മഴക്കെടുതിയില്‍ മുങ്ങിയ വാഹനങ്ങൾ ഒരു കാരണവശാലും സ്റ്റാർട്ട്‌ ചെയ്യരുത്‌, ഇൻഷുറൻസ്‌ കമ്പനി പറയുന്നത്‌ ഇങ്ങനെ…

0
274

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന്റെ ഓര്‍മ്മകളില്‍ നിന്ന് കരകയാറാന്‍ ശ്രമിക്കുന്ന കേരളത്തെ വീണ്ടും പ്രളയക്കെടുതിയിലേക്ക് തള്ളിവിട്ടത് തോരാതെ പെയ്യുന്ന അതിശക്തമായ മഴയും കാറ്റുമാണ്. ഇതിനോടകം തന്നെ 44 പേരുടെ ജീവന്‍ മഴയെടുത്തു. നിരവധി നാശനഷ്ടങ്ങളാണ് മിന്നല്‍പ്രളയത്തില്‍ ഉണ്ടായിരിക്കുന്നത്. വെള്ളത്തില്‍ അകപ്പെട്ട് കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക് ഇൻഷുറൻസ് നല്‍കാമെന്ന് ന്യൂ ഇൻഡ്യ അഷുറൻസ് കമ്പനി അറിയിച്ചിട്ടുണ്ട്.

ഇന്‍ഷുറന്‍സ്‌ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  • പ്രകൃതി ദുരന്തത്തില്‍ നാശം സംഭവിക്കുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്ക് കീഴില്‍ വരുമെങ്കിലും ഇതിനായി ചില മാനദണ്ഡങ്ങള്‍ കമ്പനികള്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് വെള്ളം കയറിയ വാഹനങ്ങള്‍ ഒരു കാരണവശാലും സ്റ്റാര്‍ട്ട് ചെയ്യാന്‍ പാടില്ല എന്നത്. സ്റ്റാര്‍ട്ട് ചെയ്താല്‍ എക്സ്ഹോസ്റ്റ് വഴി വെള്ളം എഞ്ചിനുള്ളിലെത്തും. ഇത് എഞ്ചിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഈ അവസ്ഥയാണ് ഹൈഡ്രോ ലോക്ക്. അങ്ങനെ വന്നാല്‍ ഇന്‍ഷുറന്‍സ് കമ്പനി ഇതിനുള്ള ക്ലെയിം തിരസ്‌കരിക്കും. എഞ്ചിനില്‍ വെള്ളം കയറുന്ന സാഹചര്യത്തില്‍ വാഹനമോടിക്കുന്നത് ഉപഭോക്താവിന്റെ ശ്രദ്ധക്കുറവാണെന്നാണ് നിലവിലെ ഇന്‍ഷുറന്‍സ് നിയമം.
  • വാഹനം നിര്‍ത്തിയിട്ട സ്ഥലത്താണ് വെളളം കയറിയത് എങ്കില്‍ നാല് ഭാഗത്ത് നിന്നുള്ള ഫോട്ടോസ് വാഹന നമ്പര്‍ ഉള്‍പ്പെടെ എടുക്കണം. ശേഷം  ന്യൂ ഇന്‍ഡ്യയുടെ ഓഫീസുമായി ബന്ധപ്പെട്ട് വാഹനത്തിന് ആവശ്യമായ ക്ലെയിമുകള്‍ ആവശ്യപ്പെടാവുന്നതാണ്.
  • പ്രദേശത്തെ വെള്ളം ഇറങ്ങി സാഹചര്യം അനുകൂലമായാല്‍ എത്രയും വേഗത്തില്‍ ഇന്‍ഷുറന്‍സ് കമ്പനിയെ അറിയിച്ച് കേടുവന്ന വാഹനം കെട്ടിവലിച്ച് സര്‍വ്വീസ് സെന്ററിലെത്തിക്കാന്‍ ശ്രദ്ധിക്കണം. ഒരു കാരണവശാലും വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്ന കാര്യം മറക്കരുത്. വെള്ളത്തിലായ കാര്‍ നിങ്ങള്‍ ഓണ്‍ ആക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്ന് സര്‍വ്വീസ് സെന്ററിലെ സാങ്കേതിക പരിശോധനയില്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍വ്വെയര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. വിളിച്ച് അറിയിക്കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് കമ്പനിയില്‍ രേഖാമൂലം കാര്യങ്ങള്‍ അറിയിക്കുകയും വേണം.

please contact : 1800-209-1415; Mail ID: nia.760000¡newindia.co.in
CRM, Ernakulam
New India Assurance