മകന്‍ പോയതറിഞ്ഞില്ല ;കഫേ കോഫി ഡേ സ്ഥാപകന്‍ സിദ്ധാര്‍ഥയുടെ പിതാവ് അന്തരിച്ചു

0
128

ബെംഗളൂരു: മകന്റെ വിയൊഗം അറിയാതെ അച്ഛനും പിന്നാലെ. കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി. സിദ്ധാര്‍ഥയുടെ പിതാവ് ഗംഗയ്യ ഹെഗ്ഡെ(96) അന്തരിച്ചു. ഇന്ന് രാവിലെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മകന്‍ മരിച്ച് ഒരു മാസത്തിന് ശേഷമാണ് അച്ഛന്റെ മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെതുടര്‍ന്ന് ഏറെനാളായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു.

വി.ജെ. സിദ്ധാര്‍ഥയുടെ മരണവിവരം പോലും അറിയാതെയാണ്കാപ്പി വ്യവസായത്തിലെ പ്രമുഖനായിരുന്ന ഗംഗയ്യ ഹെഗ്ഡെയുടെ വിയോഗം. ജൂലായ് 29-ന് കാണാതായ വി.ജെ. സിദ്ധാര്‍ഥയുടെ മൃതദേഹം ജൂലായ് 31-ന് കണ്ടെടുത്തെങ്കിലും പിതാവ് അബോധാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. സിദ്ധാര്‍ഥ മരിക്കുന്നതിനു രണ്ടു ദിവസം മുന്‍പു മൈസൂരിലെ ആശുപത്രിയില്‍ പിതാവിനെ സന്ദര്‍ശിച്ചിരുന്നു.

ചിക്കമംഗളൂരുവില്‍ ഏക്കറുകണക്കിന് കാപ്പിത്തോട്ടങ്ങളുടെ ഉടമയായിരുന്നു ഗംഗയ്യ ഹെഗ്ഡെ. കാപ്പിത്തോട്ടങ്ങളിലെ തൊഴിലാളികളുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അദ്ദേഹം ബിസിനസ് രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.

മൈസൂരുവിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശമായ ചിക്കമംഗളൂരുവിലേക്ക് കൊണ്ടുപോകും. വി.ജെ. സിദ്ധാര്‍ഥയെ സംസ്‌കരിച്ച ചേതനഹള്ളി എസ്റ്റേറ്റിലായിരിക്കും ഗംഗയ്യ ഹെഗ്ഡെയ്ക്കും അന്ത്യവിശ്രമം ഒരുക്കുക.