സ്വർണ്ണം സൂക്ഷിക്കുന്നവർ ജാഗ്രതൈ

0
281

കള്ളപ്പണം തടയുന്നതിന് നോട്ടുനിരോധനം നടപ്പാക്കിയത് പോലെ കൈവശം വെയക്കാനുള്ള സ്വര്‍ണ്ണത്തിന് പരിധി നിശ്ചയിക്കുന്ന പുതിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. കള്ളപ്പണത്തിനെതിരെയുള്ള അടുത്ത് വലിയ നീക്കവുമായി സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ സിഎന്‍ബിസിയാണ് പേര് വെളിപ്പെടുത്താത്ത ഉറവിടത്തെ ഉദ്ദരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിശ്ചിത പരിധിയില്‍ കൂടുതല്‍ സ്വര്‍ണം കൈവശമുളളവര്‍ അത് സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍ക്കാരിന് സമര്‍പ്പിക്കുന്ന രീതിയിലുളള നിയമം കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കുറഞ്ഞ സമയം നല്‍കി സ്വര്‍ണം വെളിപ്പെടുത്താന്‍ അനുമതി നല്‍കുകയും അതിന് ശേഷം പിടികൂടുന്നവയ്ക്ക് അമിത നികുതി ചുമത്താനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് വിവരം.

കളളപ്പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയ സ്വര്‍ണം പിടികൂടാനും, തുടര്‍ന്ന് ഇത്തരത്തില്‍ കള്ളപ്പണം സൂക്ഷിക്കുന്നത് തടയാനുമാണ് സര്‍ക്കാരിന്റെ പദ്ധതി. കള്ളപ്പണത്തിനെതിരെ രണ്ടാമത്തെ വലിയ നീക്കമായി ഇത് നടപ്പാക്കാനാണ് മോദി സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി നിയമം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

റവന്യു വകുപ്പും നികുതി വകുപ്പും സംയുക്തമായാണ് പദ്ധതി രേഖ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം സ്വകാര്യ മേഖലയിലെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ഗോള്‍ഡ് ബോര്‍ഡ് രൂപീകരിക്കുകയും ചെയ്യും.