ജനുവരി 31 മുതല്‍ രാജ്യവ്യാപകമായി രണ്ട് ദിവസത്തെ പണിമുടക്കിന് ആഹ്വാനം ചെയ്ത് ബാങ്ക് യൂണിയനുകള്‍. പണിമുടക്കുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ഉപഭോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താന്‍ കഴിയാതെ വരുന്നത്. ജനുവരി 31 വെള്ളിയാഴ്ചയും ഫൊബ്രുവരി ഒന്ന് ശനിയാഴ്ചയുമാണ്. ഈ രണ്ട് ദിനങ്ങള്‍ അവധിയാകുന്നതിനൊപ്പം ഞായര്‍ കൂടി വരുന്നതിനാലാണ് ഇടപാടുകള്‍ക്ക് മൂന്ന് ദിവസത്തെ തടസ്സം നേരിടേണ്ടി വരുന്നത് .
ജീവനക്കാരുടെ വേതന പരിഷ്‌കരണം ഉടന്‍ നടപ്പിലാക്കണം എന്ന ആവശ്യവുമായി ബന്ധപ്പെട്ടാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്ന് യൂണിയനുകള്‍ അറിയിച്ചു. അതോടൊപ്പം ബാങ്ക് ലയനം ഒഴിവാക്കുക, പെന്‍ഷന്‍ പരിഷ്‌കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നത്. ബാങ്ക് ലയനം ബാങ്കുകളുടെ സ്വകാര്യവത്കരണത്തിന്റെ മുന്നോടിയാണെന്നു ഭാരവാഹികള്‍ പറഞ്ഞു. പൊതുമേഖല ജീവനക്കാരുടെ വേതന പരിഷ്‌കരണം 2017 നവംബര്‍ മുതല്‍ മുടങ്ങി കിടക്കുകയാണെന്നും വ്യക്തമാക്കി.
ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ (എ.ഐ.ബി.ഒ.സി), ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്‍ (എ.ബി.ബി.എ), നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്സ് എന്നിവയുള്‍പ്പെടെ ഒമ്പത് ബാങ്ക് യൂണിയനുകളുടെ തലപ്പത്തുള്ള യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയനുകളാണ് (യു.എഫ്.ബി.യു) പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ജനുവരിയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ ബാങ്ക് സമരമാണിത്. ജനുവരി എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു