ചെറുകിട സംരംഭകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ

0
257

ചെറുകിട സംരംഭകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ. ചെറുകിട സംരഭങ്ങൾ ആരംഭിക്കാൻ വേണ്ടി വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാൻ കഴിയാത്തവർക്കായി തിരിച്ചടവു സഹായ പദ്ധതി വ്യവസായ വകുപ്പ് നടപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി സംസ്ഥാനതല ബാങ്കേർസ് സമിതിയുമായി ചർച്ച നടത്തും. ബാങ്കുകൾ പിഴപ്പലിശ പൂർണമായി ഒഴിവാക്കണം. ധനവകുപ്പുമായി ഇക്കാര്യത്തിൽ ചർച്ചകൾ തുടങ്ങിയതായും മന്ത്രി പറഞ്ഞു. മുതലും പലിശയുടെ പകുതിയും അടയ്ക്കാൻ‌ സർക്കാർ സഹായിക്കും.  വ്യവസായ സംരംഭകർക്ക് 5% പലിശ  നിരക്കിൽ ഹ്രസ്വകാല വായ്പകൾ നൽകും.

മികച്ച പൊതുമേഖലാ സ്ഥാപനത്തിനും സ്വകാര്യ സ്ഥാപനത്തിനും വ്യവസായിക്കും തൊഴിലാളിക്കും മാനേജിങ് ഡയറക്ടർ‌ക്കും പുരസ്കാരം ഏർപ്പെടുത്തും.

ഓരോ പഞ്ചായത്തിലും 25 പേരെ വീതം ഉൾപ്പെടുത്തി സ്കിൽഡ് വർക്കേഴ്സ് സൊസൈറ്റി രൂപീകരിക്കും. തെങ്ങുകയറ്റം, ഇലക്ട്രിക്കൽ ജോലികൾ, ഗാർഹിക ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി തുടങ്ങിയ പ്രവൃത്തികൾ ചെയ്യുന്നവരെയാണ് സൊസൈറ്റിയിൽ ചേർക്കുക.

തെങ്ങിൻതടി സംസ്കരിച്ചു ഫർണിച്ചർ നിർമിക്കുന്നതിനു നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ വ്യവസായം തുടങ്ങും. കൊച്ചിയിലെ ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻ‌കൂറിനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.