പണിമുടക്കി വിൻഡോസ്! ആഗോളവ്യാപകമായി ബാങ്കിംഗ്, ഐടി കമ്പനികളുടെ പ്രവർത്തനം താറുമാറായി, വ്യോമയാന സർവ്വീസുകളും അവതാളത്തിൽ

0
28

ലോകവ്യാപകമായി വിൻഡോസ് കംപ്യൂട്ടറുകളിൽ തകരാർ. പുതിയ ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റ് ഇൻസ്റ്റാൾ ചെയ്തതാണ് ലോകവ്യാപകമായി കംപ്യൂട്ടറുകളുടെ പ്രവർത്തനം തകരാറിലാവാൻ കാരണം. കമ്പ്യൂട്ടറുകൾ തനിയെ റീസ്റ്റാർട്ട് ചെയ്യുകയും, സാങ്കേതിക പ്രശ്‌നമുണ്ടെന്ന് പറയുന്ന ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് കാണിക്കുകയും ചെയ്യുന്നുവെന്ന് ലോകവ്യാപകമായി യൂസർമാർ പരാതിപ്പെടുകയാണ്. ലക്ഷക്കണക്കിന് വിൻഡോസ് യൂസർമാരെ ഈ പ്രശ്‌നം വലയ്‌ക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിലും വിൻഡോസ് ഉപഭോക്താക്കൾ സങ്കീർണമായ പ്രശ്‌നം നേരിടുന്നതായി സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കാം. മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൻ്റെ സാങ്കേതിക പ്രശ്‌നം ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളെയും വ്യോമയാന സർവ്വീസുകളെയും സാരമായി ബാധിച്ചിട്ടുണ്ട്. ആകാശ എയർ, ഇൻഡിഗോ അടക്കം ഇന്ത്യൻ കമ്പനികളും പ്രതിസന്ധിയിലാണ്. വിമാന കമ്പനികളുടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ്, ചെക്ക്-ഇൻ, ബോർഡിംഗ് പാസ് ആക്സസ് ഉൾപ്പടെയുള്ള സേവനങ്ങൾ അവതാളത്തിലായി. ബ്രിട്ടനിലെ സ്കൈ ന്യൂസ് ടിവി ചാനലിന് ഈ സാങ്കേതിക പ്രശ്നം മൂലം പ്രക്ഷേപണം നിർത്തേണ്ടി വന്നു.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈബർ സുരക്ഷാ സ്ഥാപനമാണ് ക്രൗഡ് സ്‌ട്രൈക്ക്. വാണിജ്യ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിൽ സുരക്ഷാ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള ക്രൗഡ് സ്‌ട്രൈക്കിന്റെ ഫാൽക്കൺ സെൻസർ ഇൻസ്റ്റാൾ ചെയ്ത കംപ്യൂട്ടറുകളാണ് തകരാറിലായത്. തകരാറിലായ കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബിഎസ്ഒഡി) എറർ മുന്നറിയിപ്പാണ് കാണുന്നത്. തുടർന്ന് കംപ്യൂട്ടർ ഷട്ട് ഡൗൺ ആയി റീസ്റ്റാർട്ട് ചെയ്യപ്പെടുന്നു. ബ്ലാക്ക് സ്‌ക്രീൻ എറർ, സ്റ്റോപ്പ് കോഡ് എറർ എന്നെല്ലാം ഇത് അറിയപ്പെടുന്നുണ്ട്. ഫാൽക്കൺ സെൻസറിന്റേതാണ് പ്രശ്‌നമെന്ന് ക്രൗഡ് സ്‌ട്രൈക്ക് കണ്ടെത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.