തുടർച്ചയായ രണ്ടാം വർഷവും നേട്ടം തുടർന്ന് സിഡ്‌കോ; 202 കോടി വിറ്റുവരവ്, 1.41 കോടി പ്രവർത്തനലാഭം

0
21
CIDCO
CIDCO

2023 – 2024 സാമ്പത്തിക വർഷത്തിൽ 200 കോടിയിലധികം രൂപയുടെ വിറ്റുവരവുമായി ചെറുകിട വ്യവസായ വികസന കോർപറേഷൻ (സിഡ്‌കോ). സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനമാണ് സിഡ്‌കോ. കഴിഞ്ഞ സാമ്പത്തിക വർഷവും സിഡ്കോ 202 കോടിയുടെ വിറ്റുവരവും 1.41 കോടി പ്രവർത്തനലാഭവും നേടി. ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങൾ നിർമ്മിക്കുന്നതിൽ പങ്കാളിത്തമുള്ള സിഡ്കോ ചെറുകിട വ്യവസായ മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും ‌‌ഏറെ ഊർജം പകരുന്നുവെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

229 കോടിയുടെ വിറ്റുവരവും 48 ലക്ഷം പ്രവർത്തനലാഭവുമായി 2022-23 സാമ്പത്തിക വർഷത്തിലാണ് 15 വർഷത്തിനിടെ സിഡ്‌കോ ആദ്യമായി ലാഭം നേടിയത്. നിലവിലെ മാനേജ്‌മെന്റ് ചുമതലയേറ്റ ശേഷം 32 മാസത്തിനിടെ 632 കോടിയുടെ വിറ്റുവരവ് നേടി. നടപ്പു സാമ്പത്തിക വർഷം 264 കോടിയുടെ വിറ്റുവരവും 3.42 കോടി രൂപ പ്രവർത്തനലാഭവുമാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സി പി മുരളി പറഞ്ഞു.

ചന്ദ്രയാൻ മൂന്നിന് ആവശ്യമായ 1.5 കോടി രൂപ മൂല്യം വരുന്ന വിവിധ ടൂളുകളും അനുബന്ധ ഉപകരണങ്ങളും സിഡ്‌കോയുടെ ടിആർടിസി യൂണിറ്റുകൾ നിർമ്മിച്ചിരുന്നു. വിഎസ്എസ്സി, ഐഎസ്ആർഒ എന്നിവയ്ക്കായും ഉപകരണങ്ങൾ നിർമ്മിക്കുന്നു.

സിഡ്‌കോയുടെ വിവിധ എസ്‌റ്റേറ്റുകളിലായി ഒഴിഞ്ഞ് കിടന്നതും പ്രവർത്തിക്കാത്തതുമായ സ്ഥലങ്ങളും ഷെഡുകളും തിരിച്ചെടുത്ത് പുതിയ സംരംഭങ്ങൾക്ക്‌ അനുവതി നൽകാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞവർഷം മാത്രം 114 സെൻറ് സ്ഥലവും പത്തോളം ഷെഡുകളും തിരിച്ചെടുത്തു. ഇവയുടെ റീ അലോട്ട്‌മെൻറിലൂടെ അഞ്ചുകോടിയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്‌.