പ്രത്യേക നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ച് ബാങ്കുകൾ; നേടാം 8.85%വരെ പലിശ

0
13

പ്രത്യേക കാലയളവുകളിലേക്കായി കൂടുതൽ പലിശയുള്ള നിക്ഷേപ പദ്ധതികൾ അവതരിപ്പിച്ച് വിവിധ ബാങ്കുകൾ. ആർബിഎൽ ബാങ്ക്, ഫെഡറൽ ബാങ്ക്, ഐഡിബിഐ ബാങ്ക് എന്നിവയാണ് പ്രത്യേക കാലയളവിലെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. വിജയ് ഫിക്സ്ഡ് ഡെപ്പോസിറ്റ്-എന്ന പേരിലാണ് ആർബിഎൽ ബാങ്ക് പ്രത്യേക നിക്ഷേപ പദ്ധതി അവതരിപ്പിച്ചത്. രാജ്യത്തെ ധീര സൈനികരെ അനുസ്മരിച്ചുകൊണ്ടാണ് പുതിയ പദ്ധതി അവതരിപ്പിച്ചതെന്ന് ബാങ്ക് അറിയിച്ചു. ആർബിഎൽ ബാങ്ക് വിജയ് ഫിക്സ്ഡ് ഡെപ്പോസിറ്റ് പ്രകാരം 500 ദിവസത്തെ കാലയളവിലാണ് നിക്ഷേപം സ്വീകരിക്കുക. പദ്ധതി പ്രകാരം സാധാരണക്കാർക്ക് 8.10 ശതമാനം പലിശ ലഭിക്കും. മുതിർന്ന പൗരന്മാർക്ക് 8.60 ശതമാനവും സൂപ്പർ സീനിയേഴ്സിന് 8.85 ശതമാനം പലിശയും ലഭിക്കും. മൂന്നു കോടി രൂപയിൽ താഴെയുള്ള നിക്ഷേപങ്ങൾക്കാണ് ബാധകം.

ഫെഡറൽ ബാങ്കിന്റെ പുതിയ സ്ഥിര നിക്ഷേപ പദ്ധതി പ്രകാരം 400 ദിവസത്തെ നിക്ഷേപത്തിന് സാധാരണക്കാർക്ക് 7.35 ശതമാനവും മുതിർന്നവർക്ക് 7.85 ശതമാനവും പലിശ ലഭിക്കും. 777 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.40 ശതമാനവും 7.90 ശതമാനവുമാണ് പലിശ. 50 മാസത്തെ എഫ്ഡിക്കും സമാനമായ പലിശ ലഭിക്കും. ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 400 ദിവസ കാലയളവിലെ നിക്ഷേപത്തിന് സാധാരണക്കാർക്ക് 7.50 ശതമാനം പലിശയാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. മുതിർന്നവർക്ക് എട്ട് ശതമാനം പലിശ ലഭിക്കും. 777 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.55 ശതമാനവും 8.05 ശതമാനവും പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. 50 മാസത്തെ നിക്ഷേപത്തിനും സമാനമായ പലിശ ലഭിക്കും.

ഉത്സവ് എന്ന പേരിൽ 300 ദിവസത്തെ പ്രത്യേക നിക്ഷേപ പദ്ധതിയാണ് ഐഡിബിഐ ബാങ്ക് പ്രഖ്യാപിച്ചത്. സാധാരണക്കാർക്ക് 7.05 ശതമാനവും മുതിർന്നവർക്ക് 7.55 ശതമാനവും പലിശ ലഭിക്കും. 700 ദിവസത്തെ നിക്ഷേപത്തിന് യഥാക്രമം 7.20 ശതമാനവും 7.70 ശതമാനവുമാണ് പലിശ.
375 ദിവസത്തെ ഉത്സവ് നിക്ഷേപ പദ്ധതിയുടെ പലിശ 7.15 ശതമാനത്തിൽനിന്ന് 7.25 ശതമാനമായും ഉയർത്തിയിട്ടുണ്ട്. മുതിർന്നവരുടേതാകട്ടെ 7.65 ശതമാനത്തിൽനിന്ന് 7.75 ശതമാനമായും കൂട്ടി. 444 ദിവസത്തെ നിക്ഷേപ പലിശ 7.25 ശതമാനത്തിൽനിന്ന് 7.35 ശതമാനമായി. മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനത്തിൽ നിന്ന് 7.85 ശതമാനവുമായും പലിശ വർധിപ്പിച്ചു.