ആദ്യം തുടങ്ങിയ ബിസിനസ് പൊളിഞ്ഞു വട്ട പൂജ്യം ആയിടത്തു നിന്ന് ഒരു തിരിച്ചു വരവിന്റെ കഥ

0
1432

എല്ലാവരെയും പോലെ വലിയ സ്വപ്‌നങ്ങൾ ആയി തുടങ്ങിയ ഒരു IT കമ്പനി ആയിരുന്നു എന്റേത്.. 8-10 സ്റ്റാഫ്‌ ഒക്കെയായി ഏകദേശം പച്ച പിടിച്ച സമയം പാർട്ണർ ഒരു കളി കളിച്ചു, ബിസിനസ് പിന്നാമ്പുറങ്ങൾ ഒന്നും അറിയാതെ നിന്ന എനിക്ക് ഒരു ദിവസം എല്ലാം വിട്ടിട്ട് ഇറങ്ങേണ്ടി വന്നു.

8-10 പേരുടെ ബോസ് എന്ന സ്ഥാനത്തു നിന്ന് ഒറ്റയടിക്ക് jobless(27) 0 ബാങ്ക് ബാലൻസ്. ഒന്ന് പുറത്തേക് ഇറങ്ങണം എങ്കിൽ പോലും വീട്ടിൽ പൈസ ചോദിക്കേണ്ട അവസ്ഥ.

കമ്പനി വീതം വച്ചപ്പോൾ അവകാശപ്പെട്ടത് ചോദിക്കാൻ പോലും എനിക്ക് തോന്നിയില്ല കാരണം എന്റെ തെറ്റ് ആണെന്ന് കുറ്റബോധം ആയിരുന്നു. എനിക്ക് ടെക് ജോലി മാത്രേ വഴങ്ങു ബിസിനസിൽ കുറച്ചു നഷ്ടം സംഭവിച്ചത് എന്റെ തെറ്റ് എന്നായിരുന്നു അന്നത്തെ എന്റെ ചിന്ത.

(പക്ഷെ അങ്ങനെ അല്ലായിരുന്നു എന്ന് കുറച്ചു നാൾ കഴിഞ്ഞപ്പോൾ മനസിലായി.)

ബിസിനസ് പൊട്ടി ഒരു 3-4 ദിവസം ഞാൻ ആസ്വദിച്ചു ഉറങ്ങി.. കാരണം ഉറക്കവും മനസ്സമാധാനവും നഷ്ടപ്പെട്ടിട്ട് കുറെ നാൾ ആയിരുന്നു. പക്ഷെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ കഥ മാറി, രാവിലെ എണീക്കുമ്പോൾ കണ്ണ് നിറഞ്ഞിരിക്കും..

Makeyourcards എന്ന എന്റെ ഓൺലൈൻ സ്റ്റോറും ഉപയോഗ ശൂന്യം ആയി, ഫയൽ മുഴുവൻ നഷ്ടപ്പെട്ടു, എനിക്ക് അവകാശപ്പെട്ട അത് പോലും കിട്ടിയില്ല..

ഇനി ഒരു ജോലിക്ക് പോകാൻ മനസ് ഒട്ടും അനുവദിക്കുന്നില്ല, എന്റെ എക്സ്പീരിയൻസ് പല കാര്യങ്ങളിൽ ചിതറി കിടക്കുവാ, ബിസിനസ് ചെയ്യാൻ കോൺഫിഡൻസ് നഷ്ടപ്പെട്ടു ഇനിയും ചെയ്താലും പരാജയം, ഭാവിയെ കുറിച്ച് ഓർക്കുമ്പോൾ എങ്ങനെ സ്റ്റേബിൾ ആകുമെന്ന് ഒരു പിടിയുമില്ല. എവിടെ ചെന്നാലും ചിന്തിച്ചാലും പരാജയം..

വീടിന് പുറത്ത് ഇറങ്ങാതായി ആരെയും ഫേസ് ചെയ്യാൻ എനിക്ക് പറ്റില്ലാരുന്നു.. കൃത്യം പൊട്ടിയതിന്റെ അടുത്ത ആഴ്ച മുതൽ കാണുന്നവർ എല്ലാം എന്നോട് ചോദിക്കുന്നു
” ഇപ്പോൾ എന്ത് ചെയുന്നു? ”

ഞാൻ മനസ്സിൽ ഓർക്കും ഇവരൊക്കെ ഇത്രേം കാലം എവിടെ ആയിരുന്നോ ആവോ, ഒരു രണ്ട് ആഴ്ച മുന്നേ വന്നിരുന്നെങ്കിൽ എന്ന്..

