അദാനി ഗ്രൂപ്പ് തങ്ങളുടെ ചില കമ്പനികളുടെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നു. ഒരിടവേളയ്ക്കു ശേഷമാണ് ഗൗതം അദാനി വീണ്ടും കടം കുറയ്ക്കൽ നടപടികളിലേക്ക് പോകുന്നത്. പുതിയ നീക്കത്തിൽ പോർട്ട്‌ഫോളിയോയിലെ രണ്ടു പ്രമുഖ കമ്പനികളിലെ പങ്കാളിത്തം കുറയ്ക്കാനാണ് തീരുമാനം. കടം കുറക്കാനുള്ള സമഗ്ര തന്ത്രത്തിന്റെ ഭാഗമായി അദാനി പവർ അംബുജ സിമെന്റ്സ് തുടങ്ങിയ ഓഹരികളാകും വിൽക്കുകയെന്നാണ് റിപ്പോർട്ട്. ഇരു കമ്പനികളുടെയും അഞ്ചു ശതമാനം ഓഹരിയാകും ഗ്രൂപ്പ് വിൽക്കുക. അദാനി പവറിൽ പ്രമോട്ടർക്ക് 72.71 ശതമാനം ഓഹരിയും, അംബുജ സിമെന്റിൽ 70.33 ശതമാനം പങ്കാളിത്തവുമാണുള്ളത്. ഓഹരി വിൽപ്പനയിലൂടെ 15,000 കോടി മുതൽ 20,000 കോടി രൂപ വരെ സ്വരൂപിക്കാനാണു ലക്ഷ്യമിടുന്നത്. ഈ തുക ഗ്രൂപ്പിന്റെ ബാലൻസ് ഷീറ്റ് ഏകീകരിക്കുന്നതിനും, ഡെലിവറേജിംഗിനും വിനിയോഗിക്കും.
അതേസമയം അദാനി പവറിന്റെ ഈ വർഷത്തെ നേട്ടം 28 ശതമാനവും, ഒരു വർഷത്തെ കുതിപ്പ് 108 ശതമാനവുമാണ്. അതേ, നിക്ഷേപകരെ സംബന്ധിച്ച് മൾട്ടിബാഗർ ഓഹരിയാണ് അദാനി പവർ. നിർദ്ദിഷ്ട ഓഹരി വിൽപ്പനയ്ക്കു പുറമേ മറ്റു മാർഗങ്ങൾ വഴിയും കമ്പനി ധനസമാഹരണം നടത്തിവരുന്നു. അദാനി എനർജി സൊല്യൂഷൻസ് ക്യുഐപി (ക്വാളിഫൈഡ് ഇൻസ്റ്റിറ്റിയൂഷണൽ പ്ലേസ്മെന്റ്) വഴി 8,373 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് അദാനിയുടെ നീക്കങ്ങൾ മികച്ച നേട്ടമായേക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം പുറത്തുവന്ന യുഎസ് ഷോർട്ട്‌സെല്ലർ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിൽ അദാനി കമ്പനികളുടെ കടം വലിയ ആരോപണമായിരുന്നു. റിപ്പോർട്ട് സൃഷ്ടിച്ച് തളർച്ചയിൽ നിന്നു കമ്പനി പുറത്തുവന്നെങ്കിലും, നിക്ഷേപകരുടെ പ്രതീക്ഷ കാക്കേണ്ടതുണ്ട്. ഇതിനായി കമ്പനികളുടെ അടിത്തറ ശക്തമാക്കുന്ന നീക്കങ്ങൾ കമ്പനി നടത്തിവരുന്നു.