colgate; ഇന്ത്യയിൽ പ്രമുഖ ടൂത്ത് പേസ്റ്റ് ബ്രാൻഡായ കോൾഗേറ്റിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞതായി റിപ്പോർട്ട്. രാജ്യത്തെ ടൂത്ത് പേസ്റ്റ് വിപണിയുടെ പകുതിയോളം നിയന്ത്രിക്കുന്ന കോൾഗേറ്റിനാണ് തിരിച്ചടിയായത്. വിൽപ്പന ഇടിവിനെക്കുറിച്ച് കമ്പനി മുന്നോട്ട് വെക്കുന്ന വിശദീകരണം ഏറെ വിചിത്രമാണ് – ഇന്ത്യക്കാർ പല്ലു തേക്കാൻ ടൂത്ത് പേസ്റ്റ് വാങ്ങുന്നില്ലെന്നാണ് കോൾഗേറ്റ് പറയുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ വരുമാനത്തിൽ 6.3 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് കോൾഗേറ്റിന് വിൽപ്പനയിൽ ഇടിവ് സംഭവിക്കുന്നത്. നഗരങ്ങളിലാണ് വിൽപ്പന ഇടിവ് കൂടുതലായി ബാധിച്ചത്. നിലവിലെ സാഹചര്യത്തിൽ സമീപകാലത്തൊന്നും വിപണി തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് ആഗോള ചീഫ് എക്സിക്യൂട്ടീവ് നോയൽ വലയ്സ് അഭിപ്രായപ്പെട്ടു. മുൻപും ഇന്ത്യയിലെ ഉപഭോക്താക്കൾ കുറഞ്ഞ അളവിൽ മാത്രമേ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നുള്ളൂവെന്ന് കോൾഗേറ്റ് പരാതിപ്പെട്ടിരുന്നു. ദന്ത സംരക്ഷണ ഉത്പന്നങ്ങളുടെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിട്ടും ഈ പാദത്തിൽ വിൽപ്പന വർധിക്കാത്തത് കമ്പനിയെ കൂടുതൽ ആശങ്കയിലാക്കുന്നുണ്ട്.

