മരക്കഷ്ണം ഉപയോ​ഗിച്ചുള്ള കുഴൽകിണർ സ്ഥാനനിർണ്ണയം തട്ടിപ്പോ?

0
300

കഴിഞ്ഞ ദിവസം പ്രശസ്ത വ്ലോ​ഗർ ഫിറോസ് ചുട്ടിപ്പാറ പ്രസിദ്ദീകരിച്ച ഒരു വീഡിയോയിൽ കുഴൽകിണർ കുഴിക്കുവാൻ സ്ഥാനം നിശ്ചയിക്കുന്നത് ഒരു മരക്കഷ്ണം ഉപയോ​ഗിച്ചു കൊണ്ട് കാണിച്ചിരുന്നു. ഇതേ വിഷയത്തിൽ പ്രശസ്ത ശാസ്ത്ര എഴുത്തുകാരൻ സുജിത് കുമാർ വർഷങ്ങൾക്ക് മുൻപ് തന്റെ ഫേസ്ബുക്കിൽ കുറിച്ച പോസ്റ്റിന്റെ വിവരങ്ങൾ താഴെ ചേർക്കുന്നു

മനുഷ്യൻ എന്ന് തൊട്ട് കുടിവെള്ളത്തിനായി കിണർകുത്താൻ തുടങ്ങിയോ അന്നു തൊട്ടേ തന്നെ വെള്ളം കാണിച്ചു കൊടുക്കുന്ന തട്ടിപ്പുകാരും നിലനിന്നു പോന്നിരുന്നു. തട്ടിപ്പിന് വിധേയരാകുന്ന കാര്യത്തിൽ ആഗോളതലത്തിൽ തന്നെ മനുഷ്യൻ ഒറ്റക്കെട്ടാണ്. അതിന് കിണാശ്ശേരി എന്നോ ഫിലാഡെൽഫിയ എന്നോ വ്യത്യാസമില്ല. ഇപ്പോൾ ഇത് പറയാൻ കാരണമുണ്ട്. സൂര്യാ ടി വി ഒരു കൊച്ചു ശാസ്ത്രജ്ഞനെ പരിചയപ്പെടുത്തുകയുണ്ടായി. ഭൂമിക്കടിയിൽ വെള്ളമുള്ള ഇടം തിരിച്ചറിയാനുള്ള ഒരു അത്യാധുനിക യന്ത്രം കണ്ടു പിടീച്ച് ശാസ്ത്രലോകത്തെ ഞെട്ടിച്ച വയനാട് സ്വദേശിയായ പത്തൊമ്പതുകാരൻ. ഇടയ്ക്കിടെ ഇങ്ങനെ ഓരോരുത്തർ ശാസ്ത്ര ലോകത്തെയും നാസയേയും ഒക്കെ ഞെട്ടിക്കാറുള്ളതിനാൽ ഇപ്പോൾ പൊതുവേ അത്ര വലിയ ഞെട്ടലൊന്നും ഉണ്ടാകാറില്ല. ഒരു ചെറിയ പേജിൽ ഷെയർ ചെയ്യപ്പെട്ട ഈ വാർത്ത കിലോക്കണക്കിന് ലൈക്കുകളും ഷെയറുകളുമൊക്കെയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ് (പോസ്റ്റ് ആദ്യ കമന്റിൽ) . അതിലും ഒട്ടും ഞെട്ടലില്ല. എങ്കിലും ഒരു പത്തൊമ്പതുകാരനായ മലയാളി ഇങ്ങനെ ലോകത്തെ ഞെട്ടിക്കുന്നത് മറ്റൊരു മലയാളിക്ക് സഹിക്കില്ലല്ലോ. അസൂയയാണ് അസൂയ… അതുകൊണ്ട് മാത്രം ഇതിനെക്കുറിച്ച് എഴുതുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ ജർമനിയിലാണത്രേ ‘ഡൗസിംഗ്’ എന്ന പേരിലറീയപ്പെടുന്ന ഈ വെള്ളം നോക്കൽ പരിപാടി തുടങ്ങിയത്. പ്രത്യേക ആകൃതിയിലുള്ള കമ്പിക്കഷണമോ മരക്കഷണമോ പിടിച്ചുകൊണ്ട് ‘വിദഗ്ദൻ’ പറമ്പിലൂടെ ചുറ്റി നടക്കും – ഭൂമിക്കടിയിൽ വെള്ളമുള്ള സ്ഥലത്തെത്തുമ്പോൾ ഉപകരണം വിറയ്ക്കാൻ തുടങ്ങും. അവിടെ കുഴിച്ചാൽ വെള്ളം കാണും. പ്രയോഗത്തിലും ഉപയോഗിക്കുന്ന ഉപകരണത്തിലും അല്ലറ ചില്ലറ വ്യത്യാസങ്ങൾ പ്രാദേശികമായി ഉണ്ടാകാമെന്നല്ലാതെ ലോകമെമ്പാടും ഒരേ തരത്തിലാണ് ഈ പരിപാടി. സത്യത്തിൽ ഈ വെള്ളം കാണൽ വിദഗ്ദന്മാർക്ക് പ്രത്യേകിച്ച് എന്തെങ്കിലും ശക്തികളുണ്ടോ , ഇവർ ഉപയോഗിക്കുന്ന കമ്പിക്കഷണങ്ങൾക്കോ മരക്കഷങ്ങൾക്കോ എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ എന്നെല്ലാം പല പഠനങ്ങളും നടന്നിട്ടുണ്ട്. സാധാരണയായി സമതല പ്രദേശങ്ങളിൽ എവിടെ കുഴിച്ചാലും വെള്ളം കിട്ടും എന്ന സാദ്ധ്യതയെ ഇവർ വിദഗ്ദമായി ഉപയോഗപ്പെടുത്തുകയാണ്. കുഴൽ കിണർ കുത്തുന്ന മെഷീൻ വന്നതോടെ പാറക്കെട്ടുകൾ വരെ വിഷയമല്ലാതായി. പ്രത്യേകിച്ച് സ്ഥാനം കണ്ടാലും ഇല്ലെങ്കിലും വെള്ളത്തിന്റെ കാര്യത്തിൽ യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. വെള്ളത്തിന്റെ കാര്യമല്ലേ എന്തിനാ റിസ്ക് എടുക്കുന്നത് എന്നു കരുതി മിക്കവാറും എല്ലാവരും ഈ തട്ടിപ്പിന് ഇരയാകുകയും വെള്ളം കിട്ടാനുള്ള സാദ്ധ്യത 50 ശതമാനത്തിനു മുകളിലായതിനാൽ നല്ല പ്രചാരം ലഭിക്കുകയും ചെയ്യുന്നു. ചാണകത്തിൽ നിന്നും പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്നതുപോലെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും കാന്തിക ശക്തിയും എന്നു വേണ്ട പലരും ഇതിന് ‘ശാസ്തീയ നിർവചനങ്ങൾ’ വരെ ചമച്ചിട്ടുണ്ട്. എത്തിനിക് ഹെൽത് കോർട്ടീന്റെയൊക്കെ അന്താരാഷ്ട്ര പതിപ്പുകൾ ധാരാളമുള്ളതിനാൽ അത് കണ്ടും ഞെട്ടേണ്ടതില്ല.

