വാഹനവിപണിയിൽ ഉണ്ടാകാൻ പോകുന്നത്‌ വലിയമാറ്റം! ഡീസൽ കാറുകൾക്ക്‌ എന്നന്നേക്കുമായി വിട?

0
132

ഡൽഹിയിൽ ഡീസൽ കാറുകൾ നിരോധിച്ചപ്പോൾ നെഞ്ചിടിപ്പോടെയാണ്‌ ഇന്ത്യക്കാർ അതിനെ വരവേറ്റത്‌. കാരണം മറ്റൊന്നുമല്ല, ഡീസൽ വാഹനങ്ങൾ അത്രമേൽ തന്നെ വിപണി കീഴടക്കിയിരുന്നു. ലാഭകരം, മികച്ച ഇന്ധനക്ഷമത തുടങ്ങിയ കാരണങ്ങൾ കൊണ്ടു തന്നെ ഡീസൽ വാഹനങ്ങൾ വാങ്ങാൻ ഇഷ്ടമുള്ളവർ അധികമായിരുന്നു. പെട്രോൾ – ഡീസൽ വിലയിലും കാര്യമായ വ്യത്യാസം ഉള്ള സമയത്തെ കഥയാണ്‌ ഇത്‌.

എന്നാൽ ഇന്ന് കാര്യങ്ങൾ മാറി. ഡീസൽ വാഹനങ്ങൾക്ക്‌ ഡിമാൻഡ്‌ കുറയുന്നതായാണ്‌ വാഹനവിപണിയിൽ നിന്ന് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്‌. ഇത്‌ ഡീസൽ വാഹന പ്രേമികൾക്ക്‌ തെല്ലൊന്നുമല്ലാത്ത ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്‌. പ്രമുഖ വാഹന കമ്പനികളിൽ നിന്നെല്ലാം ഇത്തരത്തിൽ ആശങ്കപ്പെടുത്തുന്ന സൂചനകൾ വന്നു തുടങ്ങി.

ആദ്യ നിലപാടെടുത്തത്‌ ജനപ്രിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുകിയാണ്‌. അടുത്ത വര്‍ഷം മുതല്‍ ഡീസല്‍ കാറുകള്‍ പൂര്‍ണമായി ഒഴിവാക്കുമെന്നായിരുന്നു മാരുതി സുസുകി പ്രഖ്യാപിച്ചത്‌. ഇപ്പോഴിതാ അതിനു പിന്നാലെ ടാറ്റ മോട്ടോഴ്‌സും ചെറു ഡീസല്‍ കാറുകളുടെ നിര്‍മാണം നിര്‍ത്താനുള്ള ആലോചനയിലാണ്.

ഇതു കൂടാതെ 2020 ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുന്ന BS-VI എമിഷന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് ഡീസല്‍ എന്‍ജിനുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതോടെ ഈ നിരയിലെ വാഹനങ്ങള്‍ക്ക് വില കൂടും. ഇപ്പോള്‍ത്തന്നെ ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് ഇവയുടെ വില കൂടിയാല്‍ ഡിമാന്‍ഡ് തീരെ കുറയുമെന്ന കണക്കുകൂട്ടലിലാണ് വാഹനനിര്‍മാതാക്കള്‍.

BS-VI എന്‍ജിനുകള്‍ ഡീസല്‍ കാറുകളുടെ വില കൂട്ടുമെന്ന കാരണമാണ് ടാറ്റയും ചൂണ്ടിക്കാട്ടുന്നത്. ടാറ്റ മോട്ടോഴ്‌സിന് നിലവില്‍ ഡീസല്‍ വേരിയന്റുകള്‍ ഉള്ളത് ടിയാഗോ, ടിഗോര്‍ , ബോള്‍ട്ട്, സെസ്റ്റ് എന്നിവയ്ക്കാണ്.

എന്‍ട്രി ലെവല്‍, മിഡ് സൈസ് സെഗ്‌മെന്റുകളിലെല്ലാം 80 ശതമാനം ഡിമാന്‍ഡ് പെട്രോള്‍ വാഹനങ്ങള്‍ക്കാണെന്നതും ടാറ്റയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നു. അതേസമയം ഈയിടെ അവതരിപ്പിച്ച നെക്‌സണ്‍, ഹാരിയര്‍, എന്നിവയുടെ ഡീസല്‍ എന്‍ജിന്‍ BS-VI ലേക്ക് അപ്‌ഗ്രേഡ് ചെയ്യുമെന്നാണ് അറിയുന്നത്.

ഇതു കൂടാതെ ഉയർന്ന മെയിന്റനൻസ്‌ ചിലവുകളും, ഡീസൽ വില പെട്രോൾ വിലയ്ക്ക്‌ അടുത്തെത്തിയതും, ഡീസൽ വാഹനങ്ങൾക്ക്‌ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക്‌ കാരണമാകുന്നു എന്നുള്ള സ്ഥിരം പല്ലവിയും ഡീസൽ വാഹനങ്ങൾ വാങ്ങുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്‌.