കടക്കെണിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നത് രക്ഷിക്കാനോ അതോ ഈ വ്യവാസായ ഭീമന് വേണ്ടിയോ?

0
315

മുംബൈ: കടക്കെണിയിലായ എയര്‍ ഇന്ത്യയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നീക്കം വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കി. കോടിക്കണക്കിന് രൂപ കടമുള്ള എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കാനുള്ള നടപടികള്‍ അടുത്തമാസം തുടങ്ങുമെന്നാണ് ധനകാര്യമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കടുത്ത സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് ഈ നീക്കം.

എയര്‍ ഇന്ത്യയുടെ മൊത്തം കടം നിലവില്‍ 74000 കോടി രൂപയാണ്. ഇതില്‍ ഏകദേശം 60,000 കോടി വിമാനങ്ങളുടേയും പ്രവര്‍ത്തന മൂലധന കടവും ഉള്‍പ്പെടുന്നതാണ്. എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റ് 1.05 ട്രില്യണ്‍ (1,05000 കോടി രൂപ) സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം 24 ശതമാനം നിലനിര്‍ത്താന്‍ ശ്രമിച്ചതിന്റെ ഫലമായി 2018 ല്‍ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പന ശ്രമം പരാജയപ്പെട്ടിരുന്നു. വ്യോമയാന മേഖലയില്‍ നൂറുശതമാനം വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ടെങ്കിലും വിദേശ വിമാനക്കമ്പനികള്‍ക്ക് 49 ശതമാനത്തിലേറെ ഓഹരികള്‍ കൈവശം വയ്ക്കാന്‍ അനുവാദമില്ല.