ദിവസം കഴിയുന്തോറും കേരളത്തിന്റെ ഭക്ഷണ രീതി മാറിക്കൊണ്ടിരിക്കുകയാണ്. അടുക്കളയില്‍ നിന്നും ഹോട്ടലുകളിലേയ്ക്ക് ചേക്കേറിയ ശീലം ഇപ്പോള്‍ വിരല്‍ത്തുമ്പുകളിലൂടെയാണ് മാറിമറിയുന്നത്. തിരക്കേറിയ നഗര ജീവിതത്തില്‍ നിന്ന് അല്‍പം സമയം ലാഭിക്കന്‍ ഭൂരിഭാഗം പേരും ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്.
ഹോട്ടലുകളിലെ ഫാസ്റ്റ് ഫുഡ് രുചികളില്‍ മനം നിറഞ്ഞാലും വീട്ടിലുണ്ടാക്കുന്ന രുചികളോട് എല്ലാവര്‍ക്കും പ്രത്യേക താത്പര്യമാണ്. ഇത് മുന്നില്‍കണ്ട് വീട്ടിലെ ഭക്ഷണം കഴിക്കാനുള്ള സൗകര്യമൊരുക്കി കോഴിക്കോട് നിന്നൊരു ആപ് കൊച്ചിയിലെത്തുന്നു. ഡൈനപ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിലൂടെ വീട്ടിലഉണ്ടാക്കിയ ചൂട് ദോശയും പുട്ടും ചോറുമെല്ലാം ഓണ്‍ലൈനായി ലഭിക്കും. കോഴിക്കോട് ആസ്ഥാനമായ എക്ലെറ്റിക് ഈറ്റ്സ് എന്ന സ്റ്റാര്‍ട്ടപ്പാണ് ഈ ആപ്പ് വികസിപ്പിച്ചത്. ഏപ്രില്‍ മുതല്‍ ഡൈനപ്സ് ആപ് കോഴിക്കോട് പ്രവര്‍ത്തനം ആരംഭിച്ച് തുടങ്ങി. ഗൂഗില്‍ പ്ലേ സ്റ്റോറില്‍ ലഭ്യമായ ആപ്പിന്റെ ഐഒഎസ് പതിപ്പ് ഉടന്‍ ഇറങ്ങും.
ആരോഗ്യകരമായ ഭക്ഷണശീലം വളര്‍ത്തുന്നതിനോടൊപ്പം വനിതാസംരംഭകത്വം വളര്‍ത്താനും ലക്ഷ്യമിട്ടാണ് ആപ്പ് അവതരിപ്പിച്ചത്. വനിതകള്‍ക്ക് തങ്ങളുടെ പാചക അഭിരുചി പ്രദര്‍ശിപ്പിക്കാന്‍ വളരെ ലളിതമായി ഉപയോഗിക്കാവുന്ന വേദി ലഭ്യമാക്കാനും അതുവഴി ഒരു വരുമാനമാര്‍ഗം കണ്ടെത്താനും ഈ ആപ്ലിക്കേഷൻ സഹായകമാകും.
സജ്ന എന്ന കോഴിക്കോട്ടുകാരിയാണ് ഈ ആപ് വികസിപ്പിച്ചെടുത്തത്. അമേരിക്കയില്‍ സിവില്‍ എന്‍ജിനിയറാണ് സജ്ന
ആവശ്യക്കാരന്‍ നില്‍ക്കുന്നിടത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനാകും. പണം ഓണ്‍ലൈനായി അടയ്ക്കാം. ഭക്ഷണം മുന്‍കൂട്ടി ഏര്‍പ്പാടാക്കാനും സൗകര്യമുണ്ട്.
പാചകം ഒരു തൊഴിലാക്കാന്‍ താല്‍പ്പര്യമുള്ള സ്ത്രീകള്‍ക്ക് ആപ്പില്‍ ഷെഫ് ആയി രജിസ്റ്റര്‍ ചെയ്യാം. രുചികരമായ ഭക്ഷണം ഉണ്ടാക്കാനുള്ള കഴിവും എഫ്എസ്എസ്എഐ സര്‍ട്ടിഫിക്കറ്റും ഒരു ബാങ്ക് അക്കൗണ്ടും മാത്രമാണ് വേണ്ടത്. വിഭവങ്ങളും വിലയും ഷെഫിന് തീരുമാനിക്കാം. ഓരോ ദിവസവും എന്താണ് ഉണ്ടാക്കുക എന്ന് മുന്‍കൂട്ടി പറയാനും വിഭവത്തെക്കുറിച്ചുള്ള വിശേഷം പോസ്റ്റ് ചെയ്യാനും കഴിയും.
സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് ഉറപ്പുവരുത്തുമെന്ന് ആപ്പിന്റെ ഓപ്പറേഷന്‍ മാനേജര്‍ റാഷിദ ലുഖ്മാന്‍ പറഞ്ഞു. പ്രതികരണം അറിയിക്കാനുള്ള സൗകര്യവുമുണ്ട്. ഏപ്രിലില്‍ കോഴിക്കോട് സേവനം ആരംഭിച്ച ഡൈനപ്സ് കൊച്ചിയിലെത്തുമ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് മത്സരം കടുക്കും.