വിപണന രംഗത്തേക്ക് ചുവട് വെയ്ക്കാൻ കശുമാങ്ങ ഐസ്ക്രീം. കശുമാങ്ങയുടെ വിപണന സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്തിന്റെ ഭാഗമായാണ് കശുമാങ്ങ ഐസ്ക്രീം വിപണിയിലെത്തിക്കുന്നത്. ഈ മാസം പകുതിയോടെ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് കശുവണ്ടി വികസന കോർപ്പറേഷൻ. കശുമാങ്ങ ജ്യൂസിനൊപ്പം കശുവണ്ടി പരിപ്പും ചേർത്താണ് ഐസ്‌ക്രീം നിർമിക്കുന്നത്. ഇതിനുള്ള സാങ്കേതികവിദ്യ കോർപ്പറേഷന്റെ തൃശ്ശൂരുള്ള ഗവേഷണ വിഭാഗമാണ് വികസിപ്പിച്ചത്.
പരീക്ഷണാടിസ്ഥാനത്തിൽ ഐസ്‌ക്രീം കോർപ്പറേഷൻ നിർമിച്ചിട്ടുണ്ട്. സീസൺ ആയതിനാൽ കശുമാങ്ങ ആവശ്യത്തിന് കോർപ്പറേഷന് ലഭിക്കുന്നുണ്ട്. കശുമാങ്ങയുടെ രൂപത്തിലുള്ള കപ്പുകളിൽ ഐസ്‌ക്രീം വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം.ഇതോടൊപ്പം 20 ഗ്രാം കശുവണ്ടി പരിപ്പ് പാക്കറ്റ് ഉടൻ വിപണിയിലെത്തും.
മൂല്യവർദ്ധിത ഉത്പന്നങ്ങള്‍ നിർമ്മിക്കുക എന്ന ലക്ഷ്യത്തിന്‍റെ ആദ്യ ഘട്ടത്തിൽ കശുമാങ്ങ സോഡ വിപണിയില്‍ എത്തിച്ചിരിന്നു.
കശുവണ്ടി വികസന കോർപറേഷന്‍റെ തോട്ടങ്ങളില്‍ നിന്നും സംഭരിക്കുന്ന കാശുമാങ്ങയില്‍ നിന്നാണ് സോഡാ ഉദ്പാദനം നടക്കുന്നത്. പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് കശുമാങ്ങ പുഴുങ്ങി പഴച്ചാർ വേർതിരിച്ചാണ് സോഡാ നിർമ്മിക്കുന്നത്. കശുവണ്ടി സംസ്കരണ മേഖലയില്‍ തൊഴില്‍ നഷ്ടമായ സ്ത്രികളാണ് സോഡാ യൂണിറ്റില്‍ ജോലി ചെയ്യുന്നത്.