മുംബൈ: രാജ്യത്തെ വാഹന വിപണി കടുത്ത പ്രതിസന്ധി നേരിടുകയാണ്. പ്രതിസന്ധി കണക്കിലെടുത്ത് പ്രമുഖ കമ്പനികളില്‍ നിന്ന് ആയിരക്കണക്കിന് താത്കാലിക ജീവനക്കാരെ പിരിച്ചുവിടുകയാണ്. ഉടന്‍ തന്നെ 3,000 താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ പദ്ധതിയിടുകയാണ് പ്രമുഖ വാഹന നിര്‍മ്മാണ കമ്പനിയായ മാരുതി സുസുക്കി.
വിപണി ആവശ്യകതയിലുണ്ടായ വലിയ കുറവാണ് കമ്പനിയെ ഇത്തരത്തിലൊരു നടപടിക്ക് പ്രേരിപ്പിച്ചതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും കാറുകളുടെ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ് വരുത്തിയെന്നും ഉപഭോക്താക്കളുടെ താങ്ങാനാവുന്ന വിലയെ വിലക്കയറ്റം ബാധിക്കുമെന്നും കമ്പനിയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഭാര്‍ഗവ ഓഹരി ഉടമകളോട് പറഞ്ഞു.
രാജ്യത്തിന്റെ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചു വരികയാണ്, കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (സിഎന്‍ജി), ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും ഭാര്‍ഗവ പറഞ്ഞു. സിഎന്‍ജി വാഹനങ്ങള്‍ ഈ വര്‍ഷം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ മാരുതി സുസുക്കി പദ്ധതിയിടുന്നുണ്ടെന്ന് ഭാര്‍ഗവ വ്യക്തമാക്കി.