വടിയും കമ്പും കോലുമൊക്കെ കൊണ്ടു നടക്കുമ്പോൾ ഈ കൊണ്ടു നടക്കുന്നവർ പോലുമറിയാതെ അവരുടെ കൈകളിലെ മസിലുകളിൽ ഉണ്ടാകുന്ന റിഫ്ലക്സ് ചലനങ്ങൾ ആണ് ഇതിനെ വിറപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട് – നമ്മുടെ ഓജോ ബോഡിൽ നാണയത്തെ നീക്കുന്ന പരിപാടിയുണ്ടല്ലോ അത് തന്നെ. (Ideomotor phenomenon). ഇത് എല്ലാവർക്കും ഇത് എല്ലാ സമയത്തും ഉണ്ടായിക്കോളണം എന്നില്ല. ഉണ്ടാകുന്നവർ ഇതിനെ എന്തോ‌ സിദ്ധിയായി തെറ്റിദ്ധരിക്കുന്നു. അപ്പോൾ ഇത്തരം സിദ്ധികൾ ഇല്ലാത്തവർക്കായി ഡൗസിംഗ് റോഡ് വിറപ്പിക്കുന്ന ഒരു മെഷീൻ ഉണ്ടാക്കിയാൽ എങ്ങനെ ഇരിക്കും? പല മിടുക്കന്മാരും ഡൗസിംഗ് റോഡിനെ പരിഷ്കരിച്ച് മീറ്ററുകളും മോട്ടോറുകളൂം ഇലക്ട്രോണിക് ഉപകരണങ്ങളുമൊക്കെ ചേർത്ത് പ്രത്യേകിച്ച് ‘സിദ്ധികൾ’ ഒന്നുമില്ലാത്തവരെയും വെള്ളം കാണാൻ സഹായിക്കുന്ന ‘ കമ്പ്യൂട്ടറൈസ്ഡ് ഡൗസിംഗ് റോഡുകൾ’ ഉണ്ടാക്കി വൻ വിലയ്ക്ക് വിറ്റഴിച്ചിട്ടുണ്ട്. അതിന്റെ മറ്റൊരു രൂപമാണ് നമ്മുടെ വയനാട്ടുകാരൻ പയ്യനും ഉണ്ടാക്കിയിരിക്കുന്നത്. കുറ്റം പറയരുതല്ലോ ഇക്കാര്യത്തിൽ കക്ഷി അഭിനന്ദനം അർഹിക്കുന്നു. ഇത്ര ചെറിയ പ്രായത്തിലേ ഇത്രയധികം ആൾക്കാരെ പറ്റിക്കാൻ കഴിയുക എന്നു പറഞ്ഞാൽ അത് ചെറിയ കാര്യമല്ല.

https://en.wikipedia.org/wiki/Dowsing
https://water.usgs.gov/edu/dowsing.html
https://www.livescience.com/34486-dowsing-water-witching.ht…
https://www.youtube.com/watch?v=xOsCnX-TKIY