സംരംഭകരോടുള്ള ഉദ്യോഗപ്രഭുക്കന്മാരുടെ അനാസ്ഥയ്ക്ക് അവസാനമുണ്ടോ? 35 വർഷമായി നീതിക്ക് വേണ്ടി പൊരുതി സദാനന്ദന്‍

0
406

കണ്ണൂർ: സംരംഭകരോട് പലപ്പോഴും ഉദ്യോഗപ്രഭുക്കന്മാര്‍ക്ക്‌
അനാസ്ഥയാണ്. സംരംഭകരുടെ ആവശ്യങ്ങൾ നടത്തി കൊടുക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയും അത് കിട്ടിയില്ലെങ്കിൽ സ്ഥാപനങ്ങളുടെ നിലനില്‍പ്പിനെ ബാധിക്കും വിധത്തില്‍ അവര്‍ തീരുമാനങ്ങൾ എടുക്കുകയും ചെയ്യും. ഉദ്യോഗസ്ഥരുടെ വാശിക്ക് മുമ്പില്‍ അനാസ്ഥയക്ക് മുമ്പില്‍ ബലിയേടായ ഒരാളാണ് തോട്ടട സ്വദേശി സദാനന്ദന്‍. സദാനന്ദന്‍ നീതിക്ക് വേണ്ടി പോരാടാന്‍ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. വ്യവസായ മന്ത്രി ഇ പി ജയരാജന്‍ വ്യവസായ വകുപ്പിന്റെ അദാലത്തില്‍ സദാനന്ദന്റെ കഥയറിഞ്ഞ് നടപടിക്ക് നിർദ്ദേശിച്ചു. ഇതോടെ മൂന്ന് പതിറ്റാണ്ടിലേറെയായി നീതിക്ക് വേണ്ടി പൊരുതിയ സദാനന്ദന് തെല്ലൊരു ആശ്യാസമാണ് മന്ത്രി ഇ പി ജയരാജന്റെ നിര്‍ദ്ദേശം.

പെട്ടികള്‍ക്ക് ബലം കിട്ടാന്‍ അടിക്കുന്ന ടിന്‍ കോട്ട് ചെയ്ത ഇരുമ്പ് പട്ട നിര്‍മ്മിക്കുന്ന സ്ഥാപനമായിരുന്നു സദാനന്ദൻ്റേത്. 1978 ലാണ് സദാനന്ദന്‍ വായ്പകളെടുത്ത് വിസുശ്രി ഇൻഡസ്ട്രീസ് എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. തുടങ്ങിയ കുറച്ച് കാലം കൊണ്ട് തന്നെ സ്ഥാപനം ലാഭത്തില്‍ മുന്നോട്ട് പോയിരുന്നു. അക്കാലത്ത് മലബാറിലെങ്ങും ഇത്തരമൊരു സ്ഥാപനം ഉണ്ടായിരുന്നില്ല. ആയിടക്ക് സര്‍ക്കാര്‍ ഐ.എസ്.ഐ മാര്‍ക്ക് നിര്‍ബന്ധമാക്കിയതോടെ വിദേശത്തുനിന്നും ഗുണനിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തു. വായ്പ നല്‍കിയ എസ്.ബി.ഐ നിബന്ധനകള്‍ മുന്നോട്ടുവെച്ചതോടെ അസംസ്‌കൃത വസ്തുക്കള്‍ എത്തുന്നത് വൈകി.