കാരണം അന്ന് ഞാൻ കമ്പനി ഓണർ എന്ന് പ്രൗഢിയോടെ പറയാൻ കാത്തിരിക്കുവായിരുന്നു. ഒരു കമ്പനി തുടങ്ങിയാൽ സമൂഹത്തിൽ നല്ല ഒരു സ്ഥാനം കിട്ടും എന്നും മറ്റും ഒരുപാട് തെറ്റിദ്ധാരണകൾ എനിക്ക് അന്ന് ഉണ്ടായിരുന്നു.. ഒരു കിരീടം വച്ചാൽ രാജാവാകും എന്ന് കരുതിയവൻ ഒറ്റയടിക്ക് പിച്ചക്കാരൻ ആയി..

ഇടക്ക് വീണ്ടും എന്തെങ്കിലും ഐഡിയ തോന്നും ഒന്ന് ഉഷാറാകും പക്ഷെ കുറച്ചു കഴിഞ്ഞു എല്ലാം തിരിച്ചു അടിച്ചു വീട്ടിലെ മേശയിൽ ബോധം കേട്ട് ഞാൻ കിടക്കും. ഒരു ദിവസം കോൺഫിഡൻസ് ആണെങ്കിൽ 2 ദിവസം ബോധമില്ല… പ്രായം 28 അടുക്കുന്നു കൂടെ പഠിച്ചവർ എല്ലാം കല്യാണം ഒക്കെ കഴിച്ചു സെറ്റിൽ ആവുന്നു എല്ലാം കൂടി ഭ്രാന്ത് പിടിപ്പിക്കുന്ന അവസ്ഥ..

ഇങ്ങനെ കരഞ്ഞു നടന്ന ഞാൻ അതിൽ നിന്ന് കര കയറി.. ദൈവം എന്റെ കൂടെ ആയിരുന്നു.

അങ്ങനെ വിഷമിച്ചു നടക്കുമ്പോൾ ഒരു പുതിയ ആശയം കിട്ടി.. പള്ളികൾക്ക് വേണ്ടി ഒരു സോഷ്യൽ മീഡിയ പോർട്ടൽ..

അതിന്റെ ഒരു മാതൃക ഉണ്ടാക്കി കാണിച്ചപ്പോൾ രണ്ട് പള്ളിയിൽ നിന്ന് അഡ്വാൻസ് കിട്ടി.. വീണ്ടും ഒരു റൂം എടുത്ത് അത് ഉണ്ടാക്കാൻ ആരംഭിച്ചു.. പഴയ കമ്പനിയിൽ നിന്ന് അന്നേരം രാജി വച്ച കുറച്ചു പേരെയും ഞാൻ ഒപ്പം കൂട്ടി..

മൂന്നു മാസം കഴിഞ്ഞു അത് പൂട്ടാൻ ആയിരുന്നു പ്ലാൻ.. പക്ഷെ ദൈവാനുഗ്രഹം കൊണ്ട് കുറച്ചു സോഫ്റ്റ്‌വെയർ മൊബൈൽ അപ്ലിക്കേഷൻ വർക്കുകൾ കിട്ടി… അങ്ങനെ ആ കമ്പനിക്ക് ഞങ്ങൾ Infusions Global എന്ന് പേരിട്ടു..

വീണ്ടും ഒരുപാട് വർക്ക്‌ കിട്ടിയപ്പോൾ ഞങ്ങൾ മറ്റൊരു കമ്പനിയുമായി ബിസിനസ് ലയിപ്പിച്ചു.. അങ്ങനെ കുറച്ചു കൂടി വളരാൻ സാധിച്ചു..

ഇത്രയും ഒക്കെ ആയപ്പോൾ കുറച്ചു ധൈര്യം കിട്ടി.. ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു.. അതോടെ ഒരു സ്റ്റാർട്ടപ്പ് കമ്പനി ആക്കി ഇതിനെ മാറ്റണം എന്ന് ആഗ്രഹം ആയി.. കൂടെ makeyourcards ഉം തിരിച്ചു കൊണ്ടുവരണം.. അതും നല്ല ഒരു സ്റ്റാർട്ടപ്പ് ആശയം ആയിരുന്നു എന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്..

മൊബൈൽ ആപ്പുകളും വെബ് അപ്ലിക്കേഷൻ മുതലായവ സർവീസ് ആയി ചെയ്തു കൊടുത്തു കൊണ്ട് സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ഉള്ള ശ്രമത്തിലാണ്..

ചിലപ്പോൾ പരാജയങ്ങൾ ഉണ്ടാവുന്നത് നമ്മളെ കൂടുതൽ വളർത്തുവാൻ ആണെന്ന് ഇപ്പോൾ തോന്നുന്നു..