്‍ക്കെങ്കിലും ചിന്തിക്കുവാന്‍ സാധിക്കുമോ?

അങ്ങനെയാണ് ബിസിനസ് ലോകം. ഏത് ആശയവും പണം കായ്ക്കുന്ന മരമായി മാറാം. കേട്ടാല്‍ നമ്മള്‍ ചിരിച്ചു പോകുന്ന ആശയങ്ങള്‍ പോലും ചിലപ്പോള്‍ ബിസിനസായി മാറാം. വട്ടന്‍ ആശയങ്ങള്‍ വേഗം ക്ലച്ച് പിടിക്കാം. ചിരിച്ചു തള്ളിയാലും നാം ഒന്ന് ആലോചിക്കണം എന്തെങ്കിലും ബിസിനസ് സാദ്ധ്യത ആ ആശയത്തിന് ഉണ്ടോ? എന്നത്.

പ്ലേറ്റ് പൊട്ടിക്കൂ ദേഷ്യം തീര്‍ക്കൂ

മറ്റൊരു വട്ടന്‍ ആശയം കേള്‍ക്കൂ. ടോക്കിയോയില്‍ ആണ് സംഭവം. നിങ്ങള്‍ക്ക് ദേഷ്യം കൂടുതലാണോ? നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നുവോ? യാതൊരു പ്രശ്‌നവുമില്ല. നേരെ അകിബാസ് ഹ അടാരി ഡോകോറോയിലേക്ക് കടന്നു ചെല്ലൂ.

അവിടെ നിങ്ങള്‍ക്കായി പ്ലേറ്റുകളും കപ്പുകളും ഒരുക്കി വച്ചിട്ടുണ്ട്. നിങ്ങള്‍ക്കിഷ്ട്ടപ്പെട്ടത് തിരഞ്ഞെടുക്കാം. എന്നിട്ട് ദേഷ്യം മുഴുവന്‍ തീരും വരെ ചുമരില്‍ എറിഞ്ഞ് പൊട്ടിക്കൂ. അവിടത്തെ ജീവനക്കാര്‍ നിങ്ങളുടെ പ്രേക്ഷകരായി ഉണ്ടാകും അവര്‍ കൈയ്യടിച്ച് നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

ദേഷ്യം മുഴുവന്‍ തീര്‍ത്ത് നിങ്ങള്‍ക്ക് വീട്ടിലേക്ക് തിരിച്ചു പോരാം, സ്വസ്ഥമായി. ആരോടും പിണക്കവുമില്ല. ആരും നമ്മെ വെറുക്കുകയുമില്ല. വാട്ട് ആന്‍ ഐഡിയ സര്‍ജി?

എന്റെ സോക്‌സ് എവിടെ?

ഒരു ദിവസം കഴുകാന്‍ കൊടുത്തതാണ് സോക്‌സ് കാണുന്നില്ല. ഒരെണ്ണം തിരിച്ചു കിട്ടി. മറ്റേത് പോയി.

എന്ത് ചെയ്യും? നമുക്ക് ദേഷ്യം വരും. കിട്ടിയ സോക്‌സ് എടുത്ത് വലിച്ചെറിഞ്ഞ് നമ്മള്‍ നമ്മുടെ പാട്ടിന് പോകും. പക്ഷേ എഡ്വിന്‍ ഹെവന്‍ ചെയ്തത് ആ പ്രശ്‌നത്തെ ഒരു ബിസിനസാക്കി മാറ്റുകയായിരുന്നു.

ത്രോക്‌സ് എന്ന ബ്രാന്‍ഡ് അങ്ങിനെ ജനിച്ചു. ഒരു കവറില്‍ ഒരേ ഡിസൈനില്‍ മൂന്ന് സോക്‌സ്. ഒരെണ്ണം പോയാലും മറ്റ് രണ്ടെണ്ണം ഉപയോഗിക്കാം. ഏതാണ്ട് സ്റ്റെപ്പിനി പോലെ. ചില സമയങ്ങളിലെ ബുദ്ധിയെ നമ്മള്‍ നമിച്ചേ തീരൂ.

കല്ലുകള്‍ ഓമനകളായി മാറുന്നു

പൂച്ചകളേയും പട്ടികളേയും പോലെ കല്ലുകളെ നമുക്ക് വീടുകളില്‍ ഓമനകളാക്കി മാറ്റുവാന്‍ സാധിക്കുമോ?

വട്ടാണോ? എന്ന് ചോദിക്കുവാന്‍ വരട്ടെ. ഗാരി ഡാല്‍ സമ്മതിച്ചു തരില്ല. കാരണം കല്ലുകളെ അയാള്‍ വില്‍ക്കുന്നത് പെറ്റുകള്‍ ആയിട്ടാണ്. മനോഹരങ്ങളായ കല്ലുകള്‍ ആളുകള്‍ വാങ്ങിച്ച് വീടുകളില്‍ ഓമനകളെപ്പോലെ സൂക്ഷിക്കുന്നു. ലക്ഷങ്ങള്‍ ലാഭമുള്ള ബിസിനസ്. വിശ്വസിക്കുവാന്‍ സാധിക്കുമോ? വിശ്വസിച്ചേ പറ്റൂ.

ഭ്രാന്തമായ ആശയങ്ങള്‍ കേള്‍ക്കുമ്പോള്‍ നാം ഇനി ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിന്തിക്കണം. ഏതാണ്, എപ്പോഴാണ്, ഏത് നേരത്താണ് ക്ലിക്ക് ആകുന്നതെന്ന് പറയാന്‍ പറ്റില്ല ഭായ്.