ഐ. എസ്ഐ നിലവാരമുള്ള ഉത്പ്പന്നത്തിന് വേണ്ടുന്ന അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചു. 50 ടണ്‍ സാമഗ്രികള്‍ ഇറക്കുമതി ചെയ്യേണ്ട ലെറ്റര്‍ ഓഫ് ക്രെഡിറ്റ്‌സിന് വേണ്ടി പ്രവര്‍ത്തനമൂലധനം വായ്പ നല്‍കിയ എസ്.ബി.ഐ.യെ സമീപിച്ചു. എസ്.ബി.ഐ. ലെറ്റര്‍ ഓഫ് ക്രെഡിറ്റ്‌സ് നല്‍കുന്നത് ഇറക്കുമതി ലൈസന്‍സ് കാലാവധിയുടെ അവസാന ദിവസമായിരുന്നു. എന്നാല്‍
50 ടണ്‍ അസംസ്‌കൃത സാധനങ്ങള്‍ വേണ്ടുന്നിടത്ത് 30 ടണ്‍ ആയി കുറച്ചതോടെ ഇറക്കുമതിക്ക് കാലതാമസവും നേരിട്ടു. 45 ദിവസം കൊണ്ട് ലഭിക്കേണ്ട അസംസ്‌കൃത വസ്തു അഞ്ച് മാസം കഴിഞ്ഞാണ് എത്തിയത്. കരാര്‍ പ്രകാരം ചായപ്പൊടി കമ്പനിക്ക് ഉത്പ്പന്നം നല്‍കാന്‍ വേണ്ടി വിലകൂടിയ മെറ്റീരിയല്‍ ഉപയോഗിക്കേണ്ടിയും വന്നു. അതിനിടയിലാണ് ഐ. എസ്ഐ. ഡപ്യൂട്ടി ഡയറക്ടര്‍ പരിശോധനക്കായി സ്ഥാപനത്തിലെത്തിയത്. ഉദ്യോഗസ്ഥന്‍ പരിശോധന നടത്തി ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ട് നല്‍കി. കൈക്കൂലി നല്‍കിയാല്‍ പ്രശ്‌നം പരിഹരിക്കാമെന്നും പറഞ്ഞു. സദാനന്ദന്‍ അതിന് തയ്യാറായില്ല. അതിൻ്റെ പരിണതഫലം കമ്പനി പൂട്ടാനുള്ള നിര്‍ദ്ദേശമായിരുന്നു.

പിന്നീട് മദ്രാസിലെ ലാബില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ ഉല്‍പ്പന്നങ്ങള്‍ ഗുണമേന്‍മയുള്ളതാണെന്ന് തെളിഞ്ഞു. ബോധപൂര്‍വ്വം ഉദ്യോഗസ്ഥര്‍ സദാനന്ദനെ വഞ്ചിക്കുകയായിരുന്നു. സ്ഥാപനം തുറക്കാന്‍ നാല് മാസത്തിന് ശേഷം അനുമതി നല്‍കി. എന്നാല്‍ അതിനിടെ സദാനന്ദന്റെ കമ്പനിക്കെതിരെ ഐ.എസ്ഐ. അധികൃതര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കി കഴിഞ്ഞിരുന്നു. അതിനാല്‍ സ്ഥാപനത്തിന്റെ തിരിച്ചു വരവില്‍ പുരോഗതിയുണ്ടായില്ല. വായ്പകള്‍ അടവു തെറ്റി. കെ.എഫ്. സി.യില്‍ നിന്നും എടുത്ത 1,44,000 രൂപ പലിശയും പിഴപലിശയുമടക്കം 6,74,857 രൂപയായി. 1999 സെപ്റ്റംബര്‍ 9 ന് കെ.എഫ്. സി. സദാനന്ദന്റെ വിസുശ്രീ ഇന്‍ഡസ്ട്രീസും 12 സെന്റ് സ്ഥലവും ലേലം ചെയ്തു വിറ്റു. 35 ലക്ഷം രൂപയെങ്കിലും അന്ന് കിട്ടുമായിരുന്ന സ്ഥാപനത്തിനും സ്ഥലത്തിനും കൂടി കെ.എഫ്.സി. ലേലം ചെയ്തു വിറ്റത് 2.5 ലക്ഷം രൂപക്ക്. എസ്.ബി.ഐ. ക്ക് വീട് നല്‍കിയ 42 സെന്റ് സ്ഥലത്തിന് വെറും 52,000 രൂപ. കുടിശ്ശിക ഈടാക്കാനുള്ള നിയമക്രമങ്ങള്‍ കെ.എഫ്.സി.യോ എഫ്സിഐ.യോ പാലിച്ചില്ല. ഈ രണ്ട് സ്ഥാപനങ്ങളുടേയും അന്യായ നടപടികള്‍ മൂലം 20 വര്‍ഷത്തെ ജീവിതവും പ്രതീക്ഷയുമാണ് സദാനന്ദനും കുടുംബത്തിനും നഷ്ടമായത്.

തന്റെ സ്വപ്‌നങ്ങൾ നെയ്തു കൂട്ടാൻ തുടങ്ങിയ സംരംഭം 10000 രൂപ കൈക്കൂലിയുടെ പേരിൽ അടച്ചു പൂട്ടേണ്ടി വന്നു. തന്റെ സ്ഥലവും സ്വത്തുക്കളും നിസ്സാര വിലക്ക് വിറ്റതിന് മതിയായ നഷ്ടപരിഹാരം തേടിയുള്ള സദാനന്ദന്റെ ഒറ്റയാള്‍ പോരാട്ടത്തിന് ണ് സർക്കാരിന്റെ സഹായത്തോടെ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.