ശതകോടിശ്വരനായ അനിൽ അംബാനി വൻ സാമ്പത്തിക കെണിയിൽ. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചൈന ഡവലപ്പ്മെന്റ് ബാങ്കിന് 9,860 കോടി രൂപയാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് നല്‍കാനുള്ളത്. എക്സിം ബാങ്കിന് 3,360 കോടിയാണ് കിട്ടാക്കടം. ഇന്‍ഡസ്ട്രിയന്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയ്ക്ക് 1,554 കോടിയാണ് കിട്ടാനുള്ളത്.
തങ്ങള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക വരുത്തിയ അനില്‍ അംബാനിക്കെതിരെ നടപടി ആവശ്യപ്പെട്ട് ചൈനയിലെ ബാങ്കുകള്‍ നിയമ നടപടികളിലേക്ക്. മൊത്തം 210 കോടി ഡോളറാണ് [ഏകദേശം 14,000 കോടി രൂപ] പലിശയടക്കം വിവിധ ചൈനീസ് ബാങ്കുകള്‍ക്ക് കമ്പനി നല്‍കാനുള്ളത്..
അതേസമയം, തങ്ങളുടെ ആസ്തികള്‍ വിറ്റ് കടം തീര്‍ക്കാനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും ശ്രമങ്ങള്‍ തുടരുകയാണ്.
നേരത്തെ, റിലയന്‍സ് കമ്യൂണിക്കേഷന്റെ ആസ്തികള്‍ 17,300 കോടി രൂപയ്ക്കുസ്വന്തമാക്കാന് മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ സന്നദ്ധത അറിയിച്ചെങ്കിലും നടപടിക്രമങ്ങളിലെ തടസം മൂലം ഇടപാട് നടന്നില്ല.
എന്നാല്‍, 80 മില്യണ്‍ യുഎസ് ഡോളര്‍ അടച്ച് അനില്‍ അംബാനിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ മുകേഷിനായി. ചൈനീസ് സ്ഥാപനങ്ങള്‍ക്കു പുറമേ റഷ്യയിലെ ഇന്‍വസ്റ്റ്മെന്റ് ബാങ്ക്, സ്റ്റാന്‍ഡാര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് (ലണ്ടന്‍), ഡറ്റ്ഷെ ബാങ്ക് (ഹോങ്കോംഗ്), ഡിബിഎസ് ബാങ്ക് (സിംഗപ്പൂര്‍), എമിറേറ്റ്സ് എന്‍ബിഡി ബാങ്ക് (ദുബായ്) തുടങ്ങിയ വിദേശ സ്ഥാപനങ്ങള്‍ക്കും റിലയന്‍സ് കമ്യൂണിക്കേഷന്‍സും അനുബന്ധ സ്ഥാപനങ്ങളും പണം നല്‍കാനുണ്ട്.