കോഴിക്കടകളില്‍ നിന്ന് ശേഖരിക്കുന്ന വൻ മാലിന്യ കൂമ്പാരങ്ങള്‍ കരാറുകാർ കൊല്ലം ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ തള്ളുന്നത് പതിവായി. തിവരുവനന്തപുരം കോർപറേഷനില്‍ നിന്ന് വൻ തുകയ്ക്ക് കരാർ ഏറ്റെടുത്ത ശേഷമാണ് ഈ ക്രമക്കേട് നടത്തുന്നത്. കോഴിക്കടയില്‍നിന്നുള്ള ഒരു കിലോഗ്രാം മാലിന്യം സംസ്‌കരിക്കുന്നതിനു തിരുവനന്തപുരം നഗരസഭ 7 രൂപയാണു നല്‍കുന്നത്. അതായത് 3 ടണ്‍ ശേഷിയുള്ള വാഹനത്തില്‍ കയറ്റുന്ന മാലിന്യം സംസ്‌കരിക്കാന്‍ 21, 000 രൂപ ലഭിക്കും. ദിവസവും ശരാശരി 12 ടണ്‍ കോഴി മാലിന്യം നീക്കം ചെയ്യണം . ഇവയില്‍ അധികവും സംസ്‌കരിക്കാതെ വനത്തിലും ജലാശയങ്ങളിലും ഉപേക്ഷിക്കുമ്പോള്‍ കരാറുകാര്‍ക്ക് വന്‍ ലാഭം .
സംസ്‌കരണം നടത്താതെ മാലിന്യങ്ങള്‍ കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ വനപ്രദേശങ്ങളിലും ജലാശയങ്ങളിലും ഉപേക്ഷിക്കുന്നത് പതിവ് കാഴ്ചയാണ് . ഇത് തമിഴ്‌നാട്ടിലെ ചില സ്വകാര്യ സ്ഥാപനങ്ങളുടെ പതിവെന്ന് ആരോപണമുയരുന്നു. വിശാലമായ ഓയില്‍പാം എണ്ണപ്പന തോട്ടം, ആര്‍പിഎല്‍ എസ്റ്റേറ്റ് , ചണ്ണപ്പേട്ട, ആനക്കുളം , ചോഴിയക്കോട് , കുളത്തൂപ്പുഴ മേഖലകളിലെ വനം , തോടുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായി കോഴിമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നത്.
നാട്ടുകാരുടെ ജാഗ്രതയില്‍ പിടിയിലാകുന്നവര്‍ നിയമത്തിലെ പഴുതുകളില്‍ രക്ഷപ്പെടും.
മാലിന്യ സംസ്‌കരണത്തിനു സ്വന്തമായി പ്ലാന്റ് ഇല്ലാത്തവര്‍ സംസ്‌കരണ ശേഷിയുള്ള മറ്റ് പ്ലാന്റുകളില്‍ എത്തിച്ചു പരിസ്ഥിതിക്കു ദോഷം വരുത്താതെ സംസ്‌കരിക്കണമെന്ന് കരാറില്‍ വ്യവസ്ഥ ഉണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. തിരുവനന്തപുരം നഗരത്തിലെ കോഴിക്കടയില്‍നിന്നുള്ള മാലിന്യ സംസ്‌കരണത്തിനു കരാര്‍ ഏറ്റത് തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിലെ സ്വകാര്യ സ്ഥാപനമാണ്.
മാലിന്യം നിറച്ച ഇവരുടെ 2 വാഹനങ്ങള്‍ കഴിഞ്ഞ ദിവസം ഏരൂരില്‍ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചെങ്കിലും വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കെല്ലാം ജാമ്യം ലഭിച്ചു. മാലിന്യം ഓയില്‍പാം എസ്റ്റേറ്റില്‍ കുഴിച്ചിടേണ്ടി വന്നു.